News n Views

പരിഗണിക്കുക ലിംഗനീതിയെന്ന മൗലികാവകാശമോ, അതോ വിശ്വാസ സംരക്ഷണമോ ? ശബരിമല യുവതീ പ്രവേശനത്തില്‍ വിധി നാളെ 

THE CUE

ശബരിമല യുവതീ പ്രവേശനത്തിലെ പുനപ്പരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി വ്യാഴാഴ്ച വിധി പറയും. രാവിലെ 10.30 നാണ് വിധി പ്രസ്താവം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് വിധി പറയുക. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനാനുമതി നല്‍കിയ സുപ്രീം കോടതി വിധിക്കെതിരെ 57 റിവ്യൂ ഹര്‍ജികളാണ് പരമോന്നത കോടതിക്ക് മുന്‍പാകെയെത്തിയത്. വിവിധ സംഘടനകളും വ്യക്തികളും റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. 2018 സെപ്റ്റംബര്‍ 28 നാണ് ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധിച്ചത്. നിര്‍ണായകമായ അയോധ്യ വിധിക്ക് പിന്നാലെ ശബരിമല വിധിയിലേക്കാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്.

10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിക്കുന്നത് ലിംഗനീതിയെന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി ചരിത്ര വിധി പ്രസ്താവിച്ചത്. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡിവൈ ചന്ദ്രചീഡ്, ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍, ജസ്റ്റിസ് എംഎം ഖാന്‍വില്‍ക്കര്‍, എന്നിവരുടെ ബഞ്ചിന്റേതായിരുന്നു വിധി. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജിച്ച് പ്രത്യേക വിധി പ്രസ്താവിക്കുകയും ചെയ്തു.വിശ്വാസങ്ങളില്‍ യുക്തിക്ക് സ്ഥാനമില്ലെന്നും അതില്‍ കോടതി ഇടപെടുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നുമായിരുന്നു ഇന്ദു മല്‍ഹോത്രയുടെ നിരീക്ഷണം.

അതേസമയം എല്ലാ വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണമെന്ന് അയോധ്യ വിധിയില്‍ രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് നീരിക്ഷിച്ചിരുന്നു. വിശ്വാസം സംരക്ഷിക്കുന്ന വിധിയാണോ അതോ തുല്യതയെന്ന മൗലികാവകാശ നിഷേധം അവസാനിപ്പിച്ച വിധി ശരിവെയ്ക്കുകയാണോ ഉണ്ടാവുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അല്ലെങ്കില്‍ ഭരണഘടനാ ബഞ്ചിന്റെ വിധി വിശാലബഞ്ചിന് പുനപ്പരിശോധനയ്ക്ക് വിടുകയാണോ ഉണ്ടാവുകയെന്നും വ്യാഴാഴ്ച അറിയാം. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ 2006 ജൂലൈ 28 നാണ് നിയമപോരാട്ടം ആരംഭിക്കുന്നത്. നേരത്തേ വിധി നടപ്പാക്കാനുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ അക്രമ കലുഷിതമായ പ്രക്ഷോഭം അഴിച്ചുവിട്ടിരുന്നു.

പിന്നാലെ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെടുകയുമായിരുന്നു. അതേസമയം വിവാദമായ റാഫേല്‍ കരാര്‍ സംബന്ധിച്ച റിവ്യൂ ഹര്‍ജിയിലും വ്യാഴാഴ്ച വിധിയുണ്ടാകും. ഫ്രാന്‍സില്‍ നിന്ന് കേന്ദ്രം 36 യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ വന്‍ അഴിമതിയുണ്ടെന്നും കരാര്‍ റദ്ദാക്കണമെന്നും കാണിച്ച് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന് കോടതി ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് വ്യക്തികളും പ്രതിപക്ഷ പാര്‍ട്ടികളും സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജികളാണ് ഭരണഘടനാ ബഞ്ച് പരിഗണിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

SCROLL FOR NEXT