Special Report

പൊന്നുമണി മാത്രമല്ല, ലോക്ക് ഡൗണ്‍ ജീവിതം കെടുത്തിയ വേറെയും നാല് പേര്‍; ശബ്ദവും വെളിച്ചവും നഷ്ടമായ മനുഷ്യരെക്കുറിച്ച്

ലോക്ക് ഡൗണ്‍ പ്രതിസന്ധി മൂലം പാലക്കാട് ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനം നടത്തുന്ന പൊന്നുമണി ആത്മഹത്യ ചെയ്ത സംഭവം വിരല്‍ചൂണ്ടുന്നത് അശാസ്ത്രീയ നിയന്ത്രണങ്ങള്‍ നീളുമ്പോള്‍ ഉപജീവനം നഷ്ടമാകുന്നവരുടെ ദുരിതതീവ്രതയിലേക്കാണ്. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ നിശ്ചലമായ തൊഴില്‍ മേഖലകളിലൊന്നാണ് ലൈറ്റ് ആന്‍ഡ് സൗണ്ട്.

രണ്ടാം തരംഗത്തിന് പിന്നാലെ മാസങ്ങള്‍ നീണ്ട ലോക്ക് ഡൗണും നിയന്ത്രണങ്ങളും ആവര്‍ത്തിക്കുമ്പോള്‍ നിതൃവൃത്തിക്ക് വഴിയില്ലാതെയും കടംപെരുകിയും വിഷമവൃത്തത്തിലാണ് പൊന്നുമണിയെ പോലെ ഈ മേഖലയിലെ പലരും.

രണ്ടാം തരംഗത്തെ നേരിടാന്‍ കേരളം സ്വീകരിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നും അതില്‍ തിരുത്ത് വേണമെന്നും ആരോഗ്യവിദഗ്ധരടക്കം ആവര്‍ത്തിക്കുന്ന ഘട്ടത്തിലാണ് പൊന്നുമണിയുടെ ആത്മഹത്യ. തൊഴിലില്ലായ്മയും, അനുദിനം വര്‍ദ്ധിച്ചുവരുന്ന കടബാധ്യതകളുമാണ് പൊന്നുമണിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് കുടുംബാംഗങ്ങള്‍ പറഞ്ഞത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍, ഈ മേഖലയില്‍ നിന്ന് 5 പേരാണ് ആത്മഹത്യ ചെയ്തതെന്ന് ലെറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു രാഗം ദ ക്യുവിനോട് പറഞ്ഞു.

തിരുവനന്തപുരം സ്വദേശികളായ ജംഷാദ്,നിര്‍മല്‍ ചന്ദ്രന്‍,ആലപ്പുഴ സ്വദേശികളായ ശ്രീകുമാര്‍, മനോജ്, ഇന്ന് ആത്മഹത്യ ചെയ്ത വെണ്ണക്കര സ്വദേശി പൊന്നുമണി എന്നിവരാണ് ആത്മഹത്യ ചെയ്ത അഞ്ച് പേര്‍.വര്‍ദ്ധിച്ച കടബാധ്യതകളും, മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥയുമാണ് അവരെയെല്ലാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും ബിജു രാഗം പറഞ്ഞു.

രണ്ട് ദിവസം മുന്‍പാണ് പൊന്നുമണിയെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ മുറിക്കകത്തുനിന്ന് കണ്ടെത്തിയത്. ഉടനെത്തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഇന്ന് കാലത്ത് മരണത്തിന് കീഴടങ്ങുകയായിരുന്നു. സമയം നീട്ടിനല്‍കിയും, അധിക ദിവസങ്ങള്‍ അനുവദിച്ചും, വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാനനുവദിക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ സമരം തുടരുകയാണ്. പ്രളയം മൂലമുണ്ടായ കനത്ത നഷ്ടങ്ങളില്‍ നിന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖല ഒരുവിധം കരകയറി വരുമ്പോഴായിരുന്നു കോവിഡ് മഹാമാരി കാര്യങ്ങളെ അടിതെറ്റിച്ചത്.

കൊവിഡ് കാലത്തെ ലോക്ക്ഡൗണും നിയന്ത്രണങ്ങളുമെല്ലാം വീണ്ടും ഇവരുടെ നടുവൊടിച്ചു.വിവാഹങ്ങളും പൊതുപരിപാടികളും ഇല്ലാതായതോടെ ഈ മേഖല വന്‍ നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തി. ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയെ ആശ്രയിച്ചിരുന്ന കരാര്‍തൊഴിലാളികളുടെ അതിജീവനവും വഴിമുട്ടി.

സാമൂഹിക ഇടപെടലുകളില്‍ ഇനിയുള്ള കാലങ്ങളില്‍ സംഭവിച്ചേക്കാവുന്ന മാറ്റങ്ങളും ഈ മേഖലയിലുള്ളവരെ ആശങ്കപ്പെടുത്തുന്നുണ്ട്.

ലോണുകളെടുത്തും, കടം വാങ്ങിയും തുടര്‍ന്നുപോകുന്നവരാണ് ഈ മേഖലയില്‍ അധികവും. തുടര്‍ച്ചയായി തൊഴില്‍ലഭ്യമാകാത്തതുമൂലം സ്പീക്കര്‍, ലൈറ്റ് തുടങ്ങിയ പല ഉപകരണങ്ങളും നശിച്ചുപോകുകയും ഉപയോഗശൂന്യമാകുകയും ചെയ്തു.

ഇടയ്ക്ക് തിരഞ്ഞെടുപ്പ് സമയത്ത് തൊഴില്‍ ലഭിച്ചെങ്കിലും പിന്നീട് വന്ന കോവിഡ് രണ്ടാം തരംഗം വീണ്ടും ഈ മേഖലയെ തളര്‍ത്തിയെന്ന് ലെറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു രാഗം, ദ ക്യുവിനോട് പറഞ്ഞു.

'ഞങ്ങളുടെ ഉപകരണങ്ങളെല്ലാം നശിച്ചുപോകുകയാണ്. ചെറിയ രീതിയിലെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ എല്ലാ പൊതുപരുപാടികള്‍ക്കും അനുമതി നല്‍കാനാണ് ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നത്. എല്ലാ ജനപ്രതിനിധികള്‍ക്കും ഞങ്ങളുടെ പ്രശ്നങ്ങള്‍ വിവരിച്ചുകൊണ്ടുള്ള ഒരു കത്ത് ഞങ്ങള്‍ നല്‍കിയിരുന്നു.

പക്ഷെ, ക്ഷേമനിധിയില്‍ ഇല്ലെന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ സഹായങ്ങള്‍ ഞങ്ങള്‍ക്ക് ലഭ്യമാകുന്നില്ല. ബാക്ക്സ്റ്റേജ് കലാകാരന്മാര്‍ എന്ന നിലയില്‍ കഴിഞ്ഞ സര്‍ക്കാര്‍ 1000 രൂപ തന്നുവെങ്കിലും ആ തുകകൊണ്ട് ഞങ്ങളുടെ കുടുംബങ്ങള്‍ എങ്ങനെ കഴിയാനാണ്? സര്‍ക്കാര്‍ അടിയന്തിരമായി ഞങ്ങളുടെ പ്രശ്നങ്ങള്‍ കേട്ടേ പറ്റൂ,'' ബിജു രാഗം കൂട്ടിച്ചേര്‍ത്തു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ പൊതുപരുപാടികള്‍ക്ക് അനുമതി നല്‍കുക, മരിച്ചവരുടെ കുടുംബത്തിന് അര്‍ഹിക്കുന്ന ധനസഹായം നല്‍കുക, കടങ്ങള്‍ എഴുതിത്തള്ളുക, പലിശരഹിത വായ്പകള്‍ ലഭ്യമാക്കുക എന്നിവയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സര്‍ക്കാരിന് മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍.കൂടാതെ,ജനങ്ങളുമായി നേരിട്ടിടപഴകുന്ന ആളുകള്‍ എന്ന നിലയ്ക്ക് വാക്സിനേഷനില്‍ പ്രത്യേക മുന്‍ഗണനയും വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

അനിമൽ ട്രിലജിയിലെ അവസാന ചിത്രം; 'എക്കോ' ട്രെയ്‌ലർ പുറത്ത്

'പോത്തു ജോയിയുടെ മകളെ പ്രേമിക്കാൻ ധൈര്യമുണ്ടോ'; ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ഹണി റോസ്, 'റേച്ചൽ' ട്രെയിലർ

ആഘോഷമായ് വിലായത്ത് ബുദ്ധ ട്രെയിലർ ലോഞ്ച്; ചിത്രം നവംബർ 21ന് തിയറ്ററുകളിൽ

അമ്മയെ ഫോണ്‍ ചെയ്യാന്‍ പോയ ഡോ.നൗഫല്‍, ഒരു മിനിറ്റിന് ശേഷം അവന്റെ മൃതദേഹമാണ് കണ്ടത്; ഗാസയിലെ നടുക്കുന്ന അനുഭവം പറഞ്ഞ് ഡോ.സന്തോഷ്‌കുമാര്‍

ആറ് യാത്രികർ, എല്ലാം മാറ്റിമറിക്കുന്ന ഒരു യാത്ര; ദൂരൂഹതയുണർത്തി 'ദി റൈഡ്' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT