Special Report

'വാസന്തി മോഷ്ടിച്ചതല്ല, ശ്രീനിവാസന്‍ മാഷുടെ ആരോപണം വേദനിപ്പിച്ചു', വാസന്തി വിവാദത്തില്‍ സംവിധായകന്‍

മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ 'വാസന്തി'ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി സിനിമയുടെ സംവിധായകരില്‍ ഒരാളായ സജാസ് റഹ്മാന്‍. വാസന്തി എന്ന സിനിമ ഇന്ദിര പാര്‍ത്ഥ സാരഥിയുടെ പോര്‍വേ പോര്‍ത്തിയ ഉടല്‍കള്‍ എന്ന നാടകത്തിന്റെ അഡാപ്‌റ്റേഷനോ, നാടകത്തില്‍ നിന്ന് മോഷ്ടിച്ചതോ അല്ലെന്ന് അദ്ദേഹം ദ ക്യുവിനോട് പ്രതികരിച്ചു. ചിത്രത്തിനെതിരെ ഉണ്ടായിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും, സിനിമ കണ്ടു കഴിയുമ്പോള്‍ ഇത് മാറുമെന്നും നിര്‍മ്മാതാവും നടനുമായ സിജു വില്‍സണും ദ ക്യുവിനോട് പറഞ്ഞു.

റഹ്മാന്‍ ബ്രദേര്‍സ് എന്നറിയപ്പെടുന്ന ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് വാസന്തി സംവിധാനം ചെയ്തിരിക്കുന്നത്. സ്വാസിക, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. മികച്ച സിനിമ, മികച്ച തിരക്കഥ, സ്വഭാവ നടി എന്നീ അവാര്‍ഡുകളാണ് ചിത്രം സ്വന്തമാക്കിയത്.

തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ ഇന്ദിര പാര്‍ത്ഥ സാരഥിയുടെ പോര്‍വേ പോര്‍ത്തിയ ഉടല്‍കള്‍ എന്ന നാടകത്തില്‍ നിന്നും മോഷ്ടിച്ചതാണ് ചിത്രത്തിന്റെ കഥയെന്നായിരുന്നു ആരോപണം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി.കെ.ശ്രീനിവാസന്‍ ഇക്കാര്യം ആരോപിച്ച് എഴുതിയ കുറിപ്പ് ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

സജാസ് റഹ്മാന്റെ പ്രതികരണം

'വാസന്തി എന്ന സിനിമ, പോര്‍വേ പോര്‍ത്തിയ ഉടല്‍കള്‍ എന്ന ഇന്ദിരാ പാര്‍ത്ഥസാരതിയുടെ നാടകത്തിന്റെ അഡാപ്‌റ്റേഷന്‍ ആണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ രണ്ട് ദിവസമായി പല ഇടത്തും കാണുന്നുണ്ടായിരുന്നു. വാസന്തി എന്ന സിനിമയിലേക്ക് എത്തിപ്പെട്ടതിന്റെ 'തുടക്കം'

ഞാന്‍ 2010 ല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പ്രൊഡക്ഷന്‍ന്റെ ഭാഗമായി ചെയ്ത ഈ നാടകത്തില്‍ നിന്നാണ് എന്ന് ഞങ്ങള്‍ പല മാധ്യമങ്ങളോടും പറഞ്ഞിരുന്നു. ഈ വാചകത്തെ പല രീതിയില്‍ വ്യാഖ്യാനിച്ച് ആ പ്ലേയുടെ അഡാപ്‌റ്റേഷന്‍ ആണ് വാസന്തി എന്ന രീതിയില്‍ രണ്ട് മൂന്ന് പത്ര വാര്‍ത്തകള്‍ വരികയുണ്ടായി.

പക്ഷേ ഏറ്റവും വിഷമം തോന്നിയ കാര്യം ആ പത്ര വാര്‍ത്ത കണ്ട് പി.കെ.ശ്രീനിവാസന്‍ മാഷ് ഇന്നലെ വാസന്തി സിനിമയിലെ മോഷണത്തെ കുറിച്ച് ശക്തമായ ഭാഷയില്‍ എഴുതുക ഉണ്ടായി. ആ എഴുത്തു ഒരുപാട് പേരിലേക്ക് എത്തുകയും ചെയ്തു.(ശ്രീനിവാസന്‍ മാഷ് സിനിമ കണ്ടിട്ടുണ്ടോ എന്നറിയില്ല.)

പോര്‍വേ പോര്‍ത്തിയ ഉടല്‍കള്‍ എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തിന്റെ പേര് വാസന്തി എന്നാണ്. ആ നാടകം ചെയ്യുമ്പോള്‍ ആ കഥാപാത്രത്തോട് തോന്നിയ അടുപ്പം തന്നെയാണ് ആ പേര് സിനിമയ്ക്ക് നല്‍കാനും സിനിമയിലെ കഥാപാത്രത്തിനു നല്‍കാനും പ്രേരിപ്പിച്ചത്.

അതിനപ്പുറം ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാകുന്നത് പല കാലങ്ങളില്‍ ആയി (നാല് വര്‍ഷത്തോളം എടുത്തു സിനിമ പൂര്‍ത്തിയാവാന്‍) പലപ്പോഴായി, വന്നു കൂടിയ പല ചിന്തകളുടെയും, അതിനിടയില്‍ ഞാന്‍ ചെയ്ത പല നാടകങ്ങളുടെ ചിന്തകളെയും അടിസ്ഥാനപ്പെടുത്തിയാണ്.

ഏറ്റവും സ്വാതത്രമായ വാസന്തിയുടെ യാത്ര, ആ യാത്രയ്ക്കുള്ള ആദ്യചിന്തകളെ നല്‍കിയത് പോര്‍വേ പോര്‍ത്തിയ ഉടല്‍കള്‍ എന്ന നാടകം തന്നെയാണ്.

ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന നാടക അധ്യാപകരില്‍ ഒരാളാണ് ഈ നാടകത്തിന്റെ രചയിതാവ് ഇന്ദിരാ പാര്‍ത്ഥസാരഥി. അതുകൊണ്ട് തന്നെയാണ് ഞങ്ങള്‍ ആ പേരും, ആ നാടകത്തിന്റെ പേരും വീണ്ടും പലപ്പോഴായി ഞങ്ങള്‍ ആവര്‍ത്തിക്കുന്നത്. Inspired by the thoughts dramatized by the play porvai porthiya udalgal by indhira parthasarathy..എന്ന് സിനിമയില്‍ എഴുതിയിട്ടുമുണ്ട്.'

വിമര്‍ശനങ്ങള്‍ സിനിമ കാണുമ്പോള്‍ മാറും

വാസന്തി എന്ന സിനിമയുണ്ടായത് എങ്ങനെയെന്ന് സംവിധായകന്‍ പറഞ്ഞ കാര്യങ്ങള്‍ ആരോ തെറ്റിദ്ധാരണയുണ്ടാക്കും വിധം എഴുതിയതാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് കാരണമെന്ന് സിജു വില്‍സണ്‍.

വാസന്തി എന്ന് പറയുന്ന ഈ ചിത്രം അവാര്‍ഡ് ജ്യൂറിയും, പിന്നെ പ്രിവ്യൂ നടത്തിയതിലൂടെ കുറച്ച് ആളുകളും മാത്രമേ കണ്ടിട്ടുള്ളൂ. വേറെ ആരും കണ്ടിട്ടില്ല. സിനിമ കാണാതെ, ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആരോപണങ്ങളുണ്ടാകുന്നതില്‍ വിഷമമുണ്ട്. ഈ വിമര്‍ശനങ്ങളും ആരോപണങ്ങളും സിനിമ കണുമ്പോള്‍ മാറും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചില വാര്‍ത്തകള്‍ മൂലമാണ് ഇപ്പോള്‍ ഈ തെറ്റിദ്ധാരണയുണ്ടായിരിക്കുന്നത്. ഒരു അഭിമുഖത്തില്‍ സജാസ് റഹ്മാന്‍ ഇക്കാര്യം വ്യക്തമായായിരുന്നു പറഞ്ഞത്. പത്ത് വര്‍ഷം മുമ്പ് നാടകം ചെയ്ത് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്ന ചിന്തകളെ ആവിഷ്‌കരിച്ചാണ് ഈ സിനിമയിലേക്ക് വരുന്നതെന്ന്. അല്ലാതെ വാസന്തി എന്ന ഈ സിനിമ മോഷണമോ അഡാപ്‌റ്റേഷനോ അല്ല', സിജു വില്‍സണ്‍ പറഞ്ഞു.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT