News n Views

മുഖംമൂടി സംഘം ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി; ചികിത്സയിലെന്ന് പൊലീസ് 

THE CUE

മുഖം മൂടി സംഘം പിന്‍തുടര്‍ന്നെത്തി ആക്രമിച്ച് തട്ടിക്കൊണ്ടുപോയ 'വിപ്ലവം ജയിക്കാനുള്ളതാണ്' എന്ന ചിത്രത്തിന്റെ സംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി. തൃശൂര്‍ കൊടകരയില്‍ നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ നിഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് വരികയാണെന്നും പേരാമംഗലം പൊലീസ് വ്യക്തമാക്കുന്നു. ബുധനാഴ്ച പുലര്‍ച്ചെ തൃശൂര്‍ പാവറട്ടിയില്‍വെച്ചായിരുന്നു സംഭവം. ഭാര്യ പ്രതീക്ഷയെ ആക്രമിച്ച ശേഷം സംഘം നിഷാദുമായി കടന്നുകളയുകയായിരുന്നു. കഴുത്തിന് പരിക്കേറ്റ പ്രതീക്ഷ ചികിത്സതേടിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച റിലീസായ ചിത്രത്തിന് വേണ്ടി ചില വഴിപാടുകള്‍ക്കായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകാനായി കാറില്‍ യാത്ര തിരിച്ചതായിരുന്നു നിഷാദും ഭാര്യയും. പാവറട്ടി പള്ളിയില്‍ പോയശേഷം ഗുരവായൂര്‍ക്കുള്ള യാത്രാമധ്യേ ചിറ്റിലപ്പിള്ളി മുള്ളൂര്‍ക്കായല്‍ ഭാഗത്തുവെച്ച് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ആക്രമണമുണ്ടായത്. പിന്‍തുടര്‍ന്നെത്തിയ വാഹനം മുന്നില്‍ തടസ്സം സൃഷ്ടിച്ച് നിര്‍ത്തുകയും മുഖംമൂടിയിട്ട മൂന്ന് പേര്‍ ഡോര്‍ വലിച്ച് തുറന്ന് ഇരുവരെയും ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് നിഷാദിനെ പിടിച്ചുവലിച്ച് വാഹനത്തില്‍ കയറ്റി കടന്നുകളയുകയായിരുന്നുവെന്നാണ് പരാതി. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതീക്ഷയുടെ കഴുത്തിന് പരിക്കേറ്റത്. പിടിവലിക്കിടെ നിഷാദിന്റെ ഫോണ്‍ കാറില്‍ തന്നെ വീണിരുന്നു. ചിത്രത്തിന്റെ മുന്‍ നിര്‍മ്മാതാവ് സിആര്‍ രണദേവാണ് സംഭവത്തിന് പിന്നിലെന്നാണ് ഇവര്‍ ആരോപിച്ചത്. ഭാര്യയുടെ പരാതിയില്‍ പരാമംഗലം പൊലീസ് കെസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു.

2017 ലാണ് വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ഒറ്റ ഷോട്ടില്‍ 2 മണിക്കൂര്‍ ചിത്രീകരിച്ചതാണ് സിനിമ. അത്തരത്തില്‍ ചില അംഗീകാരങ്ങളും നിഷാദ് ഹസന് ലഭിച്ചിരുന്നു. ഇദ്ദേഹം തന്നെയാണ് മുഖ്യവേഷത്തിലെത്തിയതും. എന്നാല്‍ ചിത്രീകരണത്തിനിടെ നിര്‍മ്മാതാവ് രണദേവുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ മറ്റൊരു നിര്‍മ്മാതാവിന്റെ സഹായത്തോടെയാണ് നിഷാദ് ചിത്രം തിയേറ്ററുകളെത്തിച്ചത്. രണദേവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ജൂലായ് 26 ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് സ്‌റ്റേ മൂലം ഓഗസ്റ്റ് രണ്ടാം തിയ്യതിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നില്‍ മുന്‍ നിര്‍മ്മാതാവാണെന്ന് ആരോപിച്ച് ചൊവ്വാഴ്ച നിഷാദ് ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നിരുന്നു. ചിത്രം തിയേറ്ററുകളിലെത്തിയതിന്റെ വിജയാഘോഷം സുഹൃത്തുക്കള്‍ക്കൊപ്പം ബുധനാഴ്ച തൃശൂരില്‍ നടത്താനിരിക്കെയാണ് നിഷാദിനെ തട്ടിക്കൊണ്ടുപോയത്.

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

ലുലുവിൽ ചക്ക ഉത്സവം

യുഎഇ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സി.പി റിസ്‌വാന്‍റെ നേതൃത്വത്തില്‍ സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമി ദുബായില്‍ ആരംഭിച്ചു

SCROLL FOR NEXT