പുതുവൈപ്പ് സമരം  
പുതുവൈപ്പ് സമരം   
Special Report

‘ജീവന് വേണ്ടിയാണ്‌ ’; എത്ര വര്‍ഷം നീണ്ടാലും എല്‍പിജി സംഭരണിക്കെതിരെ സമരം തുടരുമെന്ന് പുതുവൈപ്പ് നിവാസികള്‍

റെയ്ക്കാഡ് അപ്പു ജോര്‍ജ്‌

എത്ര വര്‍ഷം നീണ്ടുനിന്നാലും പുതുവൈപ്പ് ഐഒസി എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനലിനെതിരെ സമരം തുടരുമെന്ന് ജനകീയ സമരസമിതി. ജനങ്ങളെ അണിനിരത്തിക്കൊണ്ട് സമരം ശക്തമാക്കുമെന്നും ജീവന് ഭീഷണിയായ സംഭരണിയുടെ നിര്‍മ്മാണം പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്നും എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതി ചെയര്‍മാന്‍ എം ബി ജയഘോഷ് പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനായി അര്‍ധരാത്രിയിലെത്തി പൊലീസ് സ്ഥലം പിടിച്ചെടുത്തതിന് പിന്നില്‍ ഗൂഢതന്ത്രങ്ങളുണ്ട്. പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സമയത്താണ് ഇങ്ങനൊരു നീക്കം നടത്തിയിരിക്കുന്നത്. സമരത്തിന് മാധ്യമശ്രദ്ധ ലഭിക്കാതിരിക്കാന്‍ വേണ്ടിയാകാമിതെന്നും ജയഘോഷ് 'ദ ക്യു'വിനോട് പ്രതികരിച്ചു.

സൈ്വര്യ ജീവിതത്തിന് ഭീഷണിയാണ് എല്‍പിജി സംഭരണി. ഇത് ഞങ്ങളുടെ ജീവനും ജീവിതോപാധികള്‍ക്കും വേണ്ടിയുള്ള സമരമാണ്. ഐഒസി പദ്ധതി ഉപേക്ഷിക്കുന്നതുവരെ സമരവും അവസാനിക്കില്ല.
ജയഘോഷ് എംബി

ജനം സമരത്തിന് തയ്യാറാണ്. ഇന്നോ നാളെയോ അവസാനിക്കുന്ന പണിയല്ല എല്‍പിജി സംഭരണിയുടേത്. ഇത് ഇന്നോ നാളെയോ അവസാനിക്കുന്ന സമരവുമല്ല. എത്ര വര്‍ഷം നീണ്ടുനിന്നാലും ജനങ്ങളെ അണിനിരത്തിക്കൊണ്ട് സമരം കൂടുതല്‍ ശക്തിപ്പെടുത്തും. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കും. 2009 മേയില്‍ തുടങ്ങിയ സമരമാണ്. അന്നുതന്നെ 23 പേരെ അറസ്റ്റ് ചെയ്തിരുന്നു. പത്ത് വര്‍ഷം കഴിയുന്നു.

ഞായറാഴ്ച്ച രാത്രി അപ്രതീക്ഷിത നീക്കമാണ് ജില്ലാ ഭരണകൂടവും പൊലീസും നടത്തിയത്. പ്രക്ഷോഭമുണ്ടാകാതിരിക്കാന്‍ അര്‍ധരാത്രി കഴിഞ്ഞ് രണ്ട് മണിക്ക് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

രാത്രി ഒരു മണിയോടുകൂടി പൊലീസ് വന്ന് സമരപ്പന്തല്‍ പൊളിച്ചു. പ്രദേശം മുഴുവന്‍ പൊലീസ് കസ്റ്റഡിയിലാക്കി. നിര്‍മ്മാണം തുടരാനിരിക്കുന്ന സൈറ്റും വഴികളും അടച്ചുകെട്ടി. ഒരു ജെസിബി അകത്തുകയറ്റിയിട്ടുണ്ട്. ഒരു സമയത്ത് 350ഓളം പൊലീസുകാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി മന്ത്രി തലത്തിലും മറ്റും ചര്‍ച്ചകള്‍ നടത്തവെയാണ് ഇത്. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എംപിയേയും എംഎഎല്‍എയേയും ബിഷപ്പിന്റെ പ്രതിനിധികളേയും വിളിച്ച് ഓഗസ്റ്റില്‍ ചര്‍ച്ച തുടങ്ങിവെച്ചിരുന്നു. സമരക്കാരുടേയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റേയും പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനമായി. പക്ഷെ ഐഒസി രേഖകള്‍ തരാന്‍ വിസമ്മതിച്ചു. ഡീറ്റെയില്‍ പ്രൊജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) തരാന്‍ തയ്യാറായില്ല. റിസ്‌ക് അനാലിസിസ് എന്ന പേരില്‍ അവര്‍ തന്നത് കെട്ടിച്ചമച്ച രേഖകളാണ്. അത് വ്യാജമാണെന്ന് ഞങ്ങള്‍ കളക്ടറെ ബോധ്യപ്പെടുത്തിയിരുന്നു. സമരക്കാരുടെ ഭാഗവും ഐഒസിയുടെ ഭാഗവും റിപ്പോര്‍ട്ട് ചെയ്യാമെന്നും മന്ത്രി തീരുമാനിക്കട്ടേയെന്നുമാണ് കളക്ടര്‍ പറഞ്ഞത്.

പെട്ടെന്നുള്ള ഈ നീക്കം ഒരു പക്ഷെ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ തീരുമാനപ്രകാരം ആകാം.
ജയഘോഷ് എംബി

പാചകവാതക സംഭരണിയില്‍ അപകടമുണ്ടായാല്‍ 700ഓളം വീടുകളെ നേരിട്ട് ഒറ്റയടിക്ക് ബാധിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. പക്ഷെ, ശാസ്ത്രീയ പഠനം നടത്തിയപ്പോള്‍ ആഘാതം അതിനേക്കാള്‍ അപ്പുറമായിരിക്കുമെന്ന് കണ്ടെത്തി. ഏതാണ്ട് 52 ചതുരശ്ര കിലോമീറ്ററില്‍ ബാധിക്കും. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പൈപ്പ് ലൈന്‍ ഉണ്ട്. അതിന്റെ ഏതെങ്കിലും പോയിന്റില്‍ നിന്ന് ചോര്‍ച്ചയുണ്ടായാല്‍ 52 ചതുരശ്ര കിലോമീറ്റര്‍ വ്യാപിക്കും. ഫോര്‍ട്ട് കൊച്ചിയും വല്ലാര്‍പാടവും ആഘാതപരിധിയില്‍ വരും. വലിയ ജനവാസ കേന്ദ്രങ്ങളും സ്‌കൂളുകളും ഉള്‍പ്പെടുന്ന പ്രദേശമാണിത്. കാറ്റിന്റെ ഗതി അപ്രവചനീയമായ തരത്തില്‍ അപകടങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. ജീവന്റെ റിസ്‌ക് മാത്രമാണ് പറഞ്ഞത്. കടല്‍ത്തീരത്തായതിനാല്‍ ഞങ്ങളുടെ തൊഴിലിനേയും ഉപജീവനത്തേയും ബാധിക്കും. ഒട്ടേറെ പാരിസ്ഥിതിക ആഘാതങ്ങള്‍ വേറെയുണ്ടെന്നും ജയഘോഷ് കൂട്ടിച്ചേര്‍ത്തു.

ജനവാസ മേഖലയില്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പുതുവൈപ്പ് നിവാസികള്‍. ജനങ്ങളുമായി ഒത്തുതീര്‍പ്പിലെത്താന്‍ ഐഒസിക്കും സര്‍ക്കാരിനും സാധിച്ചിട്ടില്ല. ഒമ്പത് വര്‍ഷത്തിനിടെ 45 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ മാത്രമാണ് ഐഒസിക്ക് സാധിച്ചത്. പദ്ധതി പ്രദേശത്തിന് മുന്നില്‍ രാപ്പകല്‍ കാവല്‍ നിന്നും നിരാഹാരം അനുഷ്ഠിച്ചുമാണ് പ്രദേശവാസികള്‍ സമരം ചെയ്തുകൊണ്ടിരുന്നത്. 2017 ജൂണില്‍ എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ സമരം ചെയ്തവര്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമം വിവാദമായിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരുക്കേല്‍ക്കുകയുണ്ടായി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

SCROLL FOR NEXT