നീണ്ട 34 വര്‍ഷത്തെ പരിശ്രമത്തിന് ശേഷമാണ് വിഴിഞ്ഞം തുറമുഖം നിര്‍മാണം പൂര്‍ത്തിയായി കമ്മീഷനിംഗ് നടത്താനായത്. കേരളത്തിന്റെ വികസന ഭൂപടത്തില്‍ നിര്‍ണ്ണായക സാന്നിധ്യമായി മാറുമെന്നതു കൊണ്ട വിഴിഞ്ഞത്തിന്റെ പിതൃത്വത്തെ ചൊല്ലി വലിയ വാക്‌പോര് ഉദ്ഘാടനത്തോട് അനുബന്ധിച്ചുണ്ടാവുകയും പദ്ധതി തുടങ്ങിവെച്ചത് ആരാണെന്നതിനെ ചൊല്ലി കേരളത്തിലെ രണ്ട് മുന്നണികളും കൊമ്പുകോര്‍ക്കുകയും ചെയ്തു. കേരളത്തിലെ മാറി മാറി വന്ന ഇടതുപക്ഷ-ഐക്യമുന്നണി സര്‍ക്കാരുകള്‍ക്ക് വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായതില്‍ വ്യക്തമായ പങ്കുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അതിനെ നിഷേധിക്കാന്‍ കഴിയാത്തതുകൊണ്ട് മറ്റു ചില വിഷയങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ നീക്കം. തുറമുഖത്തിന്റെ ക്രെഡിറ്റ് പിടിക്കാന്‍ വളരെ വ്യത്യസ്തമായ നീക്കങ്ങളാണ് അവര്‍ നടത്തിയത്. പുതിയ സംസ്ഥാന അധ്യക്ഷനടക്കം എല്ലാവരും അതിനായി പുതിയ തന്ത്രങ്ങള്‍ പുറത്തെടുത്തു.
ഫ്‌ളക്‌സ് യുദ്ധം, പരസ്യം
വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നത് പ്രധാനമന്ത്രിയായതുകൊണ്ടു തന്നെ സംസ്ഥാനത്തെ ബിജെപി അതിനെ രാഷ്ട്രീയമായി മുതലാക്കാനുള്ള നീക്കങ്ങള്‍ നേരത്തേ ആലോചിച്ചിരുന്നു. മെയ് 2ന് ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും അവര്‍ വ്യാപകമായി സ്ഥാപിച്ചു. ബിജെപി സര്‍ക്കാരിന്റെ പദ്ധതിയാണ് വിഴിഞ്ഞം എന്ന് തോന്നിപ്പോകുന്ന തരത്തിലായിരുന്നു തിരുവനന്തപുരത്ത് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ എഴുതിയ വാചകങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടതുകൊണ്ടുതന്നെ ബിജെപി പ്രചാരണത്തിന് പരമാവധി റീച്ച് കിട്ടി. തുറമുഖം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം മാധ്യമങ്ങള്‍ക്ക് കൊടുത്ത പരസ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
അതിഥിയായി രാജീവ് ചന്ദ്രശേഖര്‍
തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍ ആരൊക്കെ വേദിയില്‍ ഉണ്ടാവണമെന്ന പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു. അതില്‍ ഇല്ലാതിരുന്ന ഒരാളുടെ പേര് അവസാന നിമിഷം ഉയര്‍ന്നു വന്നതാണ് മറ്റൊരു തന്ത്രം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആയിരുന്നു ആ അതിഥി. സംസ്ഥാന സര്‍ക്കാര്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശനെ ക്ഷണിക്കാന്‍ വൈകിയതും ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് സതീശന്‍ പ്രഖ്യാപിച്ചതുമെല്ലാം ഒരു ട്രാക്കില്‍ നടക്കുന്നതിനിടെ വേറൊരു ട്രാക്കില്‍ ജനപ്രതിനിധി പോലുമല്ലാത്ത ബിജെപി അധ്യക്ഷനെ ചടങ്ങില്‍ തിരുകിക്കയറ്റാനുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ അറിവില്ലാതെ നടക്കുന്നുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസാണ് രാജീവ് ചന്ദ്രശേഖറിനെ വേദിയിലെത്തിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഗവര്‍ണറും മെട്രോ ട്രെയിനില്‍ സഞ്ചരിച്ചപ്പോള്‍ അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനും ഒപ്പമുണ്ടായിരുന്നു. മറ്റു മന്ത്രിമാര്‍ ആരുമില്ലാതിരുന്ന യാത്രയില്‍ കുമ്മനത്തെ കൂട്ടിയ സംഭവവുമായി ബന്ധപ്പെട്ട് കുമ്മനടി എന്ന വാക്ക് പോലും സോഷ്യല്‍ മീഡിയ സൃഷ്ടിച്ചു. അതിന് സമാനമായ ഒന്നാണ് തിരുവനന്തപുരത്തും സംഭവിച്ചത്.
ഉദ്ഘാടന തലേന്ന് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ബിജെപി പ്രതിനിധികള്‍ രാജീവ് ചന്ദ്രശേഖറിന് ക്ഷണം കിട്ടിയിട്ടുണ്ടെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. രാവിലെ ഉദ്ഘാടന ചടങ്ങ് തുടങ്ങുന്നതിന് ഏറെ മുന്‍പ് തന്നെ രാജീവ് ചന്ദ്രശേഖര്‍ വേദിയില്‍ കയറി ഇരിപ്പ് തുടങ്ങി. സദസ്സിലുണ്ടായിരുന്ന അണികള്‍ക്ക് മുദ്രാവാക്യം വിളിച്ചുകൊടുത്തുകൊണ്ട് മാധ്യമ ശ്രദ്ധ പിടിക്കാനും അദ്ദേഹം ശ്രമിച്ചു. എന്നാല്‍ മാധ്യമങ്ങളില്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പ്രതികരണമായിരുന്നു പ്രധാനമായും ചര്‍ച്ചയായത്. ബിജെപി അധ്യക്ഷന്‍ ചെയ്യുന്നത് അല്‍പ്പത്തരമാണെന്ന് റിയാസ് പറഞ്ഞു. ഞങ്ങള്‍ സദസിലുണ്ട്, രാജീവ് ചന്ദ്രശേഖര്‍ വേദിയിലുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല എന്നിവര്‍ക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചുകൊണ്ട് റിയാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് വേദിയില്‍ ഇരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടുള്ള പരിഹാസ പോസ്റ്റുകളായിരുന്നു ഇതിന് മറുപടിയായി ബിജെപി പ്രൊഫൈലുകളില്‍ നിറഞ്ഞത്.
പ്രധാനമന്ത്രിയുടെ പ്രസംഗം
വിഴിഞ്ഞം കേന്ദ്ര ഉല്‍പന്നമെന്ന നിലയ്ക്കായിരുന്നു പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. അദാനിയെ പ്രകീര്‍ത്തിക്കാന്‍ പ്രസംഗത്തില്‍ ഇടം കണ്ടെത്തിയ മോദി ഇതിനിടയില്‍ ഇന്ത്യാ മുന്നണിയെ പരിഹസിക്കാനും ഒരു ശ്രമം നടത്തി. ഇന്ത്യാ സഖ്യത്തിന്റെ പ്രധാനപ്പെട്ട തൂണുകളില്‍ ഒന്നായ മുഖ്യമന്ത്രിയോട് ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുകയാണ്, ഇവിടെ ശശി തരൂരും ഇരിക്കുന്നുണ്ട്, ഇന്നത്തെ ഈ ഇവന്റ് പലരുടെയും ഉറക്കം ഇല്ലാതാക്കും എന്നാണ് മോദി പറഞ്ഞത്. എന്തായാലും പ്രസംഗത്തിന്റെ പരിഭാഷ നിര്‍വഹിച്ചയാള്‍ ഈ പരാമര്‍ശം പരിഭാഷപ്പെടുത്തിയില്ല. തുറമുഖ വകുപ്പ് മന്ത്രി വി.എന്‍.വാസവന്റെ പ്രസംഗത്തില്‍ പറഞ്ഞ ചില കാര്യങ്ങളും മോദി തന്റെ പ്രസംഗത്തില്‍ ആയുധമാക്കി. സര്‍ക്കാരിന്റെ പാര്‍ട്‌നറാണ് അദാനി എന്ന് മന്ത്രി പറഞ്ഞുവെന്നാണ് മോദി പരിഹസിച്ചത്. ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിലെ മന്ത്രി പറയുകയാണ് സ്വകാര്യ മേഖല സര്‍ക്കാരിന്റെ പാര്‍ട്‌നറാണെന്ന്. ഇതാണ് മാറിയ ഭാരതമെന്നും മോദി കൂട്ടിച്ചേര്‍ത്തു. പരിഭാഷ ഉചിതമായില്ലെന്ന പരാതിയുമായി ബിജെപി നേതാവ് എസ്.സുരേഷ് രംഗത്തെത്തിയിരുന്നു.
പരിപാടിയിലെ മൂന്നു പ്രസംഗങ്ങളില്‍ രണ്ടാമത്തേത് മുഖ്യമന്ത്രിയുടേതായിരുന്നു. പ്രധാനമന്ത്രിയെ വേദിയില്‍ ഇരുത്തിക്കൊണ്ട് വിഴിഞ്ഞത്തിന് ചെലവായ തുകയുടെ കണക്ക് മുഖ്യമന്ത്രി വായിച്ചു. അതില്‍ സംസ്ഥാന സര്‍ക്കാരും അദാനി പോര്‍ട്ട്‌സും കേന്ദ്രസര്‍ക്കാരും ചെലവഴിച്ച തുകകള്‍ വ്യക്തമായി പറഞ്ഞിരുന്നു. 8686 കോടി രൂപ ആകെ ചെലവായതില്‍ 5370.86 കോടി രൂപ സംസ്ഥാനവും 2497 കോടി അദാനി പോര്‍ട്ട്‌സും 818 കോടി കേന്ദ്രസര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ടായി നല്‍കിയതുമാണ്. വയബിലിറ്റി ഗ്യാപ് ഫണ്ടായി നല്‍കിയ തുകയിലായിരുന്നു ബിജെപി പ്രചാരണം പൊടിപൊടിച്ചത്. പക്ഷേ ആ തുക സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പുറത്തു വന്നത് ബിജെപി അവകാശവാദത്തെയാകെ ഇല്ലാതാക്കുന്ന വിധത്തിലാണ്. മൊത്തം തുകയുടെ പത്ത് ശതമാനം വയബിലിറ്റി ഗ്യാപ് ഫണ്ടായി നല്‍കുമെന്നായിരുന്നു കേന്ദ്ര വാഗ്ദാനമെങ്കിലും 817.80 കോടി രൂപയാണ് അനുവദിച്ചത്. 9 ശതമാനം മാത്രം. ഈ തുക നെറ്റ് പ്രസന്റ് മൂല്യം അടിസ്ഥാനമാക്കി തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ. ഇതില്‍ ഇളവ് വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല.
രാജ്യത്തൊട്ടാകെ 71 പദ്ധതികള്‍ക്ക് കേന്ദ്രം വയബിലിറ്റി ഗ്യാപ് ഫണ്ട് നല്‍കിയിട്ടുണ്ട്, കൊച്ചി മെട്രോയില്‍ അടക്കം. ആദ്യമായാണ് ഒരു പദ്ധതിക്ക് നല്‍കിയ വിജിഎഫ് തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം വ്യവസ്ഥ വെക്കുന്നത്. എ.കെ.ആന്റണി സര്‍ക്കാരും വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരും വിഴിഞ്ഞത്തിന് വേണ്ടി നടത്തിയ ശ്രമങ്ങള്‍ക്ക് അന്നത്തെ യുപിഎ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതാണ് പദ്ധതിക്ക് ആദ്യ ഘട്ടത്തില്‍ തിരിച്ചടിയായത്. മോദി സര്‍ക്കാര്‍ അത്തരത്തില്‍ വഴിമുടക്കിയില്ലെങ്കിലും ബിജെപി വിഴിഞ്ഞത്തില്‍ അവകാശവാദമുന്നയിക്കുന്നതില്‍ കാര്യമെന്തെങ്കിലും ഉണ്ടോ എന്ന ചോദ്യം ഉത്തരം കിട്ടാതെ ബാക്കിയാണ്.