Opinion

ആർഎസ്എസിന്റെ വൈറ്റ് റൂം ടോർച്ചറിന് വിധേയമാവുകയാണോ ഗവർണർ?

ഇപ്പോഴും ഭരണഘടനയും സുപ്രിംകോടതിയുമൊക്കെ രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നു വിനയത്തോടെ ആരിഫ് മുഹമ്മദ് ഖാനെ ഓർമ്മിപ്പിക്കുന്നു.

ഡോ.തോമസ് ഐസക് എഴുതിയത്

റോഷാക് സിനിമ ഇറങ്ങിയതോടെ വൈറ്റ് റൂം ടോർച്ചറിംഗിനെക്കുറിച്ചാണ് എങ്ങും സംസാരം. ഗവർണറുടെ പുതിയ ഭീഷണി കേട്ടതോടെ, രാജ്ഭവനിൽ അദ്ദേഹം ആർഎസ്എസിന്റെ വൈറ്റ് റൂം ടോർച്ചറിന് വിധേയമാവുകയാണോ എന്നാണ് എന്റെ സംശയം. മന്ത്രിയെ പുറത്താക്കാനൊക്കെ തനിക്ക് അധികാരമുണ്ടെന്ന് ഏതായാലും സുബോധമുള്ള ഒരു ഗവർണറും ഭീഷണി മുഴക്കില്ല.

പ്രീതി പിൻവലിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. ആർഎസ്എസ് മേധാവിയുടെ പ്രീതി നഷ്ടപ്പെട്ടാൽ ഗവർണറുടെ ജോലി തെറിക്കുമായിരിക്കും. ആ ഭീതി ആരിഫ് മുഹമ്മദ് ഖാനെ അലട്ടുന്നുണ്ടാകും. പക്ഷേ, അതുപോലെ ഗവർണർക്കു തെറിപ്പിക്കാൻ കഴിയുന്ന പദവിയല്ല മന്ത്രിസ്ഥാനം. ജനാധിപത്യസംവിധാനത്തിൽ താങ്കളുടെ പ്രീതിയ്ക്ക് ഒരു സ്ഥാനവുമില്ലെന്ന് വിനയത്തോടെ അദ്ദേഹത്തെ ഓർമ്മിപ്പിക്കട്ടെ.

പ്രീതിയും തിരുവുള്ളക്കേടുമൊക്കെ രാജവാഴ്ചയുടെ ബാക്കി പത്രങ്ങളാണ്. തിരുവുള്ളക്കേടുണ്ടായാൽ ജോലിയിലും പദവിയിലും നിന്നു പുറത്താക്കാൻ ബ്രിട്ടീഷ് രാജാവിന് അധികാരമുണ്ടായിരുന്നു. അതാണ് പ്രീതി പ്രമാണം (doctrine of pleasure).

ബ്രിട്ടണിൽ രാജാവ് സേവകനെ പുറത്താക്കിയാൽ ചോദ്യം ചെയ്യാനോ കോടതിയിൽ പോകാനോ നഷ്ടപരിഹാരത്തിനോ വകുപ്പില്ല. പക്ഷേ, ഈ സങ്കൽപം നമ്മുടെ ഭരണഘടനയിൽ ബ്രിട്ടണെ അതേപോലെ പകർത്തി വെയ്ക്കുകയല്ല ചെയ്തത്.

ഇവിടെ പ്രസിഡന്റിന്റിനും ഗവർണർക്കും തിരുവുള്ളക്കേടുണ്ടായാൽ ആരെയും പുറത്താക്കാനാവില്ല. എന്തു തീരുമാനമെടുക്കുന്നതും മന്ത്രിസഭയുടെ നിർദ്ദേശമനുസരിച്ചു വേണം.അക്കാര്യം ഭരണഘടന നിഷ്കർഷിച്ചിട്ടുണ്ട്. അങ്ങനെയേ ചെയ്യാവൂ എന്ന് ഏറ്റവുമൊടുവിൽ ബി പി സിംഗാള്‍ കേസിൽ സുപ്രിംകോടതി അടിവരയിട്ട് ഉറപ്പിച്ചിട്ടുമുണ്ട്.

ഇപ്പോഴും ഭരണഘടനയും സുപ്രിംകോടതിയുമൊക്കെ രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നു വിനയത്തോടെ ആരിഫ് മുഹമ്മദ് ഖാനെ ഓർമ്മിപ്പിക്കുന്നു.

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

SCROLL FOR NEXT