സുജിത്തും സുനിലും വര്‍ക്‌ഷോപ്പിന് മുന്നില്‍  
Special Report

ആത്മഹത്യയിലും അഴിയാത്ത ചുവപ്പുനാട; സുഗതന് ശേഷം ലൈസന്‍സിനായി അലച്ചില്‍ തുടര്‍ന്ന് മക്കള്‍; ‘കേരളത്തില്‍ പ്രവാസിക്ക് ജീവിക്കാനാകില്ല’

ആത്മഹത്യ ചെയ്ത സുഗതന്റെ കുടുംബം ഒന്നരവര്‍ഷമായി ലൈസന്‍സിന് വേണ്ടിയുള്ള ആ നടപ്പ് തുടരുന്നു.

റെയ്ക്കാഡ് അപ്പു ജോര്‍ജ്‌

'ഓരോ ഫയലിലും ഓരോ ജീവിതമാണ്' എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഏറെ പ്രതീക്ഷയോടെയാണ് ജനം കേട്ടത്. എന്നാല്‍ ജീവിതം അവസാനിപ്പിച്ചാലും മുഖ്യമന്ത്രി പറഞ്ഞാലും തുറക്കാത്ത ഫയലുകളുണ്ടെന്ന് കൊല്ലം പുനലൂര്‍ സ്വദേശിയായ സുജിത്ത് പറയുന്നു. ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്യുന്നതിന് ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് പുനലൂരില്‍ സമാനസാഹചര്യത്തില്‍ ജീവനൊടുക്കിയ സുഗതന്റെ മകനാണ് സുജിത്ത്. വര്‍ക്‌ഷോപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദം തേടി അലഞ്ഞ് സഹികെട്ടശേഷം ആത്മഹത്യ ചെയ്ത സുഗതന്റെ കുടുംബം ഒന്നരവര്‍ഷത്തിനിപ്പുറം ആ നടപ്പ് തുടരുകയാണ്. വിളക്കുടി പഞ്ചായത്ത് അധികൃതര്‍ ലൈസന്‍സ് നല്‍കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴ്‌വാക്കായെന്നും സുഗതന്റെ മക്കളായ സുജിത്തും സുനിലും 'ദ ക്യൂ'വിനോട് പറഞ്ഞു.

അച്ഛന്‍ മരിച്ച മണ്ണാണിത്. ഇട്ടിട്ടുപോകാന്‍ പറ്റിയില്ല. ലൈസന്‍സില്ലെങ്കിലും വര്‍ക്‌ഷോപ് നടത്തുകയാണ്. ജീവിച്ചല്ലേ പറ്റൂ. പഞ്ചായത്ത് എപ്പോള്‍ വേണമെങ്കിലും വന്ന് പൊളിക്കും.
സുജിത്ത് സുഗതന്‍

സുജിത്ത് സുഗതന്‍ പറഞ്ഞത്

“മസ്‌കറ്റില്‍ അച്ഛനും എനിക്കും അനിയനും കൂടി വര്‍ക്‌ഷോപ്പ് ഉണ്ടായിരുന്നു. 34 വര്‍ഷത്തിന് ശേഷമാണ് അച്ഛന്‍ തിരിച്ചുവന്നത്. ഇവിടെ വര്‍ക്‌ഷോപ് തുടങ്ങി എല്ലാം സെറ്റാകുമ്പോള്‍ നാട്ടില്‍ തിരിച്ചെത്തി മൂന്നുപേര്‍ക്കും ഒരുമിച്ച് നടത്താമെന്നും ജീവിക്കാമെന്നും കരുതി. അച്ഛന്‍ ആത്മഹത്യ ചെയ്തതിന് ശേഷം വര്‍ക്‌ഷോപ്പിന് വേണ്ടിയുള്ള ശ്രമങ്ങള്‍ അവസാനിപ്പിച്ചതാണ്. പക്ഷെ സാമ്പത്തിക സഹായമുള്‍പ്പെടെ എല്ലാം ചെയ്തു തരാമെന്നും തിരിച്ച് പോകേണ്ടി വരില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഒന്നും സംഭവിച്ചില്ല. എംഎല്‍എയും വനം മന്ത്രിയുമായ കെ രാജു 'ആത്മഹത്യ ചെയ്തവനൊന്നും പണം തരാന്‍ വകുപ്പില്ല' എന്നാണ് പറഞ്ഞത്. നോര്‍ക്കയില്‍ നിന്നുള്ള അപേക്ഷയുമായി ബാങ്കുകള്‍ കയറിയിറങ്ങി. സൗത്ത് ഇന്ത്യന്‍ ബാങ്കും യൂണിയന്‍ ബാങ്കും ലോണ്‍ തന്നില്ല. ഒരു വിധം വായ്പ സംഘടിപ്പിച്ച് വര്‍ക്‌ഷോപ്പില്‍ നിക്ഷേപിച്ചു. എന്നിട്ടും ലൈസന്‍സിന്റെ കാര്യത്തില്‍ വിളക്കുടി പഞ്ചായത്ത് അധികൃതര്‍ കനിഞ്ഞില്ല. കുറേ തവണ കയറിയിറങ്ങി. ഇങ്ങോട് (ഓഫീസിലേക്ക്) വരേണ്ടെന്ന് അവര്‍ പറഞ്ഞു. അച്ഛന്‍ മരിച്ചത് 2018 ഫെബ്രുവരി 23നാണ്. ഒരു വര്‍ഷത്തിന് ശേഷം കഴിഞ്ഞ ജനുവരിയിലാണ് പഞ്ചായത്ത് വര്‍ക്‌ഷോപ്പിന് നമ്പറിട്ട് തരികയെങ്കിലും ചെയ്തത്. അതും ഞാനും അനിയനും ദിവസം മുഴുവന്‍ പഞ്ചായത്ത് ഉപരോധിച്ചതിന് ശേഷം. നമ്പര്‍ ലഭിച്ചാലും സ്റ്റോപ് മെമ്മോ തന്ന് എപ്പോ വേണമെങ്കിലും വര്‍ക്‌ഷോപ് പൊളിക്കുമെന്നാണ് പഞ്ചായത്ത് പറയുന്നത്. ലൈസന്‍സ് ഇല്ലല്ലോ.

സുഗതന്‍ 

മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതുകൊണ്ടാണ്. അല്ലെങ്കില്‍ അച്ഛന്‍ മരിച്ച് രണ്ടാം മാസം ഞാനും അനിയനും തിരികെ മസ്‌കറ്റിലേക്ക് പോയേനെ. ലൈസന്‍സ് കിട്ടുമെന്ന് കരുതി കടം വാങ്ങി വര്‍ക്‌ഷോപ്പില്‍ നിക്ഷേപിച്ചു. വലിയ കടമുണ്ട് ഇപ്പോള്‍. തിരിച്ചുപോകാനും പറ്റാതായി. മസ്‌കറ്റിലെ വര്‍ക്‌ഷോപ്പും പോയി. ഒരു പാര്‍ട്ടിയിലും ഇല്ലാത്ത സാധാരണക്കാരന് ഈ നാട്ടില്‍ ഒന്നും നടത്താന്‍ പറ്റില്ല. വര്‍ക്‌ഷോപ്പ് പഞ്ചായത്ത് എപ്പോള്‍ വേണമെങ്കിലും പൊളിക്കും. കണ്ണൂരില്‍ സാജന്‍ എന്നയാള്‍ ആത്മഹത്യ ചെയ്തത് കണ്ടില്ലേ? കേരളത്തില്‍ പ്രവാസിക്ക് ജീവിക്കാന്‍ പറ്റില്ല.”

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT