Special Report

കേട്ടിട്ട് നെഞ്ച് പിടഞ്ഞു, ഇങ്ങനെയുമുണ്ടോ മനുഷ്യർ? മകന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ; റാഗിങ്ങിനിരയായ വിദ്യാർത്ഥിയുടെ പിതാവ്

ഇതാണ് സാഹചര്യമെന്ന് മകൻ ഇതുവരെ പറഞ്ഞിട്ടില്ല. ക്ലാസ് ടീച്ചർ വിളിച്ചപ്പോഴാണ് സംഭവമറിയുന്നത്. അപ്പോഴും പപ്പ വരേണ്ട, പോലീസ് ആക്ഷൻ എടുത്തിട്ടുണ്ട് എന്നാണ് അവൻ പറഞ്ഞത്. ഈ കുട്ടികൾ ആരെയാണ് ഇത്രയേറെ ഭയക്കുന്നത് എന്ന് മനസിലാകുന്നില്ല. കോട്ടയം ഗവൺമെൻറ് നഴ്സിംഗ് കോളിൽ അതിക്രൂരമായി റാഗിങ്ങിനിരയായ വിദ്യാർത്ഥിയുടെ പിതാവ് ലക്ഷ്മണ പെരുമാൾ ദ ക്യുവിനോട്

ഞങ്ങൾ ഇടുക്കിയിലാണ് താമസം. കോട്ടയത്ത് പഠിക്കുന്ന മകന് എല്ലാമാസവും ചെലവിന് പൈസ അയച്ചുകൊടുക്കും. അവൻ അവിടെ ഹാപ്പിയായിരുന്നു. ലീവ് കുറവായതിനാൽ വല്ലപ്പോഴും മാത്രമാണ് വീട്ടിൽ വരിക. ക്രിസ്മസിനാണ് അവസാനമായി വീട്ടിൽ വന്നത്. കഴിഞ്ഞ തിങ്കളാഴ്ച ക്ലാസ് ടീച്ചർ വിളിച്ചപ്പോഴാണ് ഈ വിവരങ്ങളൊക്കെ അറിയുന്നത്. സത്യത്തിൽ മനസ്സ് മരവിച്ചുപോയി. ഇങ്ങനെയൊക്കെ നമ്മുടെ കുട്ടികൾ ചെയ്യുമോ എന്നാണ് ആദ്യം ആലോചിച്ചത്. അവിടെ ഒരു തരത്തിലുള്ള പ്രശ്‍നങ്ങളും ഉള്ളതായി അവൻ പറഞ്ഞിരുന്നില്ല. പിന്നീട് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ശെരിക്കും ഞെട്ടി.

രാത്രി ഇവരുടെ മുറിയിലേക്ക് വന്നാണ് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരത. നാല് മാസമായി ഇത് തുടരുന്നു. പല രീതിയിൽ പ്രകൃതമായാണ് ഇവരെ ഉപദ്രവിച്ചത്. സ്വകാര്യ ഭാഗത്ത് ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചു. കൈയും കാലും തോർത്തുകൊണ്ട് കെട്ടിയിട്ട് ദേഹം മുഴുവൻ ലോഷൻ ഒഴിച്ചശേഷം ശരീരമാസകലം കോമ്പസ് കൊണ്ട് കുത്തി മുറിവേൽപ്പിച്ചു. രാത്രിയിൽ മുറിയിലെത്തി പണം ആവശ്യപ്പെടും. പണം നൽകിയില്ലെങ്കിൽ സീനിയേഴ്സിന്റെ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി മുട്ടുകുത്തി നിർത്തി കവിളത്തടിക്കും. സീനിയേഴ്സിനെ ബഹുമാനിക്കുന്നില്ല എന്ന് പറഞ്ഞാണ് ഇവർ ആക്രമിക്കുന്നത്. ഇവർ ഉപദ്രവിക്കരുതെന്നു കരഞ്ഞു പറയുമ്പോഴും വീണ്ടും വീണ്ടും ആക്രമിക്കുന്നുണ്ട്.

കേസിൽ പിടിയിലായ സീനിയർ വിദ്യാർഥികൾ

മകനെ കിടത്തി ദേഹത്ത് മുറിവേൽപ്പിക്കുന്ന ദൃശ്യം കണ്ടപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു. കൂടെ പഠിക്കുന്ന വിദ്യാർത്ഥികളെ ആക്രമിക്കുകയും അത് മൊബൈലിൽ പകർത്തുകയും ചെയ്യുന്നത് എത്രത്തോളം ദ്രോഹമുള്ള കാര്യമാണ്. നിലവിൽ പുറത്തുവന്നതിനേക്കാൾ കൂടുതൽ ദൃശ്യങ്ങളുണ്ട് എന്നാണ് അറിയാനായത്. അതിലെ ഭീകരത എത്രത്തോളമുണ്ടാകും. ഒന്നോ രണ്ടോ അല്ല, ഒരു കൂട്ടം വിദ്യാർത്ഥികളാണ് ഇതിനെല്ലാം കൂട്ടുനിന്നത്. ഇക്കാര്യങ്ങൾ പുറത്തുപറഞ്ഞാൽ കൂടുതൽ മർദ്ദിക്കുമെന്നാണയിരുന്നത്രെ ഭീഷണി. എന്തെല്ലാം ദുരിതം സഹിച്ചാണ് മകൻ അവിടെ കഴിഞ്ഞിരുന്നത് എന്ന് ആലോചിക്കാനേ കഴിയുന്നില്ല. ഇപ്പൊ പിടിയിലായവരിൽ കൂടുതൽ പേര് ഇതിന്റെ ഭാഗമായിട്ടുണ്ടോ എന്നും ന്യായമായും സംശയിക്കുന്നു.

മകൻ എന്നും വിളിക്കാറുണ്ടെങ്കിലും ഇക്കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല. ഇത്രയേറെ പ്രയാസങ്ങൾ ഉണ്ടായിട്ടും അവനോ സഹപാഠികളോ ഇതൊന്നും പറയാതിരുന്നത് ആരെ പേടിച്ച് ആയിരിക്കും. അത്രയേറെ സ്വാധീനമുള്ള ആരെങ്കിലുമുണ്ടാകുമോ? ടീച്ചർ വിളിച്ച് പറഞ്ഞ ശേഷം ഞാൻ അവനുമായി സംസാരിച്ചപ്പോഴും പപ്പ വരേണ്ട, പോലീസ് ആക്ഷൻ എടുത്തിട്ടുണ്ടെന്നാണ് അവൻ പറഞ്ഞത്. വിഷയങ്ങൾ എല്ലാം പുറത്തറിഞ്ഞിട്ടും ഇനിയും അവൻ ആരെയെങ്കിലും ഭയക്കുന്നു എങ്കിൽ പുറത്തുവരാൻ ഇനിയും കഥകൾ ബാക്കിയുണ്ടാകും.

കോട്ടയം ഗവൺമെൻറ് നഴ്സിംഗ് കോളേജ്

അൽപ്പം മുമ്പ് ഞാൻ അവനുമായി സംസാരിച്ചിരുന്നു. അവന്റെ പരീക്ഷ നടക്കുകയാണ്. ഞാൻ ഓകെ ആണ്, മറ്റു പ്രശ്നങ്ങളില്ല എന്നാണ് അവൻ പറഞ്ഞത്. പരീക്ഷ കഴിഞ്ഞ ശേഷം വീട്ടിൽ വരാം, കാര്യമായി മറ്റു വിഷമങ്ങൾ ഇപ്പൊ ഇല്ലെന്ന് അവൻ പറയുന്നുണ്ട്. ഇതെല്ലം ആരെയെങ്കിലും പേടിച്ച് പറയാതിരിക്കുന്നതാണോ എന്നാണ് ഇപ്പോഴത്തെ സംശയം. നമുക്ക് ഈ ദൃശ്യങ്ങൾ കാണുമ്പോൾ തന്നെ ഇതിന്റെ ഗൗരവം മനസ്സിലാക്കാനാകും. എന്നാൽ ഇക്കാര്യത്തിൽ അവന്റെ ഭാഗത്ത് നിന്ന് പ്രശ്നങ്ങളില്ല എന്ന് ആവർത്തിക്കുന്നതിലൂടെ അവന്റെ ഉള്ളിൽ ആ ഭയം ഇപ്പോഴും ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്.

കോളേജ് പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകിയ അടിസ്ഥാനത്തിലാണ് നിലവിൽ വിദ്യാർത്ഥികൾക്കെതിരെ നടപടി ഉണ്ടായിട്ടുള്ളത്. ഞാൻ പോലീസുമായി സംസാരിച്ചിരുന്നു. നീതിപൂർവ്വമായ അന്വേഷണം നടക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. കോളേജ് അധികൃതരെ ഈ കാര്യത്തിൽ കുറ്റം പറയാനില്ല. അവർ വിവരം അറിഞ്ഞപ്പോൾ തന്നെ വേണ്ടവിധം കാര്യങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. നമ്മൾ മെറിറ്റ് മറന്ന് കുറെ ചർച്ച ചെയ്തിട്ട് കാര്യമില്ല. ഇനി ഒരു വിദ്യാർത്ഥിക്ക് ഈ അവസ്ഥ ഉണ്ടാകരുത്. അതിന് നമ്മുടെ സംവിധാനങ്ങൾക്ക് എന്ത് ചെയ്യാനാകും എന്ന ആലോചന വേണം.

ഫെബ്രുവരി 10 തിങ്കളാഴ്ചയാണ് കോട്ടയം ഗവൺമെന്റ് നഴ്സിങ് കോളിലെ റാഗിങ്ങ് വാർത്ത പുറത്തെത്തുന്നത്. മൂന്നാം വർഷ വിദ്യാർത്ഥികളായ സാമുവൽ ജോൺസൺ, എൻ എസ് ജീവ, കെ പി രാഹുൽ രാജ്, സി റിജിൽ ജിത്ത്, വിവേക് എൻപി എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. സംഭവത്തിൽ ഡയറക്ട്രേറ്റ് ഓഫ് മെഡിക്കൽ എഡ്യുക്കേഷനിലെ സംഘം സ്ഥലം സന്ദർശിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT