POLLPOINT

ജമാഅത്തെ ഇസ്ലാമി ബന്ധം യുഡിഎഫിന് നേട്ടമാകുമോ? POLLPOINT

ജമാഅത്തെ ഇസ്ലാമി വര്‍ഗ്ഗീയ സംഘടനയാണോ എന്നൊരു ഡിബേറ്റ് ഇപ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഇടയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. സംഘടന വര്‍ഗ്ഗീയമാണെന്ന് എല്‍ഡിഎഫിന് ഉറപ്പാണ്. അവര്‍ കാളകൂട വിഷമാണെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നു. ഇപ്പോഴത്തെ ജമാഅത്തെ ഇസ്ലാമി അങ്ങനെയൊന്നും അല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും പറയുന്നു. യുഡിഎഫ് വര്‍ഗ്ഗീയ കക്ഷികളുമായി കൂട്ടുകൂടിയിരിക്കുകയാണെന്നാണ് എല്‍ഡിഎഫ് വാദിക്കുന്നത്. അത് സമൂഹത്തെ വിഭജിക്കാനാണെന്ന് വി.ഡി.സതീശനും. ജമാഅത്തെ ഇസ്ലാമി ബന്ധം ആരെ, എങ്ങനെയൊക്കെ ബാധിക്കാന്‍ ഇടയുണ്ട്?

യുഡിഎഫിന് പണ്ട് മുതലേ ഒരു ശീലമുണ്ട്. തെരഞ്ഞെടുപ്പില്‍ ആര് പിന്തുണക്കാമെന്ന് പറഞ്ഞാലും ആ വോട്ട് വേണ്ടെന്ന് പറയില്ല. വോട്ടല്ലേ, ആര് തന്നാലും ഞങ്ങള്‍ സ്വീകരിക്കും എന്നാണ് അവരുടെ സമ്പ്രദായം. അതേസമയം എല്‍ഡിഎഫ് അങ്ങനെയല്ല. ചില വോട്ടുകള്‍ തരാമെന്ന് പറഞ്ഞാലും വേണ്ടെന്ന് അങ്ങ് വെട്ടിത്തുറന്ന് പറയും. തെരഞ്ഞെടുപ്പ് രാഷ്ട്രീയമാകുമ്പോള്‍ രണ്ട് കൂട്ടരുടെയും ഈ നിലപാടുകള്‍ ഗുണവും ദോഷവും ചെയ്യും. ദോഷങ്ങള്‍ കൈകാര്യം ചെയ്യുകയെന്നത് രാഷ്ട്രീയത്തില്‍ അത്ര പുതിയ കാര്യമല്ലാത്തതുകൊണ്ട് ആ പ്രോസസ് അങ്ങനെയങ്ങ് നടന്നു പോയിക്കൊള്ളും. ഈ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി-യുഡിഎഫ് ബന്ധമാണ് അങ്ങനെയുള്ള ഒരു വലിയ ചര്‍ച്ചാവിഷയം.

നിലമ്പൂര്‍ ബൈ ഇലക്ഷനില്‍ യുഡിഎഫിനെ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണച്ചത് മുതല്‍ തുടങ്ങിയ വാദവും പ്രതിവാദവുമൊക്കെയാണ്. യുഡിഎഫ് വര്‍ഗ്ഗീയ ശക്തികള്‍ക്കൊപ്പം കൂടിയെന്ന് ഇടതുപക്ഷം ശക്തമായ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് ഇടതുപക്ഷത്തിന്റെ കൂട്ടാളിയായിരുന്നു ജമാഅത്തെ ഇസ്ലാമിയെന്ന് യുഡിഎഫ് മറുപടി പറഞ്ഞു. യുഡിഎഫിനൊപ്പം കൂടിയപ്പോള്‍ അവരെങ്ങനെ മതേതരവാദിയില്‍ നിന്ന് വര്‍ഗ്ഗീയവാദിയായി മാറി എന്നതായിരുന്നു യുഡിഎഫ് നേതാക്കളുടെ ചോദ്യം. ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു വിശദീകരണമൊക്കെ ഇതിനിടയില്‍ നല്‍കിയതാണ്. വര്‍ഗ്ഗീയവാദികള്‍ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് കൂടിക്കാഴ്ച നടത്തിയതെന്നും അത് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണെന്നും പിണറായി പറഞ്ഞു. 1992ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതുകൊണ്ടാണ് 96ല്‍ അവര്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയും ആയിരുന്ന കാലത്ത് ജമാഅത്തെ ഇസ്ലാമി വര്‍ഗ്ഗീയ സംഘടനയാണെന്ന് സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും ഇപ്പോള്‍ കോണ്‍ഗ്രസിന് അവര്‍ തങ്കക്കുടങ്ങളാണെന്നും പിണറായി ആഞ്ഞടിച്ചു. സിപിഎമ്മും ആര്‍എസ്എസും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന് ആരോപിച്ചുകൊണ്ടാണ് പ്രതിപക്ഷം ഇതിനെ പ്രതിരോധിക്കുന്നത്.

ജമാഅത്തെ ഇസ്ലാമി ബന്ധവുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഏറെ നേരിടേണ്ടി വരുന്നത് പ്രതിപക്ഷനേതാവ് വി.ഡി.സതീശനാണ്. ജമാഅത്തെ ഇസ്ലാമി പഴയ ജമാഅത്തെ ഇസ്ലാമിയല്ലെന്നും ഇപ്പോള്‍ അവര്‍ക്ക് മതരാഷ്ട്രവാദം പഴയതുപോലെ ഇല്ലെന്നും സതീശന്‍ വാദിക്കുന്നു. അവരുടെ അമീര്‍ ഇക്കാര്യം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന കാര്യത്തില്‍ സതീശന് സംശയമില്ല. മറ്റൊന്ന് കൂടി പറയുന്നുണ്ട്. അവര്‍ക്ക് മതരാഷ്ട്രവാദം ഉണ്ടായിരുന്ന കാലത്ത് അവര്‍ സിപിഎമ്മിന്റെ കൂടെയായിരുന്നു എന്ന്. ഇപ്പോള്‍ നടക്കുന്ന പ്രചാരണം കേരള സമൂഹത്തെ വിഭജിക്കുന്നതിനായാണെന്ന്. 42 വര്‍ഷക്കാലം സിപിഎം ജമാഅത്തെ ഇസ്ലാമിയെ തോളില്‍ വെച്ച് നടക്കുകയായിരുന്നുവെന്നും സതീശന്‍ പറയുന്നുണ്ട്.

സമസ്ത പോലെയുള്ള സംഘടനകള്‍ ജമാഅത്തെ ഇസ്ലാമിയെ അതിശക്തമായി എതിര്‍ത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അവരുടെ പിന്തുണ സ്വീകരിക്കുന്നത്. മതരാഷ്ട്രവാദം ജമാഅത്തെ ഇസ്ലാമി ഉപേക്ഷിച്ചെന്ന് സതീശന്‍ പറയുന്നത് ആ സംഘടനയെ വെള്ളപൂശുന്ന പരിപാടിയാണെന്ന് സമസ്ത ഈ സഖ്യം ആരംഭിച്ച ഘട്ടത്തില്‍ തന്നെ പറഞ്ഞിരുന്നതാണ്. സതീശന്റെ പ്രസ്താവന ആര്‍എസ്എസിന് ആയുധമാകുമെന്നും സമസ്ത പറഞ്ഞിരുന്നു. സമസ്ത അതിന്റെ നൂറാം വാര്‍ഷിക സമ്മേളനത്തില്‍ നിലപാട് ഒന്നുകൂടി കര്‍ക്കശമാക്കുകയാണ് അവര്‍. പൊളിറ്റിക്കല്‍ ഇസ്ലാം എന്ന അപകടകരമായ ആശയത്തിലൂടെയും മതരാഷ്ട്രവാദം ഒളിപ്പിച്ച് കടത്തുന്ന വൈകാരിക പ്രകടനങ്ങളിലൂടെയും മുസ്ലീം യുവാക്കളെ മുഖ്യധാരയില്‍ നിന്ന് വഴിതെറ്റിക്കുന്ന മൗദൂദിസ്റ്റ് വിചാരധാരകള്‍ ഗൗരവതരമായ വെല്ലുവിളിയാണെന്ന് അവര്‍ പ്രമേയം പാസാക്കി. ജമാഅത്തെ ഇസ്ലാമിയോട് ആശയപരമായി യോജിക്കാന്‍ കഴിയില്ലെന്നാണ് അവരുടെ നിലപാട്.

ചര്‍ച്ചകള്‍ മുറുകി വരുമ്പോള്‍ അതിലെല്ലാം കേന്ദ്രസ്ഥാനത്ത് ജമാഅത്തെ ഇസ്ലാമിയുണ്ട്. ഒരു വശത്ത് എസ്എന്‍ഡിപിയും എന്‍എസ്എസും ഉണ്ട്. തെരഞ്ഞെടുപ്പാകുമ്പോള്‍ നമ്മള്‍ വോട്ടര്‍മാര്‍ നിരന്തരം ചോദിക്കുന്ന ഒരു ചോദ്യം കൂടിയുണ്ട്. ഈ പറയുന്ന ജാതി, സമുദായ സംഘടനകളാണോ സര്‍ക്കാരുകളെ തീരുമാനിക്കുന്നത്?

നിവിന്റെ പടമല്ലേ, വില്ലൻ വേഷം ഉണ്ടെങ്കിൽ വിളിക്കണേ എന്ന് ഷറഫുദ്ദീൻ പറഞ്ഞു: ബി.ഉണ്ണികൃഷ്ണൻ

കെഎസ്എഫ്ഇ; പ്രവര്‍ത്തന നേട്ടങ്ങളുടെ അഞ്ച് വര്‍ഷങ്ങള്‍

എൻഎസ്എസ് ക്യാംപിലെ ലവ് സ്റ്റോറി; 'പ്രേംപാറ്റ'ക്ക് തുടക്കം

പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി എം എ യൂസഫലി, ഗൾഫ് വിപണിയിലെ ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ പിന്തുണ വാഗ്ദാനം ചെയ്ത് നരേന്ദ്രമോദി

യുഎഇയില്‍ കനത്ത മഴയും കാറ്റും, വെളളിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

SCROLL FOR NEXT