Special Report

ഗോവിന്ദന്‍ മാഷ്, പാര്‍ട്ടിയിലെ ക്രൈസിസ് മാനേജര്‍; അധ്യാപക വൃത്തി ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവേശം

അരനൂറ്റാണ്ട് പിന്നിടുന്ന രാഷ്ട്രീയ ജീവിതത്തിന്റെ അനുഭവ സമ്പത്തിനൊപ്പമാണ് സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗമാകുന്നത്. മന്ത്രിയെന്ന നിലയില്‍ പുതുമുഖമാണെങ്കിലും പാര്‍ട്ടിയിലെ നേതൃപാടവത്തില്‍ കരുത്തനാണ് എം.വി ഗോവിന്ദന്‍.

സിപിഐഎം പ്രതിസന്ധിയിലും പ്രതിരോധത്തിലുമായ ഘട്ടങ്ങളില്‍ ക്രൈസിസ് മാനേജരുടെ റോള്‍ ഭംഗിയായ നിര്‍വഹിച്ചയാള്‍. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം ഒറ്റ സീറ്റിലേക്ക് ചുരുങ്ങിയപ്പോള്‍, അന്ന് ഇടതിനൊപ്പം ഉറച്ചുനിന്ന ആലപ്പുഴ മണ്ഡലത്തിലെ ഇലക്ഷന്‍ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് എം.വി ഗോവിന്ദനായിരുന്നു. എറണാകുളത്ത് വിഭാഗീയത മൂര്‍ഛിച്ച ഘട്ടത്തില്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കിയത് എം.വി ഗോവിന്ദന്‍മാസ്റ്റര്‍ക്കാണ്. 2002 മുതല്‍ 2006വരെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോവിന്ദന്‍ മാസ്റ്റര്‍ നിലവില്‍ കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ്.

കര്‍ഷക സമരഭൂമിയായ കണ്ണൂരിലെ മൊറാഴയിലാണ് ജനനം. അടിയന്തരാവസ്ഥക്കെതിരായ സമരങ്ങളില്‍ പൊലീസ് മര്‍ദ്ദനത്തിന് ഇരയായി നാല് മാസം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. 1969ലാണ് പാര്‍ട്ടി അംഗമാകുന്നത്. കെ.എസ്.എഫ് പ്രവര്‍ത്തകനും പിന്നീട് ഡിവൈഎഫ് ആദ്യ സംസ്ഥാന പ്രസിഡന്റുമായി.

തളിപ്പറമ്പ് ഇരിങ്ങല്‍ യുപി സ്‌കൂളിലെ കായികാധ്യാപകനായിരുന്ന എം.വി ഗോവിന്ദന്‍ മുഴുവന്‍ സമയരാഷ്ട്രീയ പ്രവര്‍ത്തനത്തിനായി പിന്നീട് വിരമിച്ചു. 1996 മുതല്‍ 2006 വരെ തളിപ്പറമ്പില്‍ നിന്ന് എം.എല്‍.എയായിരുന്നു. ഇക്കുറിയും തളിപ്പറമ്പില്‍ നിന്നാണ് നിയമസഭയിലെത്തിയത്.

കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റും പിന്നീട് ദേശാഭിമാനി ചീഫ് എഡിറ്ററുമായിരുന്നു. പാര്‍ട്ടി സൈദ്ധാന്തിക സദസുകളിലെ നിരന്തര സാന്നിധ്യവുമാണ് എം.വി ഗോവിന്ദന്‍. വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യന്‍ ദര്‍ശനത്തില്‍, സ്വത്വരാഷ്ട്രീയത്തെ പറ്റി, ചൈനീസ് ഡയറി, യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം, ആശയ സമരങ്ങളുടെ പശ്ചാത്തലത്തില്‍, കര്‍ഷക തൊഴിലാളി യൂണിയന്‍ ചരിത്രവും വര്‍ത്തമാനവും, കാടുകയറുന്ന ഇന്ത്യന്‍ മാവോവാദം എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

1991ലെ കോഴിക്കോട് സംസ്ഥാന സമ്മേളത്തില്‍ വച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായി. 2006ല്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റിലേക്ക്. 2018ല്‍ കേന്ദ്രകമ്മിറ്റിയംഗമായി.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT