Special Report

ചെങ്ങോട്ടുമല തുരക്കാന്‍ വഴി തുറക്കുന്നു; വിദഗ്ധസമിതി റിപ്പോര്‍ട്ട് ഖനനത്തിന് അനുകൂലം

കോഴിക്കോട് കോട്ടൂര്‍ ചെങ്ങോടുമലയില്‍ ഖനനത്തിന് പാരിസ്ഥിതികാനുമതി നല്‍കാനുള്ള നീക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി. അനുമതി നല്‍കുന്നതിന് മുന്നോടിയായി സ്ഥലം സന്ദര്‍ശിച്ച വിദഗ്ധ സമിതി ഖനനത്തിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കി. പാരിസ്ഥിതികാനുമതി തേടി സംസ്ഥാനതല അപ്രൈസല്‍ കമ്മറ്റിക്ക് മുമ്പാകെ ഡെല്‍റ്റാ ഗ്രൂപ്പ് നല്‍കിയ അപേക്ഷയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും വനംവകുപ്പും ജില്ലാ ഭരണകൂടവും മുന്നോട്ട് വെച്ച വാദങ്ങളെ തള്ളിയാണ് റിപ്പോര്‍ട്ട്. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുതല്‍ ജില്ലാ കലക്ടര്‍ നിയോഗിച്ച വിദഗ്‌സംഘമുള്‍പ്പെടെ ക്വാറി വന്നാല്‍ ചെങ്ങോടുമലയില്‍ വലിയ പാരിസ്ഥിതികാഘാതമുണ്ടാകുമെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഖനനത്തിനുള്ള പാരിസ്ഥിതികാനുമതി 2019 ജൂണ്‍ 14ന് ജില്ലാ കളക്ടര്‍ മരവിപ്പിച്ചിരുന്നു. തീരുമാനം ജില്ലാ കളക്ടര്‍ സാംബശിവറാവു സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ അതോറിറ്റിക്ക് വിട്ടു. ഖനനത്തിനുള്ള അപേക്ഷ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് നേരത്തെ നിരസിച്ചിരുന്നു.

2019 ഡിസംബര്‍ 15 ന് കമ്പനി സംസ്ഥാന ഏകജാലക ബോര്‍ഡിനെ സമീപിച്ചു. ഇതിനെതിരെ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ടും സമരസമിതിയും തടസ ഹരജി ഫയല്‍ ചെയ്തിട്ടുണ്ടായിരുന്നു. ഇതിനിടെയാണ് സംസ്ഥാന വിദഗ്ധ സമിതി സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സംസ്ഥാന വിദഗ്ധ വിലയിരുത്തല്‍ സമിതിയിലെ അംഗങ്ങളായ ഡോ: പി. എസ്. ഈസ, കെ. കൃഷ്ണ പണിക്കര്‍ എന്നിവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചിരിക്കുന്നത്. 2020 ജനുവരി 12 നാണ് വിദഗ്ധ സമിതി പ്രദേശം സന്ദര്‍ശിച്ചത്. പ്രദേശവാസികളോടോ ഖനനവിരുദ്ധ സമരസമിതി പ്രവര്‍ത്തകരോടോ പഞ്ചായത്ത് അധികൃതരോടോ സംസാരിക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ആരോപണമുണ്ട്.

സമിതിയുടെ കണ്ടെത്തലുകള്‍ പ്രധാനമായും ഇവയാണ്

വനപ്രദേശമല്ലിത്. 2018 ജൂലൈ 12ന് പ്രദേശം സന്ദര്‍ശിച്ചതിന് ശേഷം ജലവിഭവവിനിയോഗ കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ടില്‍ ചെങ്ങോട്ടുമലയിലെ ജലസ്രോതസ്സുകളെ പറ്റി പറഞ്ഞിരുന്നു. എന്നാല്‍ സമിതി ഇത് തള്ളിക്കളയുന്നു.അപൂര്‍വ ഇനത്തില്‍പ്പെട്ട പക്ഷികളും സസ്തനികളും ഇവിടെയുണ്ടെന്ന വാദം ജൈവവൈവിധ്യ പഠന റിപ്പോര്‍ട്ടിലില്ല. പുതിയ ഇനത്തില്‍പ്പെട്ട പഴുതാരകളെയും ഓന്തുകളും മാത്രമാണ് ഇവിടെയുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പഞ്ചായത്തിന്റെ നിര്‍ദേശപ്രകാരം 2019 മെയ് 30ന് സ്ഥലം സന്ദര്‍ശിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ട് വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പറയുന്നില്ലെന്നാണ് സമിതി വിലയിരുത്തിരിക്കുന്നത്. ഖനനം പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്ന വനംവകുപ്പിന്റെ റിപ്പോര്‍ട്ടും സമിതി തള്ളി. ഖനനത്തിന് അനുമതി തേടിയിരിക്കുന്ന പ്രദേശത്ത് വീടുകളോ സ്ഥാപനങ്ങളോ ഇല്ല. ഇവിടെ നിന്നും 300 മീറ്റര്‍ അകലെയാണ് ജനവാസ കേന്ദ്രം. മരങ്ങളും കുറ്റിക്കാടുകളും ഉണ്ടെങ്കിലും ഇടതൂര്‍ന്ന് നില്‍ക്കുന്നവയല്ല. മൃഗങ്ങളുണ്ടെന്നതിനും തെളിവില്ല. മലബാര്‍ വന്യജീവി സങ്കേതത്തിന്റെ പത്ത് മീറ്റര്‍ ചുറ്റളവിലാണെങ്കിലും ക്വാറി ഉടമ നാഷണല്‍ ബോര്‍ഡ് ഓഫ് വൈല്‍ഡ് ലൈഫിനെ അനുമതിക്കായി സമീപിച്ചിട്ടുണ്ടെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മന്ത്രി ടി. പി. രാമകൃഷ്ണന്‍ ചെങ്ങോടുമലയും സമരപന്തലും സന്ദര്‍ശിച്ച് നാട്ടുകാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ചതാണ്. സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക ഘടകങ്ങള്‍ ഖനനത്തിന് എതിരാണ്. എന്നാല്‍ ഭരണതലത്തില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് സമരസമിതിയുടെ ആരോപണം.

2018ല്‍ ജില്ലാ ഏകജാലക സമിതി നല്‍കിയ അനുമതി ഉപയോഗിക്കില്ലെന്ന് ഡെല്‍റ്റ ഗ്രൂപ്പ് ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയതായി സമരസമിതി നേതാവ് ജിനീഷ് പറയുന്നു. എന്നാല്‍ ഇതിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ സമിതിയില്‍ അപേക്ഷ നല്‍കിയത്.

ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് വിരമിക്കുന്നതിന് തൊട്ട് മുമ്പ് സംസ്ഥാന ഏകജാലക ബോര്‍ഡിന്റെ ഹിയറിംഗ് വിളിച്ചിരുന്നു. ഇതിനെതിരെ സമരം ശക്തമാക്കിയതോടെ യോഗം മാറ്റിവെച്ചു.
ജിനീഷ്

ഈ മാസം സമിതി ചേരുന്നുണ്ട്. സംസ്ഥാന വിദഗ്ധ വിലയിരുത്തല്‍ സമിതിയുടെ റിപ്പോര്‍ട്ട് ഇതില്‍ പരിഗണിക്കും. കൂടാതെ ജയ്പൂര്‍ ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ റിപ്പോര്‍്ട്ട് ഡെല്‍റ്റ ഗ്രൂപ്പും സമര്‍പ്പിച്ചിട്ടുണ്ട്.

ഡോ: പി. എസ്. ഈസയും കെ. കൃഷ്ണ പണിക്കറും റിപ്പോര്‍ട്ടിനെതിരെ സമരസമിതി രംഗത്തെത്തിയിരിക്കുകയാണ്. കമ്പനിയുടെ സ്വാധീനത്തിന് വഴങ്ങിയുള്ള റിപ്പോര്‍ട്ടാണ് സമിതി സമര്‍പ്പിച്ചതെന്നാണ് സമരസമിതിയുടെ ആരോപണം.

ഗ്രാമ പഞ്ചായത്ത് അധികൃതരെ പോലും അറിയിക്കാതെ ക്വാറി ഉടമയുടെ കൂടെയാണ് സംഘം ചെങ്ങോടുമല സന്ദര്‍ശിച്ചത്. കമ്പനി അധികൃതര്‍ പറയുന്നത് മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇതിനെയെല്ലാം ഗൗരവത്തിലെടുക്കാതെയുള്ളതാണ് ഈ രണ്ടംഗ സംഘത്തിന്റെ റിപ്പോര്‍ട്ട്.
ബിജു, സമരസമിതി നേതാവ്

പ്രദേശം സന്ദര്‍ശിച്ച് വിലയിരുത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് ഡോക്ടര്‍ പി എസ് ഈസ ദ ക്യുവിനോട് പറഞ്ഞു. സമരസമിതിയുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും ഈസ വ്യക്തമാക്കി.

ചെങ്ങോട്ടുമലയും ഖനനവിവാദവും

കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലാണ് ചെങ്ങോട്ടുമല. സമുദ്രനിരപ്പില്‍ നിന്നും 250 മീറ്റര്‍ ഉയലത്തിലാണിത്. 2017ല്‍ പത്തനംതിട്ട സ്വദേശി ചെറുപുളിച്ചിയില്‍ തോമസ് ഫിലിപ്പിന്റെ ഡല്‍റ്റ ഗ്രൂപ്പ്് ഖനനത്തിനുള്ള അനുമതി തേടിയതോടെയാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. 2017 ഡിസംബര്‍ 13 ന് അന്നത്തെ കോഴിക്കോട് സബ് കളക്ടറായിരുന്ന സ്‌നേഹില്‍ കുമാര്‍ സിംഗ് ഐഎഎസ് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന് പിന്നാലെ 2018 ജനുവരി 10ന് ജില്ലാ ഏകജാലക സമിതി ഖനനത്തിന് അനുമതി നല്‍കി.

4.8110 ഹെക്ടര്‍ സ്ഥലത്താണ് ഖനനം നടത്തുകയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനോട് ചേര്‍ന്നുള്ള 100 ഏക്കറിലധികം സ്ഥലം കമ്പനിയുടെ ഉടമസ്ഥതയിലാണെന്നാണ് സമരസമതി പറയുന്നത്. അനുമതി നല്‍കിയാല്‍ ചെങ്ങോട്ടുമല തന്നെ ഇല്ലാതാക്കുന്ന രീതിയിലാകും ഖനനം. ഖനനമേഖലയോട് ചേര്‍ന്ന് ജനവാസ കേന്ദ്രമുണ്ടെന്നും മണ്ണിടിച്ചില്‍ പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇടയാക്കുമെന്നും സമരസമിതി ചൂണ്ടിക്കാണിക്കുന്നു.

ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ നിയോഗിച്ച സമിതി

2019 ജൂണ്‍ 14ന് ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തിയ ഏഴംഗ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചെങ്ങോട്ടുമലയില്‍ ഖനനം നടത്തിയാല്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. പ്രദേശത്തെക്കുറിച്ച് പഠിക്കാതെയാണ് ഖനനത്തിന് അനുമതി കൊടുത്തതെന്ന് തിരുവനന്തപുരം എന്‍സിഇഎസ്എസിലെ ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ ഡി പത്മലാലിന്റെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തി. പ്രദേശത്തെ ആവാസവ്യവസ്ഥയെ തകിടം മറിക്കും. കാവ് നശിക്കും. നിരവധി മരങ്ങളും ഔഷധസസ്യങ്ങളും ഇവിടെയുണ്ട്. മണ്ണൊലിപ്പും ഉരുള്‍പൊട്ടലും ഉണ്ടാകും. പ്രകൃതിദത്ത നീരുറവകള്‍ ഇല്ലാതാകും. ഭൂഗര്‍ഭജലവും ഉപരിതലജലവും കുറയും. പ്രദേശത്തുള്ളവരുടെ പ്രധാന വരുമാന മാര്‍ഗ്ഗമായ കൃഷി ഇല്ലാതാകും. നിര്‍ദ്ദിഷ്ട ഖനന മേഖലയുടെ 300 മീറ്ററിനുള്ളില്‍ വീടുകളുണ്ട്. ഖനനം ആരംഭിച്ചാല്‍ 650 മീറ്റര്‍ ദൂരം വരെ പാറ കല്ലുകള്‍ തെറിക്കും. വിനോദസഞ്ചാരത്തിന് സാധ്യതയുള്ള പ്രദേശമാണിതെന്നും സമിതി റിപ്പോര്‍ട്ട് നല്‍കി.

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ റിപ്പോര്‍ട്ട്

ചെങ്ങോട്ടുമലയില്‍ ഖനനം അനുവദിക്കാനാവില്ലെന്നായിരുന്നു കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിദഗ്ധ സമിതി റിപ്പോര്‍ട്ട്. കോട്ടൂര്‍ പഞ്ചായത്ത് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു പഠനം. ഖനനം മേഖലയില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കും. ചെരിവുള്ള കുന്നാണ്. ജലസ്രോതസ്സുകളുണ്ട്. വൈവിധ്യമുള്ള ഭൂപ്രകൃതി നശിക്കാന്‍ ഇടയാക്കും.

ഖനനമേഖലയും മലബാര്‍ വന്യജീവി സങ്കേതവും

മലബാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും 8.70 കിലോമീറ്റര്‍ ദൂരം മാത്രമാണ് നിര്‍ദ്ദിഷ്ട ക്വാറിയിലേക്കുള്ളത്. പത്ത് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ഖനനത്തിന് അനുമതി നല്‍കരുതെന്നാണ് നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് നിര്‍ദേശിച്ചിട്ടുള്ളത്. ജില്ലാ ഏകജാലക സമിതി അനുമതി നല്‍കുമ്പോള്‍ ഇക്കാര്യം പരിഗണിച്ചിരുന്നില്ല. പരാതി ഉയര്‍ന്നപ്പോള്‍ വനംവകുപ്പ് സര്‍വേ നടത്തി പത്ത് കിലോമീറ്റര്‍ പരിധിക്കുള്ളിലാണെന്ന് കണ്ടെത്തുകയായിരുന്നു. ജില്ലാ പാരിസ്ഥിതികാഘാത നിര്‍ണയ സമിതി നല്‍കിയ അനുമതി പുനപരിശോധിക്കണമെന്ന് അന്നത്തെ ഡിഎഫ്ഒ ആയിരുന്ന സുനില്‍കുമാര്‍ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഖനനവിരുദ്ധ സമിതിയുടെ ആശങ്കകള്‍ ബോധ്യപ്പെട്ടതായും കത്തില്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ പാരിസ്ഥിതിക ദുര്‍ബല പ്രദേശമോ വനമോ അല്ലെന്നാണ് ഉടമയുടെ വാദം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്നുള്ള ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഒരു കിലോമീറ്റര്‍ മാത്രമാക്കി ചുരുക്കിയത് കമ്പനിക്ക് അനുകൂലമാകും. കരിമ്പാലന്‍ സമുദായത്തില്‍പ്പട്ട ആദിവാസികള്‍ ഉള്‍പ്പെടെ ഇതിനോട് ചേര്‍ന്ന് താമസിക്കുന്നുണ്ട്. ഇവരുടെ ആചാരനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട കാവും ചെങ്ങോട്ടുമലയിലുണ്ട്.

ആദിവാദികള്‍ക്ക് വേണ്ടി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച കുടിവെള്ള ടാങ്ക് ക്വാറി കമ്പനി പൊളിച്ചു മാറ്റിയിരുന്നു. ഇതിനെതിരെ സമരസമിതി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്തിനോട് ടാങ്ക് നിര്‍മിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ കൂരാച്ചുണ്ട് പൊലീസ് ക്വാറി മുതലാളി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. 2018ല്‍ ഈ സ്ഥലത്ത് നിന്നും മരം മുറിച്ച് കടത്തിയ സംഭവത്തില്‍ ഉടമ തോമസ് ഫിലിപ്പ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. അനുമതിയില്ലാതെ മരം മുറിച്ചതിനായിരുന്നു കേസ്.

ചെങ്ങോടുമലയില്‍ ക്വാറിക്ക് പാരിസ്ഥിതികാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ശക്തമായ സമരത്തിനുള്ള ഒരുക്കത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍. ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രിക്ക് 10000 കത്തയക്കാനാണ് തീരുമാനം. അനിശ്ചിതകാല നിരാഹാര സമരം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT