Special Report

വണ്ടിപ്പെരിയാര്‍ ഒറ്റപ്പെട്ട നടുക്കമല്ല, ഒറ്റമുറി വീട്ടിലെ പീഡനവും ചൂഷണവും; ആര്‍ത്തവമായാല്‍ വിവാഹം; അടിയന്തര ശ്രദ്ധവേണം ഇടുക്കിയില്‍

ഇടുക്കി വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തില്‍ നടുങ്ങാത്തവരില്ല. കൊവിഡ് കാലത്തും കുട്ടികള്‍ വീട്ടിനകത്തും പുറത്തും നേരിടുന്ന അതിക്രമങ്ങളില്‍ കുറവില്ലെന്ന് വ്യക്തമാക്കുന്ന പഠനങ്ങളും റിപ്പോര്‍ട്ടുകളും നേരത്തെ വന്നിരുന്നു. വണ്ടിപ്പെരിയാല്‍ ചൂരക്കുളത്തെ പെണ്‍കുട്ടിയെ വര്‍ഷങ്ങളായി പ്രതി ലൈംഗിക പീഡനത്തിരയാക്കിയതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. കുടിയേറ്റ മേഖലയും തോട്ടം തൊഴിലാളികളും തൊഴിലാളി ലയങ്ങളും ഉള്ള മേഖലയില്‍ കഴിഞ്ഞ വര്‍ഷം 135 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെന്ന് ശിശുക്ഷേമ സമിതി അധികൃതര്‍ വ്യക്തമാക്കുന്നു.ഈ വര്‍ഷം ഇതുവരെ 76 പോക്‌സോ കേസുകളാണ് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 60% പീഡന കേസുകളും തോട്ടം മേഖലയിലാണ്.

ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മൂന്നാറിലും വീടിനുള്ളില്‍ പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ട പരാതി പുറത്ത് വന്നത്.

മാതാപിതാക്കള്‍ തൊഴിലിടത്തിലേക്ക് പോകുമ്പോഴാണ് കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതെന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മൂന്നാറിലും വീടിനുള്ളില്‍ പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ട പരാതി പുറത്ത് വന്നത്. അമ്മ മരിച്ചു പോയ പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിക്കുകയായിരുന്നു. ആറുതവണ ചൂഷണത്തിന് ഇരയായെന്ന് പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചത്. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.

ഒറ്റമുറി വീടുകളിലെ അരക്ഷിത ബാല്യങ്ങള്‍

എസ്റ്റേറ്റ് തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ നിന്നാണ് കൂടുതല്‍ പരാതികളെത്തുന്നത്. രക്ഷിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ വീടുകളില്‍ ആളുകളുണ്ടാകില്ല. സ്‌കൂളുകള്‍ തുറക്കാത്തതിനാല്‍ കുട്ടികള്‍ വീടുകളില്‍ തന്നെ ഇരിക്കേണ്ടി വരുന്നു. പരിചയക്കാരും അടുപ്പമുള്ളവരും കുട്ടികളെ ചൂഷണം ചെയ്യാന്‍ ഇടയാകുന്നു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം സമീപകാലത്ത് വര്‍ധിച്ചതായി ഇടുക്കി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് അഗസ്റ്റിന്‍ ദ ക്യുവിനോട് പറഞ്ഞു.

ഓണ്‍ലൈന്‍ പഠനത്തിനായി നല്‍കുന്ന മൊബൈല്‍ ഫോണുകള്‍ കുട്ടികളെ ചൂഷണം ചെയ്യാനുള്ള മാര്‍ഗമായി ഉപയോഗപ്പെടുത്തുന്നതായും സാമൂഹ്യപ്രവര്‍ത്തകര്‍ പരാതിപ്പെടുന്നുണ്ട്. കുട്ടികളെ സ്‌കൂളിലേക്കയക്കുമ്പോള്‍ സുരക്ഷിതരാണെന്ന വിശ്വാസവും ധാരണയും തൊഴിലാളികളായ മിക്ക മാതാപിതാക്കള്‍ക്കും ഉണ്ടായിരുന്നു. ഇപ്പോള്‍ കുട്ടികള്‍ ഫോണും കയ്യില്‍ കൊടുത്ത് പോകുമ്പോള്‍ മക്കള്‍ അരക്ഷിതത്വത്തിലാണെന്ന് കരുതുന്ന മാതാപിതാക്കളുണ്ട്. പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളില്‍ അധികവും ഒറ്റമുറി വീടുകളില്‍ നിന്നുള്ളവരാണെന്ന് സാമൂഹ്യപ്രവര്‍ത്തകയായ ബിന്ദു.

മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തിനെതിരെ ബോധവത്കരണ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ എസ്.എ എഡ്വിന്‍ ദ ക്യുവിനോട്. ഐസിഡിഎസും അധ്യാപകരും ഇതില്‍ പങ്കാളികളാണ്.

ഇടുക്കിയിലെ ആദിവാസി മേഖലകളില്‍ ബാലവിവാഹങ്ങള്‍ കൂടിയെന്നാണ് സാമൂഹ്യപ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍.

പുറംലോകമറിയാതെ ആദിവാസി 'കുട്ടിക്കല്യാണം'

കൊവിഡ് കാലം പഠനത്തെ വീടുകള്‍ക്കുള്ളിലേക്ക് ചുരുക്കിയപ്പോള്‍ ഇടുക്കിയിലെ ആദിവാസി മേഖലകളില്‍ ബാലവിവാഹങ്ങള്‍ കൂടിയെന്നാണ് സാമൂഹ്യപ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍. പതിനെട്ട് വയസ്സിന് മുമ്പ് തന്നെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നു. ആര്‍ത്തവം നടന്നാല്‍ പ്രായപൂര്‍ത്തിയായെന്ന വിശ്വാസത്തിലാണ് ഇത്തരം വിവാഹങ്ങള്‍ നടത്തുന്നത്. നേരത്തെ പെണ്‍കുട്ടികള്‍ ഹോസ്റ്റലുകളിലായിരുന്നതിനാല്‍ ആര്‍ത്തവം ആരംഭിക്കുമ്പോഴുള്ള ചടങ്ങുകള്‍ നടത്താന്‍ ഊരുകളില്‍ പറ്റാറില്ലായിരുന്നു. ഇപ്പോള്‍ കൊട്ടും പാട്ടുമായി പരമ്പരാഗത രീതിയില്‍ ചടങ്ങുകള്‍ നടത്തുന്നുണ്ട്. വിവാഹം കഴിക്കാനായി പെണ്ണ് തയ്യാറായെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തക ദ ക്യുവിനോട് പറഞ്ഞു.

വിവാഹം നടക്കുന്നതായി രഹസ്യമായി അറിയിക്കുന്നുണ്ടെങ്കിലും പുറത്ത് നിന്നുള്ളവര്‍ക്ക് ഊരുകളില്‍ പ്രവേശിക്കാന്‍ വിലക്കുള്ളതിനാല്‍ തടയാന്‍ കഴിയുന്നില്ലെന്നും ഇവര്‍ പറയുന്നു. എത്ര വിവാഹം നടന്നുവെന്ന കണക്കും ലഭ്യമല്ല.

തദ്ദേശീയ കൂട്ടായ്മകളും ചെല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയും

ചൂഷണം തടയുന്നതിനായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാണ് സാമൂഹ്യപ്രവര്‍ത്തകരുടെ ആവശ്യം. പ്രാദേശികമായ സവിശേഷതകള്‍ ഉള്‍ക്കൊള്ളാതെ യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന സംവിധാനമായി നിലവിലുള്ള കമ്മിറ്റികള്‍ മാറുന്നുവെന്ന് സാമൂഹ്യപ്രവര്‍ത്തക പി.ഇ ഉഷ ചൂണ്ടിക്കാണിക്കുന്നു. സമൂഹത്തിന്റെ പുറമ്പോക്കില്‍ ജീവിക്കുന്നവര്‍ക്കെതിരെയുള്ള അതിക്രമം ഈ മഹാമാരിയുടെ കാലത്ത് വര്‍ദ്ധിക്കുകയാണ്. ഇതിന് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പി.ഇ ഉഷ ദ ക്യുവിനോട്.

പ്രായപൂര്‍ത്തിയാകാത്തവരെ കല്യാണം കഴിപ്പിച്ചയക്കാനുള്ള നീക്കം ഇടപെട്ട് തടയുന്നുണ്ടെന്നാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ വാദം. പരാതി ലഭിക്കുമ്പോള്‍ പോലീസില്‍ അറിയിക്കുന്നുണ്ട്. എന്നാല്‍ കുട്ടികളെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി വിവാഹം കഴിപ്പിക്കുന്നുണ്ടെന്നും അങ്ങനെ വരുമ്പോള്‍ തടയാനാകുന്നില്ലെന്നും ജോസഫ് അഗസ്റ്റിന്‍. അതിര്‍ത്തി പ്രദേശങ്ങളിലാണ് ബാലവിവാഹം കൂടുതലായി നടക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

ചിരിപ്പൂരം ഒരുക്കി മലയാളത്തിന്റെ വിന്റേജ് യൂത്തന്മാർ, 'ധീരൻ' ജൂലൈ 4 ന് തിയറ്ററുകളിൽ

'Vismaya Mohanlal' എന്ന് എഴുതിയിരിക്കുന്നത് ലാലേട്ടൻ തന്നെ: അനീഷ് ഗോപാൽ അഭിമുഖം

SCROLL FOR NEXT