Premium

IFFI, IFFK വേദികളിൽ 'ഒറ്റ ഞാവൽ മരം', ക്രെഡിറ്റ് ശ്രുതി ശരണ്യത്തിന്: ലിജു പ്രഭാകർ

'ഒറ്റ ഞാവൽ മരം' എന്ന സിനിമയുടെ നിർമ്മാണത്തിലേക്ക് എത്തിയതും ഐ.എഫ്.എഫ്.കെ, ഐ.എഫ്.എഫ്.ഐ പോലുള്ള ചലച്ചിത്രമേളകളിൽ ചിത്രം ഇടംപിടിച്ചതും വലിയൊരു ഭാഗ്യമായി കാണുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ ലിജു പ്രഭാകർ. സമാന്തര സിനിമകൾക്കും അർഹിക്കുന്ന പ്രേക്ഷകശ്രദ്ധ ലഭിക്കണമെന്ന ആഗ്രഹത്തിൽ നിന്നാണ് ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണച്ചുമതല ഏറ്റെടുത്തതെന്ന് അദ്ദേഹം പറയുന്നു. ഡിമെൻഷ്യ പ്രമേയമാകുന്ന ചിത്രത്തിന്റെ പിന്നിലെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയോട് പങ്കുവെക്കുന്നു ലിജു പ്രഭാകർ.

'ഈ അംഗീകാരം വലിയൊരു ഭാഗ്യം'

എന്റെ വളരെ അടുത്ത സുഹൃത്തും സംവിധായികയുമായ ശ്രുതി ആദ്യമായി ഈ ചിത്രത്തിന്റെ ഒരു വൺലൈൻ പറഞ്ഞപ്പോൾ തന്നെ ബോധ്യപ്പെട്ടു, ഇതൊരു വലിയ സദസ്സിലേക്ക് എത്തേണ്ട കഥയാണെന്ന്. അതുകൊണ്ട് തുടക്കം മുതലേ ഐ.എഫ്.എഫ്.കെ, ഐ.എഫ്.എഫ്.ഐ പോലുള്ള വലിയ ഫെസ്റ്റിവലുകളിൽ ഈ ചിത്രം പ്രദർശിപ്പിക്കണമെന്ന ചിന്ത ഞങ്ങൾക്കുണ്ടായിരുന്നു. ഇപ്പോൾ ലഭിക്കുന്ന ഈ അംഗീകാരം വലിയൊരു ഭാഗ്യമായാണ് കരുതുന്നത്.

'സമാന്തര സിനിമകൾ പലപ്പോഴും ശ്രദ്ധിക്കപെടാറില്ല '

ഈ സിനിമ നിർമ്മിക്കണം എന്ന ഉദ്ദേശത്തിലല്ല ഞാൻ ആദ്യം ഇതിലേക്ക് വരുന്നത്. ഒരു തിയറ്റർ ആർട്ടിസ്റ്റിന് ഡിമെൻഷ്യ വരുമ്പോഴുണ്ടാകുന്ന മാനസിക സംഘർഷങ്ങളും പഴയ ഓർമ്മകളും ഒക്കെ പറയുന്ന ഒരു കഥയാണിത്.

സാധാരണയായി കൊമേഴ്സ്യൽ സിനിമകൾ എങ്ങനെയെങ്കിലും പ്രേക്ഷകരിലേക്ക് എത്തുമ്പോൾ, സ്ലോ പേസിൽ പോകുന്ന ഓഫ്‌ബീറ്റ് അല്ലെങ്കിൽ സമാന്തര സിനിമകൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല അല്ലെങ്കിൽ അർഹിക്കുന്ന രീതിയിൽ വലിയൊരു സദസ്സിലേക്ക് എത്താറില്ല. അതുകൊണ്ട് ഇത്തരം സമാന്തര സിനിമകളും ഒരു മാറ്റമെന്നോണം പ്രേക്ഷകരിലേക്ക് എത്തണം എന്നൊരു കാഴ്ചപ്പാട് എനിക്കുണ്ടായിരുന്നു. ആ ഒരു ആഗ്രഹത്തിൽ നിന്നാണ് ഈ പ്രൊജക്റ്റ് ഏറ്റെടുക്കുന്നതും നിർമ്മാണത്തിന്റെ ഭാഗമാകുന്നതും.

'നല്ലൊരു സിനിമക്കുള്ള പിന്തുണ'

ശ്രുതി തങ്ങളുടെ സ്വന്തം സമ്പാദ്യം വെച്ചാണ് ഈ സിനിമ നിർമ്മിക്കാൻ തുടങ്ങിയത്. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ അത് മുന്നോട്ട് പോകുന്നില്ല എന്ന് വന്നപ്പോഴാണ് ഞാൻ ഇതിന്റെ നിർമ്മാണം ഏറ്റെടുക്കുന്നത്.

നല്ലൊരു പ്രൊജക്റ്റ് മുന്നോട്ട് കൊണ്ടുപോകാൻ വേണ്ടി ഒരു സഹായം നൽകി എന്ന് മാത്രമേയുള്ളൂ. ഇതൊരു കൊച്ചു സിനിമയാണെങ്കിലും ഇതിലെ കണ്ടന്റ് വളരെ മികച്ചതാണ്. അത്തരം സിനിമകളും പ്രേക്ഷകരിലേക്ക് എത്തണമെന്ന ആഗ്രഹവും, നല്ലൊരു പ്രൊജക്റ്റിന് പിന്തുണ നൽകണം എന്ന ചിന്തയുമാണ് ഒറ്റ ഞാവൽ മരത്തിന്റെ നിർമ്മാണത്തിലേക്ക് എന്നെ എത്തിച്ചത്.

'ഡിമെൻഷ്യയുടെ കഥ'

ഇത് പൂർണ്ണമായും ഇതൊരു ഓഫ്‌ബീറ്റ് അല്ലെങ്കിൽ ആർട്ട് ഫിലിം ആണെന്ന് പറയാം. സാധാരണ ആർട്ട് ഫിലിമുകൾക്ക് ടേക്കുകൾക്ക് നീളം കൂടുതലായിരിക്കും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി എല്ലാതരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ചില ഘടകങ്ങൾ ഈ ചിത്രത്തിലുണ്ട്.

ഇതൊരിക്കലും ഒരു കൊമേഴ്സ്യൽ ചിത്രമായി കണക്കാക്കാൻ കഴിയില്ല. എങ്കിലും സാധാരണ പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന ചെറിയ തമാശകളും മികച്ച പ്രകടനങ്ങളുമാണ് ഇതിന്റെ പ്രധാന ആകർഷണം. സിനിമയുടെ ഹൈലൈറ്റ് അതിലെ പ്രകടനങ്ങൾ തന്നെയാണ്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബീന ചേച്ചി അതിഗംഭീരമായാണ് അഭിനയിച്ചിരിക്കുന്നത്. അവരില്ലാതെ ഞങ്ങൾക്ക് ഈ ചിത്രത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല.

'വെറും 10 ദിവസം കൊണ്ട് തീർത്ത സിനിമ'

ചിത്രീകരണം ആകെ പത്ത് ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ഷൂട്ടിന് നാലോ അഞ്ചോ ദിവസം മുൻപാണ് ഇതിന്റെ സ്ക്രിപ്റ്റ് എഴുതിത്തീർക്കുന്നത്. ഞങ്ങളുടെ പരിമിതികൾ വെച്ചുകൊണ്ട് വളരെ മിനിമലിസ്റ്റിക് ആയാണ് ഈ സിനിമ എടുത്തത്. പ്രതിഫലത്തിന്റെ കാര്യത്തിലായാലും വളരെ ചുരുക്കിയാണ് കാര്യങ്ങൾ ചെയ്തത്. അതുകൊണ്ട് തന്നെ ഇതിന്റെ യഥാർത്ഥ കോസ്റ്റ് എത്രയാണെന്ന് കൃത്യമായി പറയാൻ കഴിയില്ല.

സിനിമയുടെ ടെക്നിക്കൽ സപ്പോർട്ട് പൂർണ്ണമായും എന്റെ സ്റ്റുഡിയോയിൽ നിന്നുതന്നെയായിരുന്നു. മൃദുൽ ആയിരുന്നു സിനിമാറ്റോഗ്രഫി ചെയ്തത്. സുഹൈൽ സായും രഞ്ജിത്ത് കുഴുറും ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. പരിമിതികൾക്കുള്ളിൽ നിന്ന് ഒരു ദിവസം തന്നെ അഞ്ചോ പത്തോ സീനുകൾ വരെ അദ്ദേഹം എടുത്തിട്ടുണ്ട്. ഷൂട്ടിംഗ് വളരെ ഹെക്ടിക്ക് ആയിരുന്നു. സിനിമയുടെ കണ്ടെന്റ് മികച്ച രീതിയിൽ വരാൻ എല്ലാവരും തങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്ന് കഠിനാധ്വാനം ചെയ്തിട്ടുണ്ട്.

'ഭ്രമയുഗത്തിന് ജീവൻ നൽകിയത് ബ്ലാക്ക് ആൻഡ് വൈറ്റ്'

ഒരു സിനിമയുടെ മൂഡ് മാറ്റുന്നതിൽ കളറിംഗിന് വലിയ പങ്കുണ്ട്. ഇത്രയും കാലം കളേഴ്സ് ഉപയോഗിച്ച് തന്നെയാണ് സിനിമകൾക്ക് ഉദ്ദേശിച്ച ഔട്ട്പുട്ട് നൽകി അതിനെ ഷേപ്പ് ചെയ്തിരുന്നത്.

ഭ്രമയുഗം എനിക്കിപ്പോൾ കളറിൽ കാണാനേ കഴിയില്ല. സത്യത്തിൽ ഏറ്റവും ആദ്യം ഈ ചിത്രം കളറിൽ ചെയ്യണമെന്ന് വാശി പിടിച്ചത് ഞാനായിരുന്നു. അതിന് ചില കാരണങ്ങളും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ചെയ്തുവന്നപ്പോഴാണ് ബ്ലാക്ക് ആൻഡ് വൈറ്റ് ആണ് നമ്മൾ ഉദ്ദേശിച്ച റിസൾട്ട് തരുന്നതെന്ന് മനസ്സിലായത്. സിനിമയ്ക്ക് അത്രയും റീച്ച് കിട്ടിയതും അതിനൊരു ജീവൻ നൽകിയതും ബ്ലാക്ക് ആൻഡ് വൈറ്റിൽ ആയതുകൊണ്ടാണെന്ന് ഞാൻ ഇപ്പോൾ വിശ്വസിക്കുന്നു. സംവിധായകൻ രാഹുലിനും ക്യാമറാമാൻ ഷെഹ്നാദിനും ഇത് ബ്ലാക്ക് ആൻഡ് വൈറ്റിൽ തന്നെ വേണമെന്ന് ആദ്യം മുതലേ വലിയ നിർബന്ധമുണ്ടായിരുന്നു. ചിത്രത്തിൽ കുറെ ഡേ ഫോർ നൈറ്റ് സീക്വൻസുകൾ ഉള്ളതുകൊണ്ട് ഇത് എങ്ങനെ വരുമെന്ന കാര്യത്തിൽ എനിക്ക് ചെറിയ ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ചെയ്തു വന്നപ്പോൾ എല്ലാവർക്കും അത് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഇതൊരു മികച്ച ടീം വർക്കിന്റെ ഫലമാണ്.

'നൻപകലിൽ വെയിൽ, ഉള്ളൊഴുക്കിൽ മഴ'

ലിജോ ജോസ് പെല്ലിശ്ശേരിക്ക് എന്താണ് വേണ്ടതെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. എല്ലാവർക്കും അങ്ങനെ തന്നെയാണ്, ക്രിസ്റ്റോ ടോമി ആയാലും ശരി, എന്ത് റിസൾട്ട് ആണ് വേണ്ടത് അല്ലെങ്കിൽ ഫൈനൽ ഔട്ട്പുട്ട് എങ്ങനെയായിരിക്കണം, പ്രേക്ഷകൻ അത് എങ്ങനെ കാണണം എന്നതിനെക്കുറിച്ച് അവർക്ക് വളരെ വ്യക്തമായ ഐഡിയ ഉണ്ട്. നൻപകൽ നേരത്ത് മയക്കത്തെ സംബന്ധിച്ചടുത്തോളം നല്ല വെയിൽ ഫീൽ ചെയ്യേണ്ട ഒരു സിനിമയായിരുന്നു. ഒരിക്കലും 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രം വേറെയൊരു കളർ ടോണിലോ അല്ലെങ്കിൽ 'ഉള്ളൊഴുക്ക്' ചെയ്തത് പോലെയോ ചെയ്യാൻ കഴിയില്ല. കഥ എന്താണ് ആവശ്യപ്പെടുന്നത് എന്നതിനനുസരിച്ചാണ് കളേഴ്സ് കൊടുക്കുന്നതും സിനിമയുടെ മൂഡ് സെറ്റ് ചെയ്യുന്നതും. സിനിമ തുടങ്ങുമ്പോൾ തന്നെ അത് തീരുമാനിക്കാറുണ്ട്. 'ഉള്ളൊഴുക്ക് ' എന്ന സിനിമക്ക് ഒരു മൂഡി അറ്റ്മോസ്ഫിയർ ആവണം. മഴയാണ് ആ സിനിമയിലെ പ്രധാനപ്പെട്ട ഒരു ക്യാരക്ടർ. ഇൻഡോർ ഷോട്ടുകൾ ആണെങ്കിൽ കൂടിയും അതിൽ ബാക്ക്ഗ്രൗണ്ടിൽ മഴയുണ്ട്. ഷൂട്ടിംഗിൽ സിനിമട്ടോഗ്രാഫർ ആയ ഷെഹ്നാദ് അതിഗംഭീരമായി ചിത്രീകരിച്ചിട്ടുണ്ടായിരുന്നു. മഴ ഒരു കഥാപാത്രമായതിനാൽ ആ സിനിമയിൽ എന്തായാലും ഒരു കൂളർ ടോണും, സിയാൻ ബ്ലൂ ടോണും ഉണ്ടായിരിക്കണം. അതിനനുസരിച്ചാണ് ആ ചിത്രത്തിന്റെ ഗ്രേഡിംഗ് ചെയ്തിരിക്കുന്നത്.

'കളറിംഗ് തന്നെയാണ് എന്റെ പ്രധാന പ്രൊഫഷൻ'

സിനിമകൾ നിർമ്മിക്കണം എന്ന് ഞാൻ ഉദ്ദേശിച്ചിട്ടില്ല, യാദൃശ്ചികമായി ഇതിലേക്ക് വന്നതാണ്. ഭാവിയിൽ നല്ല പ്രൊജക്റ്റുകൾ വന്നാൽ പരിമിതികൾക്കുള്ളിൽ നിന്ന് ചിലപ്പോൾ ചെയ്തേക്കാം. ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് മറ്റ് സിനിമകളുടെ കളറിംഗ് വർക്കുകളിൽ തിരക്കിലായിരുന്നതിനാൽ എനിക്ക് ലൊക്കേഷനിൽ പോകാനോ പൂർണ്ണമായി ഇൻവോൾവ് ചെയ്യാനോ കഴിഞ്ഞിരുന്നില്ല. ഇതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ് ഞാൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. നിർമ്മാണം എന്നത് എനിക്കൊരു വലിയ ലേണിംഗ് പ്രോസസ്സ് ആയിരുന്നു. എങ്കിലും കളറിംഗ് തന്നെയാണ് എന്റെ പ്രധാന പ്രൊഫഷൻ. അതുകൊണ്ട് ഒരു കളറിസ്റ്റ് എന്ന നിലയിൽ തന്നെയാകും ഞാൻ തുടർന്നും മുന്നോട്ട് പോകുന്നത്.

30-ലേറെ രാജ്യങ്ങൾ, 60-ലേറെ സ്കൂളുകൾ; എംഎസ്എസ് യൂത്ത് ഫെസ്റ്റിവൽ ഡിസംബർ 2ന്

തലമുറകളുടെ രുചിക്കൂട്ട്; ഷാർജ പുസ്തകോത്സവത്തിൽ ഒമാനി ഹൽവയുടെ മധുരം

ഷാർജ പുസ്തകോത്സവത്തിന് നാളെ സമാപനം

കളങ്കാവലിലെ സ്റ്റീഫനിൽ നിന്ന് ബാഹുബലി നിർമ്മാതാക്കളുടെ 'ജോൺ ഡോ'യിലേക്ക്: സുശീൽ സുരേന്ദ്രൻ അഭിമുഖം

'മെറിബോയ്സ്' റിലീസ് ഡിസംബറിൽ; ചിത്രത്തിലെ ആദ്യ ക്യാമ്പസ് ഗാനം പുറത്തിറങ്ങി

SCROLL FOR NEXT