Special Report

പലരുടെയും കാല് പിടിച്ചും ആരും സഹായിച്ചില്ല, ആനയെ പേടിച്ച് പാറപ്പുറത്താണ് ഈ അമ്മയും മകനും

ഹരിനാരായണന്‍

ഒന്നോ രണ്ടോ ആനയല്ല, ഒറ്റയാന്‍മാര് തന്നെ മൂന്ന് പേരുണ്ട്, പലരുടെയും കാല് പിടിച്ചു സഹായത്തിന്. ചിലപ്പോള്‍ മോന്റെ ദേഹത്ത് വെള്ളം വീഴും മഴയത്ത്, അപ്പോ വെളുക്കും വരെ ഉറങ്ങാതെ ഇരിക്കും.

ഇടുക്കി മൂന്നാര്‍ ചിന്നക്കനാലിലെ 301 സെന്റ് കോളനി എന്ന പ്രദേശത്തെ വിമലയുടെ വാക്കുകളിലുണ്ട് കാലങ്ങളായി അവര്‍ നേരിട്ട അവഗണനയും ദുരിതവും. മുമ്പ് കഴിഞ്ഞിരുന്ന താല്‍ക്കാലിക കൂര കാട്ടാന തകര്‍ത്തെറിഞ്ഞതോടെ പാറപ്പുറത്താണ് വിമലയും മകനും കഴിയുന്നത്. ഓട്ടിസം ബാധിച്ച മകന്‍ സനലിനെ നോക്കാന്‍ മറ്റാരുമില്ലാത്തതിനാല്‍ ജോലിക്ക് പോകാനും സാധിക്കില്ല.

ആദ്യം താമസിച്ച ഷെഡ് ആന നശിപ്പിച്ചതോടെയാണ് വിമലയുടെ ദുരിതം. വീട് നിന്നയിടം കാട് മൂടിയെങ്കിലും അധികൃതര്‍ കനിഞ്ഞില്ല. കാട്ടാനക്കൂട്ടത്തെ ഭയന്ന് പാറപ്പുറത്ത് ചെറിയൊരു ഷെഡ് കെട്ടി മകനൊപ്പം കഴിയുകയാണ് വിമല.

2001ല്‍ തങ്ങള്‍ക്ക് 301 കോളനിയില്‍ ലഭിച്ച പട്ടയഭൂമിയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. പയറും ചേമ്പും ചേനയും കൃഷി ചെയ്‌തെങ്കിലും കാട്ടാനയും വന്യമൃഗങ്ങളും നശിപ്പിക്കും. മകന്റെ ചികില്‍സയും സംരക്ഷണവും നിര്‍വഹിക്കാന്‍ പറ്റുന്നില്ലെന്ന് വിമല. വൃക്കരോഗ ബാധിതയുമാണ് വിമല.

കാലങ്ങളായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയെങ്കിലും സഹായം നിഷേധിക്കപ്പെട്ടെന്ന് വിമല. അടുപ്പക്കാരുടെ വീടുകള്‍ കുറച്ചുകാലം നിന്നു. അവര്‍ക്ക് ബുദ്ധിമുട്ടാണെന്ന് മനസിലായതോടെ തിരികെ പാറപ്പുറത്തേക്ക് തന്നെ വരേണ്ടി വന്നു. തുണിയും ചാക്കില്‍ കെട്ടി ആനയെ പേടിച്ച് പാറപ്പുറത്ത് കയറിയിട്ട് വര്‍ഷങ്ങളായെന്ന് വിമല ദ ക്യുവിനോട്.

മകന് ആനുകൂല്യം കിട്ടിയപ്പോഴാണ് പാറപ്പുറത്ത് കേറാനുള്ള ഏണിയും ടാര്‍പോളിനും വാങ്ങിയത്. അടച്ചുറപ്പുള്ള വീട് വേണമെന്നാണ് വിമലയുടെയും മകന്റെയും ആവശ്യം.

മലയാളത്തിന്റെ 'വണ്ടർ വുമൺ'; മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 35 കോടി പിന്നിട്ട് 'ലോക'

ജയസൂര്യയുടെ പിറന്നാൾ സ്പെഷ്യൽ; 'കത്തനാർ' ഫസ്റ്റ് ലുക്ക് പുറത്ത്

ജിഎസ്ടി പരിഷ്‌കരണം നികുതി ഭാരം കുറയ്ക്കല്‍ അല്ല, ട്രംപിന് വഴി വെട്ടുകയാണ്

മലയാളത്തിന്റെ അല്ല, ഇന്ത്യൻ സിനിമയുടെ 'ലോക'; കയ്യടി നേടി ദുൽഖർ എന്ന നിർമ്മാതാവ്

കേരളാ ബോക്സ് ഓഫീസിന്റെ സൂപ്പർഹീറോ; മികച്ച കളക്ഷനുമായി ലോക

SCROLL FOR NEXT