Special Report

'വേനല്‍മഴയില്ലെങ്കില്‍ ഇടുക്കിയും മലബാറും കടുത്ത വരള്‍ച്ചയിലേക്ക്'; കരുതല്‍ വേണമെന്ന് മുന്നറിയിപ്പ്

മണ്‍സൂണില്‍ അധികമഴ ലഭിച്ചിട്ടും കേരളം വരള്‍ച്ചയിലേക്കെന്ന് മുന്നറിയിപ്പ്. വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ ഇടുക്കിയും മലബാറിലെ ജില്ലകളും കടുത്ത വരള്‍ച്ച നേരിടേണ്ടി വരുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിക്കുന്നു.

കാസര്‍കോഡ് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ നവംബര്‍ 15 മുതല്‍ ഫെബ്രുവരി 15 വരെയുള്ള കാലയളവില്‍ ലഭിച്ച മഴദിനങ്ങള്‍ കുറവാണ്. ജലാശയങ്ങള്‍ റീച്ചാര്‍ജ്ജ് ചെയ്യപ്പെടില്ല. ഇടുക്കി ജില്ലയില്‍ മണ്‍സൂണ്‍ തന്നെ കുറവായിരുന്നു. ഇതാണ് ഈ ജില്ലകളെ വരള്‍ച്ചയിലേക്ക് നീങ്ങിയേക്കുമെന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍, വടക്ക് കിഴക്കന്‍ മണ്‍സൂണിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്. ഇതില്‍ തന്നെ 70 ശതമാനവും തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിലാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ അധികമഴ ലഭിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ 13 ശതമാനവും നോര്‍ത്ത് ഈസ്റ്റ് മണ്‍സൂണ്‍ 27 ശതമാനവും അധികം ലഭിച്ചിട്ടുണ്ട്.

ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ 3000 മില്ലീമീറ്റര്‍ മഴ രണ്ട് മഴ സീസണിലായി ലഭിച്ചു. നോര്‍ത്ത് ഈസ്റ്റ് മണ്‍സൂണ്‍ ഡിസംബര്‍ വരെ തുടര്‍ച്ചയായി ലഭിച്ചാല്‍ മാത്രമേ ഭൂഗര്‍ഭജലമായി സംഭരിക്കപ്പെടുകയുള്ളുവെന്ന് ശാസ്ത്രജ്ഞാനായ ഡോക്ടര്‍ ദിനേശ് വി പി പറഞ്ഞു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ കിട്ടേണ്ട മഴ നവംബര്‍ പകുതിയോടെ കിട്ടി കഴിഞ്ഞു. അതിന് ശേഷം ചില ജില്ലകളില്‍ ഒറ്റപ്പെട്ട മഴ മാത്രമാണ് ലഭിച്ചത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ആവശ്യമായ മഴ കിട്ടിയില്ല.

നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ മഴയില്ലാത്ത ദിവസങ്ങള്‍ കൂടുതലാണ്. ഇത് ഭൂഗര്‍ഭജലത്തിന്റെയും ഉപരിതല ജലത്തിന്റെയും അളവ് കുറയ്ക്കും. 2018-19 ലേതിന് സമാനമായ സാഹചര്യമാണ് ഇത്തവണയും ഉണ്ടാകുവാന്‍ പോകുന്നത്.
ഡോക്ടര്‍ ദിനേശ് വി പി

ഇടയ്ക്കിടെ മഴ പെയ്യുമ്പോള്‍ മാത്രമാണ് കേരളത്തില്‍ വരള്‍ച്ചയില്ലാതെയിരിക്കുകയുള്ളു. കഴിഞ്ഞ രണ്ട് വര്‍ഷവും ഒന്നിച്ച് മഴ ലഭിച്ചത് പ്രളയത്തിന് കാരണമായി. ഭൂഗര്‍ഭജലത്തിന്റെ വിതാനം കുറയാനും ഇടയാക്കി. പ്രളയസമയത്ത് മേല്‍മണ്ണ് ഒലിച്ചു പോയി. മഴ പെയ്യുമ്പോള്‍ വെള്ളം മണ്ണിലേക്ക് ഇറങ്ങാതാകും. കിണറുകളില്‍ വെള്ളമെത്താന്‍ ഇത് തടസമായെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

മാര്‍ച്ച് ,ഏപ്രില്‍ മാസങ്ങളില്‍ വേനല്‍മഴ ലഭിക്കുകയും വേണം. പല സ്ഥലങ്ങളിലും കിണറിലെ വെള്ളം കുറഞ്ഞ് തുടങ്ങി. മലനാടിലും ഇടനാട്ടിലുമാണ് പ്രശ്‌നം. ഉപ്പുവെള്ളം തീരദേശത്തും ഉണ്ടാകും.കാനഡയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ 800 മുതല്‍ 1000 മില്ലി മീറ്റര്‍ വരെ മഴയാണ് ലഭിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.

ചെറിയ മഴ ഇടയ്ക്കിടെ കിട്ടുന്നതിനാല്‍ ജലസ്രോതസ്സുകള്‍ റീച്ചാര്‍ജ്ജ് ചെയ്തു കൊണ്ടിരിക്കും. കേരളത്തില്‍ ധാരാളം മഴ ലഭിക്കുകയും വെള്ളം 48 മുതല്‍ 72 മണിക്കൂര്‍ കൊണ്ട് കടലിലെത്തുകയും ചെയ്യുന്നു. സംഭരിക്കപ്പെടാത്തതാണ് വരള്‍ച്ചയിലേക്ക് നയിക്കുന്നത്.

വേനല്‍ കടുക്കുകയാണെങ്കില്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. വേനലിലെ മഴവെള്ളം സംഭരിച്ച് നിര്‍ത്തണം. മഴക്കുഴികള്‍, തെങ്ങിന്റെ തടം തുറന്നിടുക, കുളങ്ങള്‍ വൃത്തിയാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് മുന്നോട്ട് വെയ്ക്കുന്നത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT