News n Views

പാലിയേക്കരയില്‍ വീണ്ടും ടോള്‍ വര്‍ധന ; ചെറിയ വാഹനങ്ങള്‍ക്ക് ഒറ്റത്തവണ കടന്നുപോകാന്‍ 75 രൂപയാക്കി 

THE CUE

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ വീണ്ടും നിരക്ക് കൂട്ടി. കാര്‍ ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങള്‍ക്കുള്ള നിരക്ക് 5 രൂപ വര്‍ധിപ്പിച്ചു. ഇത്തരം വാഹനങ്ങള്‍ ഒറ്റത്തവണ കടന്നുപോകാന്‍ 75 രൂപ നല്‍കണം. നേരത്തേ ഇത് 70 രൂപയായിരുന്നു. ഇതോടെ ചെറുവാഹനങ്ങള്‍ക്ക് ഒന്നിലേറെ യാത്ര നടത്തണമെങ്കില്‍ 110 രൂപ നല്‍കണം. ഒരുമാസത്തേക്ക് ഇത് 2185 രൂപയുമാണ്.

ചെറുകിട വ്യാവസായിക വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 125 ഉം ഒന്നിലേറെ യാത്രക്ക് 190 ഉം ഒരു മാസത്തേക്ക് 3825 രൂപയും നല്‍കണം. ബസ്, ലോറി, ട്രക്ക് തുടങ്ങിയ വലിയ വാഹനങ്ങള്‍ക്ക് പത്തുരൂപ കൂട്ടി. ബഹുചക്ര വാഹനങ്ങള്‍ക്ക് 15 രൂപയുടെ വര്‍ധനവും വരുത്തി. ബസ് ലോറി ട്രക്ക് എന്നീ വാഹനങ്ങള്‍ക്ക് ഒറ്റത്തവണ 255 ഉം ഒന്നിലേറെ യാത്രക്ക് 380 ഉം പ്രതിമാസം 7650 രൂപയുമാണ് പുതിയ നിരക്ക്. ചൊവ്വാഴ്ച നിരക്കുവര്‍ധിപ്പിച്ച് ദേശീയ പാതാ അതോറിറ്റി ഉത്തരവിറക്കുകയായിരുന്നു. നിരക്ക് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം പ്രാദേശിക വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന സൗജന്യ പാസ് നിരോധിച്ചത് പിന്‍വലിച്ചിട്ടുമുമില്ല. ടോള്‍ പ്ലാസയ്ക്ക് സമീപത്ത് കഴിയുന്നവരില്‍ നിന്ന് ഇപ്പോഴും തുക ഈടാക്കുന്നത് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മണ്ണുത്തി- ഇടപ്പള്ളി 4 വരി പാതയിലാണ് ടോള്‍ പ്ലാസ. 721.17 കോടി രൂപയാണ് റോഡിന് ചെലവായത്. കരാര്‍ പ്രകാരം ടോള്‍ കാലാവധി 10 വര്‍ഷം ബാക്കിയുണ്ടെങ്കിലും ചെലവായതിന്റെ 80 ശതമാനം തുകയും നടത്തിപ്പുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പിരിഞ്ഞുകിട്ടിയതായി വിവരാവകാശ രേഖയില്‍ വ്യക്തമായിരുന്നു.

അതായത് 2028 ജൂലായ് 21 വരെയുള്ള കാലാവധി മുഴുവന്‍ പിരിച്ചാല്‍ ചെലവിന്റെ നാല് മടങ്ങ് തുക കമ്പനിക്ക് നേടാനാകും. ഈ സാഹചര്യത്തില്‍ റോഡ് എത്രയും വേഗം ദേശീയ പാതാ അതോറിറ്റി ഏറ്റെടുക്കണമെന്ന ആവശ്യം മുന്‍പേ ശക്തമാണ്. പക്ഷേ ഇതില്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നുമുണ്ടായില്ല. 2012 ഫെബ്രുവരി 9 മുതലാണ് ഇവിടെ ടോള്‍ പിരിവ് ആരംഭിച്ചത്. 2017 ഡിസംബര്‍ വരെ 644 കോടി രൂപ പിരിഞ്ഞുകിട്ടി. ഇനി 151.66 കോടി രൂപ കിട്ടിയാല്‍ ചെലവായ തുക കമ്പനിക്ക് ലഭിക്കും.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT