Opinion

ശ്രീനാരായണ ഗുരുവിന്റെ സാഹോദര്യവും വെള്ളാപ്പള്ളിയുടെ വിദ്വേഷവും

കേരളത്തെ മനുഷ്യവാസ യോഗ്യമാക്കി മാറ്റിയതില്‍ ഗുരുവിന്റെയും ഇതര നവോത്ഥാന നായകരുടെയും പങ്ക് വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സവര്‍ണ ഹിന്ദുത്വ അധിനിവേശത്തില്‍ നിന്ന് കേരളത്തെ തടഞ്ഞുനിര്‍ത്തിയതില്‍ പ്രധാന പങ്ക് വഹിച്ചത് ശ്രീനാരായണ ഗുരുവിന്റെ 'എല്ലാവരും ആത്മ സഹോദരരല്ലോ' എന്ന സാഹോദര്യ ചിന്തയും ജാതിഭേദ, മതദ്വേഷമില്ലാതെ സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമെന്ന ദേശഭാവനയുമായിരുന്നു. ഒരു ജാതി, മതം, ഒരു ദൈവം മനുഷ്യന് എന്ന സങ്കല്‍പ്പവും ഉദാത്തമായ സര്‍വ മത സാഹോദര്യ സങ്കല്‍പ്പമായിരുന്നു. 'പുണര്‍ന്ന് പെറുമെല്ലാമൊരിനമാം' എന്ന വരികള്‍ ജാതിഭേദത്തെ മാത്രമല്ല എല്ലാത്തരം ഭേദചിന്തകളെയും അപ്രസക്തമാക്കുന്നു.

ടി കെ മാധവനും സഹോദരന്‍ അയ്യപ്പനും ആനന്ദതീര്‍ത്ഥനും സി കൃഷ്ണനും അടക്കമുള്ള ശിഷ്യര്‍ ഈ ചിന്തകളെ പല തരത്തില്‍ വികസിപ്പിക്കുകയും ജാതിരഹിതവും സാമൂഹിക നീതിയില്‍ അധിഷ്ഠിതവുമായ ഒരു സമൂഹത്തിനായുള്ള സമരത്തില്‍ ഉള്‍ച്ചേര്‍ക്കുകയായിരുന്നു. സാമൂഹികമായ അപരത്വത്തെ കുടഞ്ഞു കളയുന്നതായിരുന്നു ഗുരുവിന്റെയും സഹോദരന്‍ ഉള്‍പ്പെടെയുള്ള ശിഷ്യരുടെയും വാക്കുകളും പ്രവൃത്തിയും. ഗുരുവിന്റെ സാന്നിധ്യത്തില്‍ 1924ല്‍ ആലുവയില്‍ നടന്നത് ഹിന്ദു സമ്മേളനമായിരുന്നില്ല, സര്‍വ്വമത സമ്മേളനമായിരുന്നു. എല്ലാ മതങ്ങളില്‍ നിന്നുമുള്ള പണ്ഡിതര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. എല്ലാ മതസാരവുമേകമാം എന്ന സന്ദേശമാണ് അതിലൂടെ ഗുരു ലോകത്തിന് നല്‍കിയത്. അയ്യപ്പനാകട്ടെ ജാതി, മത ഭേദ ചിന്തകളെ ഇല്ലാതാക്കാന്‍ സഹോദര സംഘം എന്ന പ്രസ്ഥാനം തന്നെ സ്ഥാപിച്ചു.

ഗുരുചിന്തയില്‍ നിന്ന് പലതരം അപഭ്രംശങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു പിന്നാക്ക സമുദായ പ്രസ്ഥാനമെന്ന നിലയില്‍ എസ്എന്‍ഡിപി യോഗവും ബ്രാഹ്‌മണ്യ ഹിന്ദുത്വത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സവര്‍ണ ജാതി മേധാവിത്വത്തെയും വിവേചനങ്ങളെയും വിദ്വേഷത്തെയും തടഞ്ഞുനിര്‍ത്തുവാന്‍ ശ്രമിച്ചതിനൊപ്പം ഇതര സമുദായങ്ങളെ ചേര്‍ത്ത് നിര്‍ത്തുവാനും ശ്രമിച്ചു. സംവരണത്തെ ഇല്ലാതാക്കാന്‍ വലതുപക്ഷവും ഇടതുപക്ഷവും പല തരത്തില്‍ ശ്രമിച്ചപ്പോള്‍ ദലിത് - പിന്നാക്ക- ന്യൂനപക്ഷ ഐക്യത്തിലൂടെയും സംവരണ സമുദായ മുന്നണിയിലൂടെയും അതിനെ നേരിട്ടു. അതോടൊപ്പം സാമുദായിക അവകാശങ്ങള്‍ക്ക് വേണ്ടി സമരങ്ങള്‍ നടത്തുമ്പോഴും മത - സമുദായ സൗഹാര്‍ദ്ദത്തില്‍ വിള്ളല്‍ വീഴ്ത്താതിരിക്കാന്‍ പരമാവധി ശ്രമിച്ചു. നേതൃത്വതലത്തില്‍ മാത്രമായിരുന്നില്ല, എസ്എന്‍ഡിപി ശാഖകളിലെ സമ്മേളനങ്ങളും ഉത്സവങ്ങളും അവിടെ അരങ്ങേറിയിരുന്ന നാടകങ്ങളും കഥാപ്രസംഗങ്ങളും അടക്കമുള്ള കലാപരിപാടികളുമെല്ലാം വ്യത്യസ്ത സമുദായങ്ങളുടെ പങ്കാളിത്തമുള്ള സൗഹാര്‍ദ്ദത്തിന്റെ ആഘോഷങ്ങളായിരുന്നു.

1950ല്‍ മന്നത്ത് പത്മനാഭനുമായി കൈകോര്‍ത്ത ആര്‍.ശങ്കറിന്റെ ഹിന്ദു മഹാ മണ്ഡലം മാത്രമായിരുന്നു ഇതിന് ഒരു അപവാദം. ആര്‍എസ്എസിന്റെയും സവര്‍ക്കറുടെയും ഹിന്ദുത്വ അജണ്ടയെ മറികടക്കാന്‍ ഏറെ വൈകാതെ എസ്എന്‍ഡിപിക്ക് കഴിഞ്ഞു. 1990കള്‍ വരെ എം.കെ.രാഘവനും ഡോ. കെ.കെ.രാഹുലനും ഉള്‍പ്പെടെയുള്ളവര്‍ മതേതരത്വത്തെയും സാഹോദര്യത്തെയുമാണ് ഉയര്‍ത്തിപ്പിടിച്ചത്. മുസ്ലിങ്ങളും ദലിതരും ആദിവാസികളും ധീവരരും ലത്തീന്‍ കത്തോലിക്കരും വിശ്വകര്‍മ്മജരും എല്ലാം ഉള്‍ക്കൊള്ളുന്ന സാമൂഹിക നീതി പ്രസ്ഥാനമായി സംവരണ സമുദായ മുന്നണിയെ നിലനിര്‍ത്തി. ഒരുപക്ഷെ അവസാന ഘട്ടത്തില്‍ ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞില്ലായിരുന്നെങ്കില്‍ എം കെ രാഘവനും അബ്ദുല്‍ നാസര്‍ മഅദനിയും ചേര്‍ന്ന് നയിക്കുന്ന പ്രസ്ഥാനമായി പിഡിപി സ്ഥാപിക്കപ്പെടുമായിരുന്നു. അത്രയും സൗഹാര്‍ദ്ദപരമായ ബന്ധമാണ് കേരളത്തില്‍ ഈഴവരും മുസ്ലിങ്ങളും ഇതര സംവരണ വിഭാഗങ്ങളും തമ്മിലുണ്ടായിരുന്നത്.

എന്നാല്‍ മുപ്പത് വര്‍ഷം മുമ്പ് വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗ നേതൃത്വം ഏറ്റെടുത്തതിന് ശേഷമാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. ആദ്യഘട്ടങ്ങളില്‍ സംവരണ സമുദായ മുന്നണിയെന്ന ദലിത് - പിന്നാക്ക- ന്യൂനപക്ഷ ഐക്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഹിന്ദുത്വവാദികളുടെ കെണിയില്‍ വെള്ളാപ്പള്ളി വീഴുകയായിരുന്നു. അവരുടെ താല്‍പര്യത്തില്‍ വെള്ളാപ്പള്ളി ആദ്യം ചെയ്തത് സംവരണ സമുദായ മുന്നണിയെ തന്നെ ഇല്ലാതാക്കുകയായിരുന്നു. കാരണം ദലിത്- പിന്നാക്ക- ന്യൂനപക്ഷ ഐക്യത്തെ തകര്‍ത്താല്‍ മാത്രമേ കേരളത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് ചുവടുറപ്പിക്കാന്‍ കഴിയൂ. ഇതിനായി മുസ്ലിം വിരുദ്ധത തന്നെയാണ് വെള്ളാപ്പള്ളി പല രൂപത്തില്‍ പുറത്തെടുത്തത്.

തുടര്‍ന്നുള്ള കാലത്ത് വര്‍ഗീയ വിഷം വമിപ്പിക്കുന്ന നിരവധി പ്രസംഗങ്ങളും വാര്‍ത്ത സമ്മേളനങ്ങളുമാണ് നടത്തിയത്. കോഴിക്കോട് മാന്‍ഹോളില്‍ വീണ് മരിച്ച നൗഷാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയതിനെപ്പോലും ഹീനമായ വര്‍ഗീയ ഭാഷ ഉപയോഗിച്ചാണ് വെള്ളാപ്പള്ളി അധിക്ഷേപിച്ചത്. ലവ് ജിഹാദ് എന്ന കള്ളക്കഥ പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നിന്നത് മറ്റാരുമായിരുന്നില്ല. ബാബറി മസ്ജിദ് തകര്‍ക്കാന്‍ ഹിന്ദുത്വവാദികള്‍ ശിലായാത്രയും രഥയാത്രയും നടത്തിയപ്പോള്‍ അതിനെ പരസ്യമായി തള്ളിപ്പറഞ്ഞത് എസ്എന്‍ഡിപി യോഗവും എം കെ രാഘവന്‍ അടക്കമുള്ള നേതാക്കളുമായിരുന്നു. 'രാമന്‍ ഞങ്ങളുടെ ദൈവമല്ല' എന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ് എം കെ രാഘവന്‍ സംഘപരിവാറിനെ തള്ളിപ്പറഞ്ഞത്. പക്ഷെ ആ മതേതര പാരമ്പര്യത്തെ പൂര്‍ണമായി തള്ളിപ്പറഞ്ഞ് മസ്ജിദ് തകര്‍ത്തവരുമായി കൂട്ടുചേരുകയാണ് വെള്ളാപ്പള്ളി ചെയ്തത്. എന്‍എസ്എസുമായി ചേര്‍ന്ന് നായരീഴവ ഐക്യമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും വൈകാതെ തകര്‍ന്നു. പിന്നീട് നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവര്‍ ഒന്നിക്കണമെന്നായി വാദം. ബിജെപിയിലേക്ക് ഈഴവരെയും ദലിതരെയും റിക്രൂട്ട് ചെയ്യുന്നതിന് ഇടനിലക്കാരായി ബിഡിജെഎസ് എന്ന പാര്‍ട്ടി രൂപീകരിച്ചത് നടേശന്‍ - തുഷാര്‍ വെള്ളാപ്പള്ളിമാരായിരുന്നു. അത് തകര്‍ന്നപ്പോള്‍ തുഷാര്‍ ബിജെപിയുടെ ഏജന്റായി തുടരുന്നു. നടേശനാകട്ടെ കേരളത്തില്‍ അധികാരത്തിലുള്ള സിപിഎമ്മിനെയും കേന്ദ്രത്തില്‍ ബിജെപിയെയും തരാതരം പിന്തുണച്ച് രണ്ടിടത്തും അധികാര സേവ ചെയ്യുന്നു. സമുദായ സംവരണത്തെ തന്നെ അട്ടിമറിച്ച മുന്നാക്ക സംവരണം കേരളത്തിലെ പിണറായി സര്‍ക്കാരും കേന്ദ്രത്തില്‍ മോദി സര്‍ക്കാരും നടപ്പാക്കിയപ്പോള്‍ എസ്എന്‍ഡിപി യോഗം കാര്യമായ ഒരു പ്രതിഷേധവും ഉയര്‍ത്തിയില്ല. മുന്‍ കാലങ്ങളില്‍ സംവരണ സംരക്ഷണ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന യോഗത്തിന് വന്ന പ്രകടമായ മാറ്റമായിരുന്നു അത്. വെള്ളാപ്പള്ളിയുടെ സവര്‍ണ ഹിന്ദു ആശ്രിത നേതൃത്വമാണ് ഈ മാറ്റത്തിന്റെ പ്രധാന കാരണം.

കരുത്തനായ നേതാവ് എന്ന പ്രതിഛായ സൃഷ്ടിക്കപ്പെട്ടതിനാല്‍ സമുദായത്തിനുള്ളില്‍ നിന്ന് കാര്യമായ വെല്ലുവിളികള്‍ നേരിട്ടില്ല. സമീപകാലത്ത് മാത്രമാണ് യോഗ നേതൃത്വത്തിലെ അധികാര തര്‍ക്കങ്ങളുടെ ഭാഗമായി വെള്ളാപ്പള്ളിക്കെതിരെ ഈഴവ സമുദായത്തില്‍ നിന്ന് വ്യത്യസ്തമായ കൂട്ടായ്മകള്‍ ഉയര്‍ന്നുവന്നത്. യോഗത്തിലും ട്രസ്റ്റിലും വെള്ളാപ്പള്ളിയും കുടുംബവും നടത്തുന്ന സാമ്പത്തിക തട്ടിപ്പുകളും കുടുംബാധിപത്യവും അഴിമതികളുമാണ് അവര്‍ പ്രധാനമായും ഉന്നയിക്കുന്നത്. എന്നാല്‍ വെള്ളാപ്പള്ളി സംഘപരിവാര്‍ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിലോ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നതിലോ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് കടകവിരുദ്ധമായി മത വിദ്വേഷത്തിന്റെയും സമുദായ സ്പര്‍ധയുടെയും വിഷം വമിപ്പിക്കുന്നതിലോ കാര്യമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നില്ല. ഡോ. മോഹന്‍ ഗോപാലിന്റെയും എം ആര്‍ സുദേഷിന്റെയും വി ആര്‍ ജോഷിയുടെയും മറ്റും നേതൃത്വത്തില്‍ രൂപം കൊണ്ട ശ്രീനാരായണ മാനവധര്‍മ്മവും ശ്രീനാരായണ ദര്‍ശന വേദി പോലുള്ള പ്രാദേശിക കൂട്ടായ്മകളുമാണ് ഈ വിഷയത്തെ ഗൗരവമായി ഏറ്റെടുത്തിട്ടുള്ളത്.

വെള്ളാപ്പള്ളി നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളെ ഏറ്റെടുത്ത് ആളിക്കത്തിക്കാനും തങ്ങളുടെ രാഷ്ട്രീയത്തിന് ഊര്‍ജ്ജം പകരാനും ശ്രമിക്കുന്നത് സ്വാഭാവികമായും ബിജെപിയും ഹിന്ദുത്വവാദികളുമാണ്. ഇപ്പോഴും മലപ്പുറം ചിലരുടെ പ്രത്യേക രാജ്യവും സംസ്ഥാനവുമാണെന്ന അങ്ങേയറ്റം സ്പര്‍ധയും വിഭജന ചിന്തയും സൃഷ്ടിക്കുന്ന വാക്കുകളെ പിന്തുണച്ചത് കെ സുരേന്ദ്രനും കെ പി ശശികലയുമാണ്. ഈഴവ സമുദായത്തില്‍ മുസ്ലീം വിരുദ്ധത ആളിക്കത്തിക്കാനാണ് വെള്ളാപ്പള്ളി ശ്രമിച്ചത്. അത് കുറെയെങ്കിലും വിജയിക്കുകയും ചെയ്തു. മുസ്ലിം ലീഗ് നേതാക്കളുടെ കോലം കത്തിച്ച് എസ്എന്‍ഡിപി യോഗം നിരവധി പ്രദേശങ്ങളില്‍ നടത്തിയ പ്രതിഷേധങ്ങള്‍ ഇതിന്റെ ഫലമായിരുന്നു.

ഇടതുപക്ഷത്തെ നയിക്കുന്ന സിപിഎമ്മാകട്ടെ ഒരു ഘട്ടത്തില്‍ വെള്ളാപ്പള്ളിയെ ശക്തമായി വിമര്‍ശിച്ചിരുന്നു. വി എസ് അച്ചുതാനന്ദനെ പോലുള്ള നേതാക്കള്‍ രൂക്ഷമായ ഭാഷയിലാണ് വര്‍ഗീയവാദിയായി മാറിയ നടേശനെ എതിര്‍ത്തത്. 'കൊള്ളപ്പലിശക്കാരനായ വെള്ളാപ്പള്ളിയെ ചേര്‍ത്തലയിലെത്തിയ ഷൈലോക് പോലും വണങ്ങി'യെന്നായിരുന്നു വി എസിന്റെ പരിഹാസം. പിണറായി വിജയനും വെള്ളാപ്പള്ളിയുടെ വിമര്‍ശകന്‍ തന്നെ ആയിരുന്നു. എന്നാല്‍ 2016ലെ അധികാര ലബ്ധിക്ക് ശേഷമാണ് പിണറായിക്ക് വെള്ളാപ്പള്ളി പ്രിയങ്കരനായത്, തിരിച്ചും. ശബരിമല സ്ത്രീ പ്രവേശനത്തെ വെള്ളാപ്പള്ളി എതിര്‍ത്തെങ്കിലും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നവോത്ഥാന സമിതി ഉണ്ടാക്കിയപ്പോള്‍ വെള്ളാപ്പള്ളിയെ ആണ് നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കാട്ടിയത്. പക്ഷെ വെള്ളാപ്പള്ളിക്ക് രണ്ട് യജമാനന്മാരെ ഒരുപോലെ പ്രീണിപ്പിക്കേണ്ടതിനാല്‍ മുസ്ലിം വിരുദ്ധമായ വര്‍ഗീയ വിദ്വേഷ പ്രചാരണം തുടര്‍ന്നു. വെള്ളാപ്പള്ളി വര്‍ഗീയ വിദ്വേഷവും മതസ്പര്‍ധയും സൃഷ്ടിക്കുന്നതില്‍ പ്രതിഷേധിച്ച് കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറും മുജാഹിദ് നേതാവ് ഹുസൈന്‍ മടവൂരും നവോത്ഥാന സമിതിയില്‍ നിന്ന് രാജിവച്ചു. പക്ഷെ 'എന്നെ നവോത്ഥാന സമിതി ചെയര്‍മാന്‍ ആക്കിയത് പിണറായി വിജയനാണ്, അദ്ദേഹം പറഞ്ഞാല്‍ ആ നിമിഷം ഞാന്‍ രാജി വെക്കും' എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. പിണറായി പറയാത്തതുകൊണ്ടാകും വെള്ളാപ്പള്ളി ആ സ്ഥാനത്ത് ഇപ്പോഴും തുടരുന്നു.

ഒരുവശത്ത് വെള്ളാപ്പള്ളി മുസ്ലിങ്ങള്‍ക്കെതിരായ തന്റെ വിദ്വേഷ പ്രസംഗങ്ങള്‍ തുടരുന്നു. ഒപ്പം പിണറായി സ്തുതിയും തുടരുന്നു. മൂന്നാം തവണയും പിണറായി അധികാരത്തില്‍ വരുമെന്ന് ഉറപ്പിച്ച് പറയുന്ന വെള്ളാപ്പള്ളി കേന്ദ്രത്തില്‍ നരേന്ദ്രമോദിയെ ആണ് പിന്തുണക്കുന്നത്. തിരഞ്ഞെടുപ്പുകളില്‍ രഹസ്യമായും പരസ്യമായും ബിജെപി- എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന് ജയസാധ്യതയുണ്ടെന്ന വെള്ളാപ്പള്ളിയുടെ വാക്കുകള്‍ ബിജെപി ബന്ധത്തിന്റെ തെളിവാണ്.

കഴിഞ്ഞ ദിവസം മലപ്പുറം 'ചില പ്രത്യേക വിഭാഗങ്ങളുടെ രാജ്യമോ സംസ്ഥാന'മോ ആണെന്നും അവിടെ ഈഴവര്‍ക്ക് ശ്വാസം കിട്ടുന്നില്ല എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ ഉത്ക്കണ്ഠ. പ്രതിഷേധവുമായി രംഗത്ത് വന്നത് മുസ്ലിങ്ങളേക്കാള്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളായിരുന്നു. ഗുരുവിനെ അപമാനിക്കുന്ന, മതസ്പര്‍ധ സൃഷ്ടിക്കുന്ന വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെട്ടിരുന്നു. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം പൊലീസിന് നിരവധി സംഘടനകള്‍ പരാതി നല്‍കി. പേരിന് ഒരു കേസ് പോലും എടുത്തില്ല. ഏത് വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്ന് വ്യക്തതയില്ലാത്തതിനാല്‍ കേസടുക്കാനാവില്ല എന്നായിരുന്നുവത്രെ പൊലീസിന് കിട്ടിയ നിയമോപദേശം.

വെള്ളാപ്പള്ളിക്ക് പിന്തുണയുമായി ആദ്യം എത്തിയത് സ്വാഭാവികമായും സംഘപരിവാര്‍ സംഘടനകളായിരുന്നു. കെ സുരേന്ദ്രനും കെ പി ശശികലയുമെല്ലാം വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗത്തിന് കയ്യടിച്ചു. 'വ്രതകാലത്ത് മലപ്പുറത്ത് ഒരു തുള്ളി വെള്ളം പോലും ആര്‍ക്കും കിട്ടില്ല' എന്ന് സുരേന്ദ്രന്‍ സങ്കടപ്പെട്ടു. വെള്ളാപ്പള്ളിയുടെ വാക്കുകള്‍ ഇന്ധനമാക്കി പരമാവധി വിദ്വേഷം ആളിക്കത്തിക്കാന്‍ അവര്‍ ശ്രമിച്ചു. പക്ഷെ അവര്‍ മാത്രമായിരുന്നില്ല പിന്തുണച്ചത്. 'വെള്ളാപ്പള്ളിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം' എന്നാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വാഴ്ത്തിയത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള പിണറായി വിജയനാകട്ടെ വെള്ളാപ്പള്ളി തിരുത്തണമെന്ന് മൃദുഭാഷയില്‍ ശകാരിച്ചു. പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ താന്‍ മുസ്ലിം വിരോധിയല്ലെന്നും മുസ്ലീം ലീഗുകാര്‍ തന്നെ അങ്ങനെയാക്കാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു ഐഎന്‍എല്‍ നേതാക്കളുടെ തോളില്‍ കയ്യിട്ടുകൊണ്ട് വെള്ളാപ്പള്ളി തന്റെ പ്രസംഗത്തെ ന്യായീകരിച്ചു. ലീഗ് വിരുദ്ധതയുടെ മറവില്‍ തന്റെ വിദ്വേഷ പ്രചാരണത്തെ നിസ്സാരവല്‍ക്കരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

ഇതോടെ ഏപ്രില്‍ 11ന് ചേര്‍ത്തലയില്‍ വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗം പ്രസിഡന്റായതിന്റെ 30-ാം വാര്‍ഷിക ആഘോഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പി രാജീവ്, സജി ചെറിയാന്‍, പി പ്രസാദ്, വിഎന്‍ വാസവന്‍ എന്നീ മന്ത്രിമാരും പങ്കെടുക്കുന്നതിലുള്ള 'ധാര്‍മ്മിക തടസ'ങ്ങള്‍ ഇല്ലാതായി. മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക പരിപാടി ആയാണ് വെള്ളാപ്പള്ളിയുടെ സ്വീകരണം നടത്തുന്നത് എന്നതാണ് കൗതുകകരമായ കാര്യം.

ശ്രീനാരായണ പ്രസ്ഥാനത്തെ ഉപയോഗപ്പെടുത്തി ഹിന്ദുത്വ രാഷ്ട്രീയം ശക്തിപ്പെടുത്താന്‍ വഴിയൊരുക്കുന്ന വിദ്വേഷ പ്രചാരകനായ ഒരു ജാതി നേതാവിന് സ്വീകരണമൊരുക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നത് നല്ല സന്ദേശമല്ല കേരളത്തിന് നല്‍കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തെയും ബ്രാഹ്‌മണ്യത്തെയും ആശയപരമായും പ്രായോഗികമായും പ്രതിരോധിച്ച, സാഹോദര്യത്തെയും മത മൈത്രിയെയും ജീവശ്വാസമായിക്കണ്ട നാരായണ ഗുരുവാണോ അപര വിദ്വേഷത്തിന്റെയും സ്പര്‍ധയുടെയും പ്രചാരകനായി മാറിയ വെള്ളാപ്പള്ളി നടേശനാണോ മാതൃകയാകേണ്ടത് എന്ന ചോദ്യത്തിന് ഇന്നത്തെ കേരളത്തില്‍ കാര്യമായ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് വിദ്വേഷ പ്രചാരകനായ ജാതി നേതാവിനെ പുരോഗമന നാട്യക്കാരായ സര്‍ക്കാര്‍ തന്നെ നേരിട്ട് ആദരിക്കുമ്പോള്‍.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT