Special Report

നാട്ടുകാരുടെ വാസു മുതൽ മലയാളത്തിന്റെ എംടി വരെ, കഥാകാരനെ മെനഞ്ഞെടുത്ത കൂടല്ലൂർ ഗ്രാമം

കൂടല്ലൂർ മാടത്ത് തെക്കേപ്പാട്ടിലെ വാസുവിന് സ്കൂൾ കാലത്ത് തന്നെ സാഹിത്യത്തോട് താല്പര്യമുണ്ടായിരുന്നു. കുമ്പിടിക്കടവിലെ തറവാട് വീടും നിളാ നദിയും മലമൽക്കാവിലെ ആൽത്തറയും കൊടിക്കുന്ന് കാവുമെല്ലാമാണ് തന്നിലെ കാഥികനെ മെനെഞ്ഞെടുത്തതെന്ന് എംടി പലകുറി പറഞ്ഞിട്ടുണ്ട്. കൂടല്ലൂരിന്റെ വാസുവിൽ നിന്ന് മലയാളത്തിന്റെ എംടിയിലേക്കുള്ള ആ യാത്രക്ക് ഊടും പാവും നൽകിയ ഈ ഗ്രാമാന്തരീക്ഷത്തെയും തന്റെ ബാല്യത്തെ മനോഹരമാക്കിയ നാട്ടുകാരെയും എംടി ഒരുകാലത്തും പരാമർശിക്കാതെ പോയിട്ടില്ല. ചെറുകഥ, നോവൽ, തിരക്കഥ എന്നിങ്ങനെ എംടിയുടെ തൂലികയിൽ വിരിഞ്ഞ എല്ലാ വരികൾക്കിടയിലും കൂടല്ലൂരും നിളാ നദിയും ഭാഗമായിട്ടുണ്ട്. എംടിയുടെ കഥകളിൽ ഗ്രാമമെന്ന പോലെ ഇവിടുത്തെ നാട്ടുകാരും പീടികകളും മരങ്ങളും മൃഗങ്ങളുമെല്ലാം കഥാപാത്രമായി വന്നിട്ടുണ്ട്.

എംടിയുടെ കൂടല്ലൂരിലെ മാടത്ത് തെക്കേപ്പാട്ട് തറവാട്

നാലുകെട്ട് കൂടല്ലൂരിന്റെ നേർചിത്രമാണ്. കഥയും കഥാപാത്രങ്ങളുമെല്ലാം കൂടല്ലൂർ തന്നെയാണ്. നോവലിലെ മുഹമ്മദ് എംടിയുടെ കുട്ടിക്കാല കൂട്ടുകാരനാണ്, ഇപ്പോഴും കൂടല്ലൂരിൽ തന്നെയാണ് താമസം. മറ്റൊരു കഥാപാത്രമായിരുന്ന യൂസഫ് കഴിഞ്ഞ വർഷം ജൂലൈയിലാണ് മരിച്ചത്. പിന്നെയും അനേകം രചനകളിൽ ഈ നാടും കാവും മരങ്ങളും ഓരം ചേർന്ന് ഒഴുകുന്ന നിളയും ഭാഗമായി. മലപ്പുറം - പാലക്കാട് ജില്ലാ അതിർത്തിയോട് ചേർന്നുള്ള ആനക്കര പഞ്ചായത്തിലെ കൂടല്ലൂർ എന്ന കൊച്ചുഗ്രാമം ലോകത്തോളം അറിയപ്പെട്ടത് ഈ കഥാകാരന്റെ പേരിലാണ്. എംടിയെന്ന കാഥികൻ ചരിത്രത്തോടൊപ്പം ചേർന്നെങ്കിലും എംടി വരച്ചിട്ട കൂടല്ലൂർ ഗ്രാമത്തിന്റെ മനോഹര ചിത്രങ്ങൾ നാളെ നീളെ വായിക്കപ്പെടും.

എംടി കൂടല്ലൂരിലെ മാടത്ത് തെക്കേപ്പാട്ട് തറവാടിന് മുമ്പിൽ

എംടി പറഞ്ഞു, എനിക്ക് എല്ലാമാണ് ഈ നിള

കുട്ടികാലത്തെ മനോഹര നിമിഷങ്ങൾ സംഭവിച്ചതിൽ നിളാ നദിയുടെ പങ്ക് എംടി എല്ലാകാലത്തും പറയാറായുണ്ട്. പിന്നീട് നോവലുകളിലും കഥകളിലും തിരക്കഥകളിലും എംടി നിളയെയും ഒപ്പം കൂട്ടി. കൂടല്ലൂരിലെ മാടത്ത് തെക്കേപ്പാട്ട് തറവാടിനോട് ചേർന്നുള്ള അശ്വതി ഭവനത്തിൽ ഇരുന്നായിരുന്നു എംടിയിലെ എഴുത്തുകാരന്റെ കരവിരുതുകികൾ. അശ്വതിയിൽ ഇരുന്നാൽ എനിക്ക് നിള കാണാം, കടവ് കാണാം, ഓളങ്ങൾ കാണാം, നന്നായി എഴുതാം, എംടി ഇങ്ങനെ പറഞ്ഞു. എംടി എഴുതി തുടങ്ങുന്നത് വരെ നിള മലയാളികൾക്ക് ഒരു പുഴ മാത്രമായിരുന്നു. എന്നാൽ, എംടി കോറിയിട്ട വാക്കുകളിലൂടെ നിള മലയാളികളുടെ ഹൃദയഭൂമിയിലേക്ക് ചേക്കേറുകയായിരുന്നു. 'അറിയാത്ത ആഴങ്ങളെ ഗർഭത്തിൽ വഹിക്കുന്ന സമുദ്രങ്ങളേക്കാൾ അറിയുന്ന എന്റെ നിളാനദിയാണ് എനിക്കിഷ്ടം.' പലകുറി എംടി പറഞ്ഞ ഈ വാക്കുകളിൽ നിന്ന് നിളാനദിയുമായി എംടിക്കുണ്ടായിരുന്ന ആത്മബന്ധം വ്യക്തമാകും. എംടിയുടെ കാലം എന്ന നോവൽ സേതുവിന്റെയും തുമ്പപ്പൂ നിറവുള്ള സുമിത്രയുടെയും മാത്രം കഥയല്ല, മലവെള്ളം സ്വപ്നം കണ്ട പുഴയുടെ ഒഴുക്കിന്റേതുകൂടിയാണ്. എംടി വരച്ചിട്ട നിള തന്നെയാണ് മലയാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നതും. കാലത്തിന്റെ ആദ്യ അധ്യായത്തിൽ നാട്ടുവഴിയിലേക്കു കയറുമ്പോൾ പുഴയുടെ പിറുപിറുപ്പ് അടുത്തടുത്തെന്നുന്നുണ്ട്. 'ഇരുട്ടിന്റെ പുഴ. മങ്ങിയ വെളിച്ചത്തിന്റെ അനന്തത. മറുകരയിൽ അകലെ ഇരുമ്പുപാലം വിറപ്പിച്ചുകൊണ്ട് വണ്ടിച്ചക്രങ്ങൾ ഇരമ്പി ഉരുളുന്നു. നനഞ്ഞ മണൽ. കാലടികൾ അമരുമ്പോൾ തണുത്ത വെള്ളം ഉറഞ്ഞുകൂടുന്നു'. ഇതിലെല്ലാം സാന്നിധ്യമായി നിള തന്നെയാണ്. ഇരുകരകളും മുട്ടി ആർത്തലച്ചൊഴുകുന്ന ഇതേ നിള കാലത്തിന്റെ അവസാന അധ്യായത്തിലുമുണ്ട്. എന്നാൽ നിള നശിക്കുന്നതിലെ മനോവിഷമം എംടി പലരോടായി പലവേദികളിൽ പറഞ്ഞിരുന്നു. എംടിയുടെ തറവാട് വീടിനോട് ചേർന്നുള്ള വീട്ടിൽ താമസിക്കുന്ന ചെറിയമ്മയുടെ മകൻ എംടി രവീന്ദ്രൻ പറയുന്നത് നിള നശിക്കുന്നത് കൂടെയാണ് എംടി കൂടല്ലൂരിലേക്ക് തിരികെ വരാത്തതിന്റെ കാണണമെന്നാണ്.

എംടിയും അക്കിത്തവും പഠിച്ചു

കുമരനെല്ലൂർ സ്കൂളിന് ലഭിച്ചത് അത്യപൂർവ്വ നേട്ടം

എം ടിക്ക് 1995 ലും അക്കിത്തത്തിന് 2020 ലുമാണ് ജ്ഞാനപീഠ പുരസ്‍കാരം ലഭിച്ചത്. ഇരുവരും1940കളിലാണ് സ്‍കൂളിൽ പ്രാഥമിക വിദ്യാഭ്യാസംപൂർത്തിയാക്കിയത്. ജ്ഞാനപീഠ പുരസ്‌കാരം നേടിയ രണ്ട് പേർ പഠിച്ച രാജ്യത്തെ ഏക സ്കൂൾ എന്ന അത്യപൂർവ്വ നേട്ടവും ഇതോടെ കുമരനെല്ലൂർ സ്കൂളിന് സ്വന്തമായി.എം ടി പത്താംക്ലാസ് വരെ ഇവിടെയാണ്‌ പഠിച്ചത്. കൂടല്ലൂരുകാരനായ എംടിയുടെ സഹോദരൻ എം ടി ഗോവിന്ദൻ നായർ ഈ സ്‍കൂളിലെ അധ്യാപകനായിരുന്നു. മികച്ച അധ്യാപകനുള്ള ദേശീയപുരസ്‍കാരം നേടിയ ജേഷ്‍ഠൻ സ്‍കൂളിൽ ഉണ്ടായിരുന്നതിനാൽ എം ടി എസ്എസ്എൽസി വരെ ഇവിടെ തന്നെപഠനം തുടർന്നു. അക്കിത്തം എട്ടാം ക്ലാസ് വരെ ഇവിടെ പഠിച്ചു. പിന്നീട് പഠനം തൃശൂരിലേക്ക് മാറ്റി. 1884-ൽകേരള വിദ്യാശാല എന്ന പേരിൽ സ്ഥാപിതമായ കുമരനെല്ലൂർ സ്കൂൾ 1923-ൽ ഹയർ എലിമെന്ററി സ്കൂളായും1929-ൽ ഹൈസ്കൂളായും മാറി.

അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാടും എംടി വാസുദേവൻ നായരും
കുമരനെല്ലൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ എംടി പഠിച്ചിരുന്ന ക്ലാസ്സിന്റെ രെജിസ്റ്റർ പുസ്തകം ഇപ്പോഴത്തെ അധ്യാപകർ പരിശോധിക്കുന്നു

ദൈവമുണ്ടോ എന്നെനിക്കറിയില്ല, പക്ഷേ കൊടിക്കുന്നത്തുകാവിലമ്മയുണ്ട്’

‘ദൈവമുണ്ടോ എന്നെനിക്കറിയില്ല, പക്ഷേ കൊടിക്കുന്നത്തുകാവിലമ്മയുണ്ട്’ എന്ന് യുക്തിവാദികളുടെ സമ്മേളനത്തിൽ ചെറുപ്പക്കാരനായ എംടി പ്രസംഗിച്ചത് അക്കാലത്തെ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്നായിരുന്നു. പള്ളിപ്പുറത്ത് ട്രൈനിറങ്ങി കൊടിക്കുന്നത്തുകാവിലമ്മയെ കണ്ട് തന്റെ കാര്യങ്ങൾ അവതരിപ്പിച്ച് നിള കടന്ന് കൂടല്ലൂരിലെത്തിയിരുന്ന കുട്ടിക്കാല അനുഭവങ്ങൾ എംടി കഥകളിൽ എഴുതിയിട്ടുണ്ട്. ഈ കാവിൽ എത്തി തന്റെ കാര്യങ്ങൾ അവതരിപ്പിച്ചാൽ എളുപ്പം സാധ്യമാകുമെന്ന് എംടി പലരോടും പറഞ്ഞിട്ടുണ്ട്, എഴുതിയിട്ടുണ്ട്. ജോലിയാവശ്യാർത്ഥം താമസം കോഴിക്കോട്ടേക്ക് മാറ്റിയപ്പോഴും വർഷത്തിലൊരിക്കൽ എംടി കൊടിക്കുന്നത്ത് കാവിൽ എത്താൻ സമയം കണ്ടെത്താറുണ്ടായിരുന്നു. 2023 ജൂലൈയിൽ നവതിയെത്തിയപ്പോഴും ഏറെ ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും പുറമെ ആരെയും അറിയിക്കാതെ ചുരുക്ക കുടുംബവുമായി എംടി കാവിൽ ദർശനത്തിന് എത്തിയിരുന്നു.

നവതി ആഘോഷത്തിന് മുന്നോടിയായി 2023 ജൂലൈയിൽ എംടി പരദേവത ക്ഷേത്രമായ കൊടിക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നു

നാട്ടുകാരുടെ സ്വീകരണം ഏറ്റുവാങ്ങാൻ അവസാനമായി എംടി കൂടല്ലൂരിലെത്തി

ജീവിതം കോഴിക്കോട്ടേക്ക് പറിച്ച് നട്ട ശേഷം വിശേഷ ചടങ്ങുകൾക്ക് മാത്രമാണ് എംടി ജന്മനാടായ കൂടല്ലൂരിൽ എത്താറുള്ളത്. ആരോഗ്യ പ്രശ്നങ്ങൾ കൂടെ ആയതോടെ ആ വരവ് പാടെ നിന്നിരുന്നു. കൂടല്ലൂരിന്റെ വാസുവിൽ നിന്ന് മലയാള സാഹിത്യത്തിൻറെ നെറുകയിലെത്തിയ എംടിക്ക് ജന്മനാട് ഒരുക്കിയ സ്വീകരണ പരിപാടിക്കാണ് അവസാനമായി കൂടല്ലൂർ എത്തിയത്. 2019 ഡിസംബർ 29 ന് കൂടല്ലൂർ കുര്യായിക്കൂട്ടം നവ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കൂടല്ലൂർ അങ്ങാടിയിൽ 'ഹൃദയപൂർവ്വം എം.ടിക്ക്' എന്ന പേരിൽ സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. നാടും പരിസരങ്ങളുമാണ് തനിക്ക് എഴുതാനുള്ള ഊർജ്ജം നൽകിയതെന്ന് എംടി ആ വേദിയിലും ആവർത്തിച്ചു. കുട്ടികാലത്തെ ഏറ്റവും മനോഹരമായ ഓർമ്മ നിളാ നദിയാണ്. ആ പരിസരമാണ് എന്റെ സാഹിത്യ ഭാവനയ്ക്ക് നിറം നൽകിയത്. എന്നാൽ നിളയുടെ നിലവിലെ സ്ഥിതിയിൽ അങ്ങേയറ്റം വിഷമം ഉണ്ടെന്നും എംടി പ്രസംഗത്തിനിടെ പറഞ്ഞു. ഈ നാടും നാടിൻറെ ഐശ്വര്യവും ബാക്കിയും എല്ലാ കാലത്തും നിലനിൽക്കണമെന്നും എംടി അന്ന് നാട്ടുകാരോട് പറഞ്ഞിരുന്നു. എംടിയുടെ നാലുകെട്ട് നോവലിലെ കഥാപാത്രയമായ യൂസഫിനെ എംടി തന്നെ അന്ന് വേദിയിൽ ആദരിച്ചു. (യൂസഫ് കഴിഞ്ഞ വർഷം മരിച്ചു).

കൂടല്ലൂർ കുര്യായിക്കൂട്ടം നവ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കൂടല്ലൂർ അങ്ങാടിയിൽ 'ഹൃദയപൂർവ്വം എം.ടിക്ക്' എന്ന പേരിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ എംടി സംസാരിക്കുന്നു
കൂടല്ലൂർ കുര്യായിക്കൂട്ടം നവ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കൂടല്ലൂർ അങ്ങാടിയിൽ 'ഹൃദയപൂർവ്വം എം.ടിക്ക്' എന്ന പേരിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ നാലുകെട്ട് നോവലിലെ യൂസഫ് എന്ന കഥാപാത്രത്തെ എംടി ആദരിക്കുന്നു

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT