Special Report

വാളയാര്‍ കേസ്: സിഡബ്ലിയുസി ചെയര്‍മാനെതിരെ ഇനിയും നടപടിയില്ല;അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചില്ലെന്ന് സാമൂഹ്യനീതി വകുപ്പ് 

എ പി ഭവിത

വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിക്ക് വേണ്ടി ഹാജരായി വിവാദത്തിലായ പാലക്കാട് ശിശുക്ഷേമസമിതി ചെയര്‍മാന്‍ എന്‍ രാജേഷിനെതിരായ പരാതിയില്‍ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. പോക്‌സോ കേസില്‍ പ്രതിക്ക് വേണ്ടി ഹാജരായത് വിവാദമായതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. വനിതാ-ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ഡയറക്ടറായിരുന്ന ഷീബ ജോര്‍ജ്ജ് മെയ് 18ന് പാലക്കാടെത്തി തെളിവെടുപ്പും നടത്തി. ശിശുക്ഷേമസമിതി മെമ്പര്‍മാരില്‍ നിന്നുള്‍പ്പെടെ മൊഴിയെടുത്തിരുന്നു. എന്നാല്‍ ആറ് മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. വാളയാര്‍ കേസിലെ പ്രതികളെ പോക്‌സോ കോടതി വെറുതെ വിട്ടതിനെതിരെ പ്രതിഷേധമുയരുമ്പോഴും ശിശുക്ഷേമസമിതി ചെയര്‍മാന്‍ സ്ഥാനത്ത് രാജേഷ് തുടരുകയാണ്.

റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ് ദ ക്യൂവിനോട് പറഞ്ഞു.

ഡയറക്ടര്‍ സ്ഥാനത്ത് മാറ്റം വന്നു. ഷീബ ജോര്‍ജ്ജ് അന്വേഷണ ചുമതലയില്‍ നിന്ന് മാറി. ടി വി അനുപമയ്ക്ക് ചുമതല നല്‍കി. അവരാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഒരാഴ്ച കൊണ്ട് റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബിജു പ്രഭാകര്‍

കേസിലെ വിധി വന്നതിന് പിന്നാലെ ശിശുക്ഷേമസമിതി അധ്യക്ഷനെതിരായ അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദീപ് കുമാറിന് വേണ്ടിയാണ് രാജേഷ് ഹാജരായിരുന്നത്. വിവാദമായതിന് പിന്നാലെ വക്കാലത്ത് ഒഴിഞ്ഞു. ഈ കേസില്‍ രാജേഷ് ഹാജരായതിന്റെ തെളിവുകളും പുറത്ത് വന്നിരുന്നു. വക്കാലത്ത് ഒഴിഞ്ഞ രാജേഷ് തന്റെ ജൂനിയറായ അഭിഭാഷകന് കൈമാറിയിരുന്നു. അതും വിമര്‍ശനത്തിനിടയാക്കിയതോടെ തന്റെ കൂടെ നേരത്തെ ജോലി ചെയ്ത അഭിഭാഷകന് നല്‍കുകയായിരുന്നു.

2017 ജനുവരി 13 ന് 13 വയസ്സുകാരിയെയും മാര്‍ച്ച് 4 ന് ഒന്‍പത് വയസ്സുകാരിയെയും അട്ടപ്പള്ളത്തെ വീടിനകത്ത് തൂങ്ങി ജീവനറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.എന്നാല്‍ ഉയരമുള്ള ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയുള്ള കുട്ടികളുടെ മരണം ദുരൂഹത ജനിപ്പിച്ചു. പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടികള ബന്ധുവും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് കണ്ടെത്തിയത്. എന്നാല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രതിചേര്‍ക്കപ്പെട്ടവരാണ് കുറ്റവാളികളെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ബലാത്സംഗം, ആത്മഹത്യാ പ്രേരണ. ബാലപീഡനം. സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ ഈ കുറ്റങ്ങളൊന്നും നിലനില്‍ക്കുന്നതല്ലെന്ന് നിരീക്ഷിച്ചാണ്നാലുപേരെ പാലക്കാട് പോക്‌സോ കോടതി വറുതെ വിട്ടത്. വി. മധു ഷിബു എം മധു പ്രദീപ് കുമാര്‍ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. അഞ്ചാം പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസ് ജുവനൈല്‍ കോടതിയിലാണ്. ഇതില്‍ അടുത്തമാസം വിധി പറയും.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT