Special Report

‘പുഴയുടെ സൈഡില്‍ പെര വേണ്ട, ഇനിയും മലകള്‍ പൊട്ടാനുണ്ട്’; ഉരുള്‍പൊട്ടല്‍ ഭീതിയില്‍ ഉള്‍ക്കാട് വിടാനൊരുങ്ങി നിലമ്പൂരിലെ ഗോത്രവിഭാഗക്കാര്‍

എ പി ഭവിത

ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ഊരുകള്‍ തകര്‍ത്തെറിഞ്ഞതോടെ നിലമ്പൂരിലെ പ്രാക്തന ഗോത്രവിഭാഗക്കാര്‍ ഉള്‍ക്കാട് വിടാനൊരുങ്ങുന്നു. കരുളായി ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയതോടെയാണ് മാഞ്ചീരി, മുണ്ടക്കയം, മുണ്ടക്കടവ് കോളനികള്‍ ഒറ്റപ്പെട്ടത്. കരിമ്പുഴയും പാണപ്പുഴയും കരകവിഞ്ഞു. ചോലനായക്കര്‍ വിഭാഗക്കാര്‍ താമസിക്കുന്ന മാഞ്ചീരി കോളനിയിലും മണ്ണളകളിലും (ഗുഹ) ദിവസങ്ങളെടുത്താണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായത്. മുണ്ടക്കടവിലെ കാട്ടുനായ്ക്കരും മുണ്ടക്കയത്തെ പണിയ വിഭാഗക്കാരും കാടിന് പുറത്തേക്ക് തങ്ങളെ പുനരധിവസിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട്ആ വശ്യപ്പെടുന്നു. ഉരുള്‍പൊട്ടല്‍ മേഖലയില്‍ വീട് വേണ്ടെന്നാണ്ഇവര്‍ ഒറ്റക്കെട്ടായി പറയുന്നത്.

കരിമ്പുഴ 

കോളനിയിലേക്ക് തിരിച്ചു പോകില്ലെന്ന നിലപാടിലാണ് കല്‍ക്കുളം എംഎംഎല്‍പി സ്‌കൂളിലെ ക്യാമ്പില്‍ കഴിയുന്ന മുണ്ടക്കടവ് ഊരുവാസിയായ മുരളി. ഓഗസ്റ്റ് ഏഴാം തിയ്യതി രാത്രിയാണ് കോളനിയില്‍ വെള്ളം കയറിയത്. അപകടം തിരിച്ചറിഞ്ഞതോടെ എല്ലാവരും നീന്തി രക്ഷപ്പെടുകയായിരുന്നുവെന്ന് മുരളി പറയുന്നു.

കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട 52 കുടുംബങ്ങളാണ് മുണ്ടക്കടവിലുള്ളത്. 58 സ്ത്രീകളും 66 കുട്ടികളും ഉള്‍പ്പെടെ 176 പേര്‍.

വെള്ളം വന്ന് പെരകള്‍ പോയി. ചെമ്പും പാത്രങ്ങളും സാധനങ്ങളുമൊക്കെ പോയി. ഇനി ആ കോളനിയില്‍ താമസിക്കില്ല. താമസിക്കാന്‍ വേറെ സ്ഥലം വേണം. നമ്മടെ തലമുറയ്ക്ക് ഇനി ജീവിക്കാന്‍ നല്ല സ്ഥലം കണ്ടെത്തണം. അവിടെ പെര വെച്ച് തരണം. മല മുകളില്‍ പൊട്ടിക്കിടക്കുന്നുണ്ടെന്നാണ് ഞങ്ങളെ ആള്‍ക്കാര് വിളിച്ച് പറഞ്ഞത്.
മുരളി

കാട് വേണ്ട നാട് മതിയെന്ന് തന്നെയാണ് നെടുങ്കയം വനത്തിലെ മുണ്ടക്കയം ഊര് മൂപ്പന്‍ ശിവരാജനും ഉറപ്പിച്ച് പറയുന്നത്. പണിയവിഭാഗക്കാരായ 104 കുടുംബങ്ങളും എട്ടാം തിയ്യതി മുതല്‍ ക്യാമ്പിലാണ്. രാത്രി മലവെള്ളം ഒലിച്ചെത്തിയപ്പോള്‍ ഊര് ഒറ്റപ്പെട്ടു. കരിമ്പുഴ വീടുകളിലേക്ക് കയറിയൊഴുകി.

കരിമ്പുഴ വന്യജീവി സങ്കേതത്തിലെ നെടുങ്കയം വനമേഖലയില്‍ രാത്രി രണ്ട് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. കാനനപാത വെള്ളത്തില്‍ മുങ്ങി. ഫയര്‍ഫോഴ്‌സും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. വെള്ളം കുറഞ്ഞപ്പോള്‍ കോളനിയില്‍ തിരിച്ചെത്തിയവര്‍ കടുത്ത നിരാശയിലാണ്. വെള്ളം കൊണ്ടു പോയതില്‍ ബാക്കിയുണ്ടായിരുന്നത് ആനയെടുത്തു. ഇനി ഭയന്ന് ജീവിക്കാനാവില്ലെന്ന് ഈ ഊരുകാരും പറയുന്നു. സര്‍ക്കാര്‍ കാടിന് പുറത്ത് സ്ഥലം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

സ്ഥലം കിട്ടുകയാണെങ്കില്‍ അവിടെ വീട് വച്ച് താമസിക്കാമെന്നാണ് തീരുമാനം. ഇവിടെ തൊഴിലില്ല. ഡിപ്പോയാണ് ആകെയുള്ളത്. അതിലിപ്പോള്‍ ജോലിയില്ല. ഫോറസ്റ്റിലെ കൂലിപ്പണികളും കുറഞ്ഞു. പട്ടിണിയിലേക്കാണ് പോകുന്നത്. റേഷന്‍ കടയില്‍ നിന്ന് കൊണ്ടുവന്ന അരിയൊക്കെ ഒലിച്ചു പോയി.
ശിവരാജന്‍

ക്യാമ്പില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷം ഊരിലുള്ളവരെല്ലാം ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് ഊരിലുള്ള മാലതിയും വ്യക്തമാക്കി. പഴയ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ആറ് മാസമെങ്കിലും കഴിയുമെന്ന് വനംവകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരിയായ മാലതി കൂട്ടിച്ചേര്‍ക്കുന്നു.

കോളനിയിലേക്ക് തിരിച്ചു ചെന്നാല്‍ പാത്രങ്ങള്‍ പോലും അവശേഷിക്കുന്നില്ലെന്ന സങ്കടത്തോടെയാണ് പൂളയ്ക്കപാറ കോളനിയിലെ മാതി ക്യാമ്പില്‍ കഴിയുന്നത്. എട്ടാം തിയ്യതിയുണ്ടായ ഉരുള്‍പൊട്ടലിനെക്കുറിച്ച് പറഞ്ഞ് തുടങ്ങുമ്പോള്‍ തന്നെ മാതി വിങ്ങിപൊട്ടി.

മാതി

അറുപത് വയസ്സുള്ള മാതി ഒറ്റയ്ക്കാണ് താമസം. വീട്ടില്‍ വെള്ളം കയറിയപ്പോള്‍ ഒന്നുമെടുക്കാതെ ഇറങ്ങി ഓടി. രണ്ട് പുഴകള്‍ക്കിടയിലാണ് പൂളയ്ക്കപാറ കോളനി.

വീടാകെ വെള്ളത്തിലാണ് . അങ്ങനെ വെള്ളം കയറലില്ല. അത് കണക്കൂട്ടി നിന്നതാണ്. രാത്രി വെള്ളം കയറിയപ്പോള്‍ അപ്പാടെ ഇറങ്ങി പോയതാണ്. മകളെ കോലായില്‍ പോയി കിടന്നു. നേരം വെളുത്തപ്പോള്‍ ഇങ്ങ് പോന്നു.
മാതി

പൂളയ്ക്കപാറയില്‍ 25 കുടുംബങ്ങളാണുള്ളത്. മാഞ്ചേരി കോളനിയിലും മണ്ണളയിലുമായി താമസിക്കുന്ന ചോലനായ്ക്കരെ ക്യാമ്പുകളിലേക്ക് മാറ്റാന്‍ പോലും ദിവസങ്ങളെടുത്തു. മുപ്പത് കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് ഇവര്‍ താമസിക്കുന്നത്. റോഡില്‍ വലിയ പാറക്കല്ലുകള്‍ നിറഞ്ഞതിനാല്‍ മാഞ്ചേരി കോളനിയിലേക്ക് പോലും എത്താന്‍ പ്രയാസമായി. ഇവിടെ നിന്നും പതിനഞ്ച് കിലോമീറ്റര്‍ അകലെ താമസിക്കുന്ന ചോലനായ്ക്ക കുടുംബങ്ങളുമുണ്ട്.

കഴിഞ്ഞ വര്‍ഷവും ഈ മേഖലകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. ഭീഷണിയുള്ള മേഖലയില്‍ നിന്ന് പുനരധിവസിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്നും നിലമ്പൂരിലെ ഗോത്രവര്‍ഗ്ഗക്കാര്‍ അഭ്യര്‍ത്ഥിക്കുന്നു.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT