News n Views

കാല്‍ ക്ലിക്കില്‍ പ്രതിപക്ഷ നേതാവിനെയും പകര്‍ത്തി പ്രണവ്‌ ; ‘ഇനി മുതല്‍ പരാതിപ്പെടാന്‍ ഒരവകാശവും ഇല്ലെന്ന’ അനുഭവമെന്ന് കുറിപ്പ്

THE CUE

റിയാലിറ്റി ഷോ പ്രകടനങ്ങളിലൂടെ സ്വരുക്കൂട്ടിയ തുകയുമായി തന്നെക്കാണാനെത്തിയ ഭിന്നശേഷിക്കാരനായ പ്രണവ് എന്ന പ്രതിഭയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുത്തിയിരുന്നു. ആലത്തൂര്‍ സ്വദേശിയും ചിത്രകാരനുമായ പ്രണവ് ഓഫീസില്‍ കാണാനെത്തിയ ഹൃദയസ്പര്‍ശിയായ അനുഭവമാണ് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനാണ് പ്രണവ് അച്ഛന്‍ ബാലസുബ്രഹ്മണ്യത്തിനും അമ്മ സ്വര്‍ണകുമാരിയ്ക്കും ഒപ്പമെത്തിയത്. ഇരുകൈകളുമില്ലാത്ത പ്രണവ് ജന്‍മ ദിനത്തിലാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള തന്റെ വിഹിതവുമായി വന്നത്. തുടര്‍ന്ന് കാലുകൊണ്ട് മുഖ്യമന്ത്രിയെ സെല്‍ഫിയില്‍ പകര്‍ത്തുകയും ചെയ്തു.

സന്ദര്‍ശനത്തിനിടെ പ്രണവ് നിയമസഭാ ഓഫീസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കണ്ടിരുന്നു. പ്രണവിനെ പരിചയപ്പെട്ട അനുഭവം അദ്ദേഹവും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്. നാം കൈകള്‍ കൊണ്ട് നിര്‍വഹിക്കുന്നതെല്ലാം കാലുകള്‍ കൊണ്ട് ചെയ്യുകയും ചിത്രം വരയ്ക്കുകയും ചെയ്യുന്ന പ്രണവ് പ്രതിസന്ധികളെ എങ്ങിനെ പോസിറ്റീവ് ആയി കൈകാര്യം ചെയ്യാം എന്നതിന്റെ വര്‍ത്തമാനകാല റോള്‍ മോഡല്‍ ആണെന്ന് രമേശ് ചെന്നിത്തല കുറിച്ചു. ഈ നിശ്ചയദാര്‍ഢ്യം ഏവര്‍ക്കും പ്രചോദനമാണെന്ന് പറഞ്ഞ അദ്ദേഹം ലോകത്ത് ആദ്യമായി ഹൃദയ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നിര്‍വഹിച്ച ഡോ. ക്രിസ്റ്റ്യന്‍ ബര്‍ണാഡിന്റെ ഒരു അനുഭവവും വിവരിച്ചു.

ഒരു കണ്ണ് നഷ്ടപ്പെടുകയും ഒരു കൈ ഇല്ലാതാവുകയും ചെയ്ത കുട്ടികള്‍ ജീവിതം ആഘോഷമാക്കുന്നത് തന്റെ കണ്ണ് തുറപ്പിച്ചെന്ന് ക്രിസ്റ്റ്യന്‍ ബര്‍ണാഡ് എഴുതിയതാണ് രമേശ് ചെന്നിത്തല ഉദ്ധരിച്ചത്. എല്ലാ അവയവങ്ങളുമുള്ള തനിക്ക് ഇനിമേല്‍ പരാതിപ്പെടാന്‍ അവകാശമില്ലെന്ന് ബര്‍ണാഡ് പറഞ്ഞുവെയ്ക്കുന്നുണ്ടെന്നും അതുപോലത്തെ അനുഭവമാണ് പ്രണവിനെ കണ്ടപ്പോള്‍ ഉണ്ടായതെന്നും രമേശ് ചെന്നിത്തല പരാമര്‍ശിച്ചു. പ്രണവ് കാലുകള്‍ കൊണ്ട് സെല്‍ഫിയെടുക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിറ്റൂര്‍ ഗവണ്‍മെന്റ് കോളജില്‍ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പിഎസ് സി പരീക്ഷാ പരിശീലനം നേടുകയാണ് ഇപ്പോള്‍.

രമേശ് ചെന്നിത്തലയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

ലോകത്ത്‌ ആദ്യമായി ഹൃദയ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ക്രിസ്ത്യൻ ബർനാഡിന്റെ ഒരു അനുഭവം ഉണ്ട്‌. ആശുപത്രി ദിനചര്യയുടെ ഭാഗമായി അദ്ദേഹം വാർഡിലൂടെ റൗണ്ട്സ്‌ എടുക്കുകയാണ്‌. ചെറുതും വലുതുമായ രോഗങ്ങൾക്ക്‌ ചികിത്സ തേടുന്നവർ വാർഡിലുണ്ട്‌. രോഗികളിൽ പലരും നിരാശരാണ്‌, തങ്ങൾക്ക്‌ ഇങ്ങനെ ഒരു ഗതി വന്നല്ലോ എന്നാണ്‌ പലരുടേയും ചിന്ത. ആകെ ഒരു ഡിപ്രസ്ഡ്‌ അന്തരീക്ഷം. പെട്ടന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ, ആ വാർഡിൽ കലപില കൂട്ടിക്കൊണ്ടിരുന്ന രണ്ട്‌ കുട്ടികളിലേക്ക്‌ പോയി. അവർ ഓടി നടക്കുന്നു, കളിക്കുന്നു, ബഹളം വെയ്ക്കുന്നു. അടുത്ത്‌ ചെന്നപ്പോൾ ഒരു ആക്സിഡന്റിൽ പെട്ട രണ്ട്‌ കുട്ടികളാണ്‌.

ഒരാളുടെ ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായി പോയി. മറ്റേയാളുടെ ഒരു കൈ മുറിച്ച്‌ കളയണ്ടി വന്നു. ആ വാർഡിൽ കിടക്കുന്നവരിൽ ഏറ്റവും നഷ്ടം സംഭവിച്ച ഇവർ എന്താണ്‌ ഇങ്ങനെ കളിച്ച്‌ ചിരിച്ച്‌ നടക്കുന്നത്‌ എന്ന് അദ്ദേഹത്തിനു മനസ്സിലായില്ല. അവരോട്‌ തന്നെ അത്‌ ചോദിച്ചപ്പോൾ, എന്റെ ഒരു കണ്ണ്‌ നഷ്ടപ്പെട്ടപ്പോൾ ആണ്‌ എന്റെ മറ്റേ കണ്ണിന്റെ വില മനസ്സിലായത്‌ എന്ന് ഒരു കുട്ടി. എന്റെ ഒരു കൈ നഷ്ടപ്പെട്ടപ്പോൾ ആണ്‌ എന്റെ അടുത്ത കൈയുടെ വില മനസ്സിലായത്‌ എന്ന് മറ്റേയാൾ. അത്‌ മാത്രമല്ല, കാലിന്റെയും, കാതിന്റെയും, മൂക്കിന്റെയും എല്ലാം വില ഞങ്ങൾക്ക്‌ ഇപ്പോൾ മനസ്സിലായി എന്നവർ.


അത്‌ കൊണ്ട്‌ ഞങ്ങൾ ഇത്‌ ആഘോഷമാക്കുന്നു. തന്റെ ജീവിത കാഴ്ചപ്പാടിനെ മാറ്റിമറിച്ച ഈ സംഭവത്തെ കുറിച്ച്‌ അദ്ദേഹം 'Living is the celebration of being alive' എന്ന തലക്കെട്ടിൽ ഒരു ലേഖനം എഴുതിയിരുന്നു. അതിൽ അദ്ദേഹം കുറിച്ചു,
"നമ്മൾ ഒക്കെ ചെറിയ ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ തന്നെ അസ്വസ്ഥരാകുകയും, പരിഭവിക്കുകയും ചെയ്യുന്നു. എന്നാൽ ഈ കുട്ടികൾ എന്റെ കണ്ണ്‌ തുറപ്പിച്ചു. പരാതിപെടാൻ എനിക്ക്‌ ഇനി മുതൽ ഒരവകാശവും ഇല്ല".

ഇന്ന് ഇത്‌ പോലെ ഒരനുഭവം ആയിരുന്നു ആലത്തൂരിൽ നിന്നുള്ള പ്രണവിനെ കണ്ടപ്പോൾ. രണ്ട്‌ കൈകൾ ഇല്ലാത്ത പ്രണവ്‌ ഒരു ചിത്രകാരനാണ്‌. കാലുകൾ കൊണ്ടാണ്‌ വരക്കുന്നത്‌. അത്‌ മാത്രമല്ല നമ്മൾ കൈകൊണ്ട്‌ ചെയ്യുന്നത്‌ ഒക്കെ പ്രണവ്‌ കാല്‌ കൊണ്ട്‌ ചെയ്യും, മൊബൈലിൽ ടൈപ്‌ ചെയ്യുന്നത്‌ മുതൽ സെൽഫി എടുക്കുന്നത്‌ വരെ. ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെ പോസിറ്റീവ്‌ ആയി കൈകാര്യം ചെയ്യാം എന്നതിന്റെ വർത്തമാനകാല റോൾ മോഡൽ ആണ്‌ പ്രണവ്‌. ആ നിശ്ചയദാർഡ്യം നമുക്ക്‌ എല്ലാവർക്കും പ്രചോദനമാണ്‌. BIG SALUTE MY BROTHER

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT