News n Views

ആശുപത്രി അടച്ചുപൂട്ടി തിടുക്കത്തില്‍ വില്‍പ്പനയ്ക്ക് പിവിഎസ് മാനേജ്‌മെന്റ്; സമരം കടുപ്പിച്ച് ജീവനക്കാര്‍

THE CUE

കൊച്ചി പിവിഎസ് ആശുപത്രി ജീവനക്കാരുടെ പ്രക്ഷോഭം കടുക്കുന്നു. ഒരു വര്‍ഷമായി ശമ്പളം നല്‍കാത്തതിനെതുടര്‍ന്ന് അഞ്ഞൂറോളം ജീവനക്കാരാണ് സമരം നടത്തുന്നത്. ഇവിടത്തെ ഡോക്ടര്‍മാര്‍ക്ക് ഒരു വര്‍ഷമായി ശമ്പളാനുകൂല്യങ്ങളില്ല. വിവിധ വകുപ്പ് ജീവനക്കാര്‍ക്ക് 8 മാസങ്ങളായും ശമ്പളം നല്‍കിയിട്ടില്ല. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന പിഎഫ് വിഹിതവും കമ്പനിയുടെ പങ്കും നിക്ഷേപിക്കുന്നില്ല. ഇഎസ്‌ഐ വിഹിതം നല്‍കാത്തതിനെ തുടര്‍ന്ന് ഈ ആനുകൂല്യവും മുടങ്ങി. ബോണസ് നല്‍കിയിട്ടില്ലെന്നും ടിഡിഎസ് പിടിച്ചിട്ടും യഥാക്രമം അടയ്ക്കുന്നില്ലെന്നും ജീവനക്കാര്‍ സാക്ഷ്യപ്പടുത്തുന്നു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍പിവി ചന്ദ്രനാണ് പിവി സ്വാമി മെമ്മോറിയല്‍ ആശുപത്രിയുടെ ചെയര്‍മാന്‍.

അതേസമയം ആശുപത്രി അടച്ചുപൂട്ടി വില്‍പ്പനനടത്താനാണ് മാനേജ്‌മെന്റ് നീക്കം. സ്ഥാപനം നഷ്ടത്തിലായതിനാലാണ് ഇത്തരത്തില്‍ ശ്രമമെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വില്‍പ്പനയിലൂടെ കുടിശ്ശിക നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും ഇതും ജലരേഖയായി തുടരുകയാണ്. നേരത്തെ വിഷയത്തില്‍ കളക്ടര്‍ ഇടപെട്ടപ്പോള്‍ ഫെബ്രുവരി 28 നകം കുടിശ്ശിക നല്‍കാമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ രണ്ടരമാസം പിന്നിട്ടിട്ടും നടപടിയില്ല.

വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അടച്ചുപൂട്ടുകയാണ് മാനേജ്‌മെന്റ്. ലിഫ്റ്റുകളും എസികളും ഓഫാക്കിയിടുകയും ഫാര്‍മസി പൂട്ടുകയും ചെയ്തു. എച്ച്ആര്‍.അക്കൗണ്ടസ്,റിസപ്ഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ജീവനക്കാരെ പിന്‍വലിച്ചിട്ടുണ്ട്.കൂടാതെ പുതിയ ബുക്കിങ്ങുകള്‍ സ്വീകരിക്കുന്നുമില്ല. തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ഡോക്ടര്‍മാരും ജീവനക്കാരും ഒരേ സ്വരത്തില്‍ വ്യക്തമാക്കുന്നു.

ലിഫ്റ്റ് പൂട്ടിയതിനാല്‍ ഇപ്പോള്‍ ചികിത്സയിലുള്ള രോഗികളെ എടുത്തുകയറ്റേണ്ട ദുരിതത്തിലാണ് കൂട്ടിരിപ്പുകാര്‍. വിഷയത്തില്‍ നിഷേധാത്മക സമീപനമാണ് മാനേജ്‌മെന്റിന്റേതെന്ന് സമരക്കാര്‍ വ്യക്തമാക്കുന്നു. യുഎന്‍എ, ഐഎംഎ തുടങ്ങിയ ഈ രംഗത്തെ സംഘടനകളുടെ പൂര്‍ണപിന്‍തുണയിലാണ് സമരം. അതേസമയം ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കം വരുത്താതെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

സ്‌കൂള്‍ തുറക്കാന്‍ പോവുകയാണ്,കുട്ടികള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങണം, എന്തുചെയ്യണമെന്നറിയില്ല, എല്ലാറ്റിനും ഭര്‍ത്താവില്‍ നിന്ന് പണം വാങ്ങേണ്ടി വരുന്നു. എന്തിനാണ് ജോലിക്ക് പോകുന്നതെന്നും എന്ത് പ്രയോജനമാണുള്ളതെന്നും അവര്‍ ചോദിക്കില്ലേ ? 
സോണി, നഴ്‌സ് 
കുടുംബ ബജറ്റ് അവതാളത്തിലായി, കടം വാങ്ങിയും സ്വര്‍ണ്ണം പണയംവെച്ചുമൊക്കെയാണ് മുന്നോട്ടുപോകുന്നത്, ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് ഇല്ലാത്തതിനാല്‍ ലോണ്‍ കിട്ടുന്നില്ല
ദീപ, അനസ്‌തേഷ്യ വിഭാഗം 
അടുത്തയാഴ്ച തരാം, മാസാവസാനം തരാം എന്ന് പറയുന്നതല്ലാതെ വാക്ക് പാലിക്കപ്പെടുന്നില്ല, ശമ്പളമില്ലാതെ അറ്റന്‍ഡര്‍മാര്‍, ക്ലീനര്‍മാര്‍ തുടങ്ങിയവരെല്ലാം കടുത്ത ബുദ്ധിമുട്ടിലാണ്. 
ആന്‍സി, നഴ്‌സ് 

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ആശുപത്രി മാനേജിങ് ഡയറക്ടര്‍ പി വി മിനി സമരക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഫണ്ട് വരാനുണ്ടെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ കുടിശ്ശിക തീര്‍ക്കുമെന്നും ഉറപ്പുനല്‍കി. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് അനുഭാവപൂര്‍വമായ യാതൊരു നടപടിയുമുണ്ടായില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ആശുപത്രി നഷ്ടത്തിലാണെന്ന് പറയുന്നതില്‍ വാസ്തവമില്ലെന്നും ജീവനക്കാര്‍ വിശദീകരിക്കുന്നു. ആറുലക്ഷം രൂപവരെ പ്രതിദിനം ലഭ്യമാകുന്നുണ്ടെന്ന് കളക്ഷന്‍ പോയിന്റില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചെന്നാണ് ഇവരുടെ വാദം. വരുമാനമില്ലെന്ന് പറഞ്ഞ് മാനജ്‌മെന്റ് ജീവനക്കാരെ വഞ്ചിക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു. രണ്ടാഴ്ചയ്ക്കകം ശമ്പളക്കുടിശ്ശിക നല്‍കണമെന്നും മറ്റാനുകൂല്യങ്ങള്‍ പൂര്‍വമാതൃകയില്‍ ക്രമീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. അല്ലാത്തപക്ഷം കടുത്ത പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഇവര്‍ വ്യക്തമാക്കി.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT