Politics

ചെങ്കോലില്‍ സുവര്‍ണ്ണാവസരം കണ്ട് ബിജെപി; യോഗി ഉയര്‍ത്തിയ തമിഴ് വികാരം ഏറ്റെടുത്ത് എല്‍.മുരുഗന്‍, തള്ളിക്കളഞ്ഞ് ഡിഎംകെ

പാര്‍ലമെന്റില്‍ സ്ഥാപിച്ച ചെങ്കോല്‍ എടുത്തുമാറ്റി പകരം ഭരണഘടന സ്ഥാപിക്കണമെന്ന സമാജ് വാദി എംപി ആര്‍.കെ.ചൗധരിയുടെ ആവശ്യത്തില്‍ സുവര്‍ണ്ണാവസരം തേടി ബിജെപി. ചൗധരിയുടെ ആവശ്യത്തിനെതിരെ ആദ്യ ഘട്ടത്തില്‍ പ്രതികരിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ത്യാ സഖ്യത്തിന് തമിഴ് സംസ്‌കാരത്തോടുള്ള വെറുപ്പാണ് ഈ പ്രസ്താവനയില്‍ കാണാന്‍ കഴിയുന്നതെന്ന് പറഞ്ഞിരുന്നു. ഭാരതീയ സംസ്‌കാരത്തോട് സമാജ് വാദി പാര്‍ട്ടിക്ക് യാതൊരു ബഹുമാനവുമില്ലെന്നും യോഗി പറഞ്ഞിരുന്നു. ഇപ്പോള്‍ അതേറ്റെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ മുന്‍ ബിജെപി അധ്യക്ഷനും കേന്ദ്രസഹമന്ത്രിയുമായ എല്‍.മുരുഗന്‍.

ചെങ്കോല്‍ ഓരോ തമിഴന്റെയും അഭിമാനമാണ് ചെങ്കോല്‍ എന്ന് മുരുഗന്‍ പ്രതികരിച്ചു. തിരുക്കുറളില്‍ ചെങ്കോലിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഭരണത്തില്‍ ചെങ്കോലിന്റെ പ്രാധാന്യം എന്താണെന്ന് തിരുക്കുറള്‍ പറയുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഭരണ കൈമാറ്റം എങ്ങനെ വേണമെന്ന് മൗണ്ട് ബാറ്റണ്‍ പ്രഭുവും ജവഹര്‍ലാല്‍ നെഹ്‌റുവും കൂടിയാലോചിച്ചു. അവര്‍ സി.രാജപോലാചാരിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ചെങ്കോല്‍ കൈമാറിക്കൊണ്ട് അത് നിര്‍വഹിക്കാമെന്ന് രാജാജിയാണ് നിര്‍ദേശിച്ചതെന്ന് മുരുഗന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുള്ള മന്ത്രികൂടി ഇടപെട്ടതോടെ ചെങ്കോല്‍ പുതിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്.

ചെങ്കോല്‍ വിഷയത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ പ്രാദേശിക വികാരം ഉണര്‍ത്തുന്ന പ്രസ്താവനയായിരുന്നു യോഗി ആദിത്യനാഥ് നടത്തിയത്. എന്നാല്‍ ഡിഎംകെ അതിനെ തള്ളിക്കളഞ്ഞിരുന്നു. കൂടാതെ ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാലെയും ഡിഎംകെയെ പ്രകോപിപ്പിക്കുന്ന പ്രസ്താവന നടത്തി. സമാജ് വാദി പാര്‍ട്ടി ചെങ്കോലിനെ എതിര്‍ക്കുകയും രാജാവിന്റെ ദണ്ഡായി അതിനെ വിശേഷിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെയാണെങ്കില്‍ ജവഹര്‍ലാല്‍ നെഹ്‌റു എന്തുകൊണ്ടാണ് അത് സ്വീകരിച്ചത്. അവര്‍ നേരത്തേ രാമചരിതമാനസത്തെ അപമാനിച്ചു. ഇപ്പോള്‍ ചെങ്കോലിനെയും അപമാനിക്കുകയാണ്. ഇതിനെ ഡിഎംകെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നാണ് പൂനെവാലെ ചോദിച്ചത്.

എന്നാല്‍ വിഷയത്തില്‍ സംയമനത്തോടെ ഇടപെട്ട ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന്‍ ആര്‍കെ ചൗധരി പറഞ്ഞതുപോലെ ചെങ്കോല്‍ രാജവാഴ്ചയുടെ അടയാളമാണെന്ന് വ്യക്തമാക്കി. രാജാക്കന്‍മാര്‍ കൊണ്ടുനടന്നിരുന്ന ചെങ്കോലിന് ജനാധിപത്യത്തില്‍ ഒരു പങ്കുമില്ല. നെഹ്‌റുവിന് ബ്രിട്ടീഷുകാര്‍ നല്‍കിയ സമ്മാനമായിരുന്നു അത്. സമ്മാനമെന്ന നിലയില്‍ മ്യൂസിയത്തിലാണ് അതിന്റെ സ്ഥാനമെന്നും ഇളങ്കോവന്‍ കൂട്ടിച്ചേര്‍ത്തു.

പഠിക്കുന്ന കാലം വരെ മലയാളം സിനിമകള്‍ കണ്ടിട്ടേയില്ല, ആദ്യമായി കണ്ടത് ആ ഷൈന്‍ ടോം ചിത്രം: കതിര്‍

സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും സിനിമയ്ക്കായി ഉപയോ​ഗിച്ചിട്ടില്ല, രണ്ടും രണ്ടാണ്: അരുണ്‍ ചെറുകാവില്‍

കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ കൊണ്ടുപോകും, ഈ തീരത്ത് തന്നെ ഞങ്ങൾ തകർന്ന് തീരും | കടൽ കവരുന്ന കണ്ണമാലി | News Documentary

സാഗര്‍ ഏലിയാസ് ജാക്കിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഓഡീഷനിലൂടെ, അതിലും ഒരു ഭാഗ്യം ലഭിച്ചിരുന്നു: സുധി കോപ്പ

മൈക്കിള്‍ ജാക്സന്‍റേത് പോലുള്ള ഗാനങ്ങള്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു: വിധു പ്രതാപ്

SCROLL FOR NEXT