News n Views

‘പ്രവാചകനെ വരച്ച് മുസ്ലിങ്ങളെ താന്‍ അവഹേളിച്ചെന്ന് ലീഗ് വര്‍ഗീയ പ്രചരണം നടത്തി ‘; പത്രവിഷയം നേരത്തേ തീര്‍പ്പാക്കിയതെന്നും ശങ്കര്‍ റൈ 

കെ. പി.സബിന്‍

പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ച് താന്‍ മുസ്ലിം സമൂഹത്തെ അവഹേളിച്ചെന്ന് ലീഗ് വര്‍ഗീയ പ്രചരണം നടത്തിയെന്ന ഗുരുതര ആരോപണവുമായി മഞ്ചേശ്വരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ. തെരഞ്ഞെടുപ്പിന് രണ്ടുനാള്‍ മാത്രം ശേഷിക്കെയായിരുന്നു വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് പ്രചരണം അഴിച്ചുവിട്ടതെന്നും ശങ്കര്‍ റൈ ദ ക്യുവിനോട് പറഞ്ഞു. തന്റെ പരാജയത്തിന് ഇതും ഒരു ഘടകമായെന്നും ശങ്കര്‍ റൈ പറഞ്ഞു. പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ച് മുസ്ലിം സമൂഹത്തെ അവഹേളിച്ചിട്ടില്ല. താന്‍ പത്രാധിപരായിരുന്ന തുളുനാട് ടൈംസ് എന്ന കന്നഡ സായാഹ്ന പത്രത്തില്‍ വന്ന ലേഖനത്തിലെ ചിത്രം യുഡിഎഫ് തെരഞ്ഞെടുപ്പില്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. ആഴ്ചയില്‍ ഒരു ദിവസം ഏതെങ്കിലും ഒരു മത വിശ്വാസത്തെ സംബന്ധിക്കുന്ന ലേഖനം പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. അങ്ങിനെയാണ് മൂന്ന് വര്‍ഷം മുന്‍പ് തുളുനാട് ടൈംസില്‍ നബിയെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചത്. അതില്‍ ഉള്‍പ്പെടുത്തിപ്പോയ ഒരു ചിത്രമാണ്, മുസ്ലിം സമൂഹത്തോടുള്ള അവഹേളനമായി ലീഗ് ഉയര്‍ത്തിക്കാട്ടിയത്.നബിയെ പറ്റിയുള്ള ലേഖനം എഴുതാന്‍ കര്‍ണാടകയില്‍ നിന്ന് വരുത്തിയ ഒരു പുസ്തകത്തില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്.

ആ പുസ്തകത്തില്‍ നബിയുടേതെന്ന് പറഞ്ഞ് ഒരു ചിത്രവുമുണ്ടായിരുന്നു. ആ ചിത്രമുള്‍പ്പെടുത്തി ലേഖനം പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇതോടെ വിവിധ മുസ്ലിം സംഘടനകള്‍ പത്രത്തിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. നബിക്ക് ചിത്രമില്ലെന്നും പിന്നെ അതെങ്ങിനെ പ്രസിദ്ധീകരിക്കുമെന്നും ചോദിച്ചായിരുന്നു പ്രതിഷേധം. ചിത്രം ഞങ്ങള്‍ ഉണ്ടാക്കിയതല്ലെന്നും കന്നഡയിലുള്ള ഗ്രന്ഥത്തില്‍ നിന്ന് പകര്‍ത്തിയതാണെന്നും അവരെ ധരിപ്പിച്ചു. പുസ്തകവും അതിലെ ചിത്രവും അവരെ കാണിച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ നബിക്ക് ചിത്രമില്ലെന്നും അത്തരത്തില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ലേഖനത്തില്‍ പരാമര്‍ശിച്ച വിശദാംശങ്ങളോട് അവര്‍ക്ക് വിയോജിപ്പുണ്ടായിരുന്നില്ല. തങ്ങളുടെ നടപടി വേദനിപ്പിച്ചെങ്കില്‍ ഖേദിക്കുന്നുവെന്ന് വ്യക്തമാക്കി. ഇതോടെ അവര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറി. അങ്ങിനെ കൈകൊടുത്ത് പിരിഞ്ഞു. ധാരണ പ്രകാരം പിറ്റേന്നത്തെ പത്രത്തില്‍ ഖേദപ്രകടനവും പ്രസിദ്ധീകരിച്ചു. അന്ന് ലീഗിന്റേതായി പ്രതിഷേധമുണ്ടായിരുന്നില്ല. മതസംഘടനകളാണ് ഒന്നാകെ രംഗത്തെത്തിയത്. ആ പുസ്തകം വായനശാലയ്ക്ക് തിരിച്ചുകൊടുത്തിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇപ്പോഴും അത് ലഭിക്കുമെന്നും ശങ്കര്‍ റൈ പറഞ്ഞു.

എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തിനായി അന്നത്തെ ലേഖനത്തിന്റെ ചിത്രമുപയോഗിച്ച് മുസ്ലിം ലീഗ് ഇല്ലാത്ത കോലാഹലങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. അന്നത്തെ വിഷയം എല്ലാവരും മറന്നതായിരുന്നു. ആ ലേഖനത്തിന്റെ ചിത്രം സഹിതം പോസ്റ്റുണ്ടാക്കി തെരഞ്ഞെടുപ്പിന് വെറും രണ്ട് നാള്‍ മുന്‍പ് പ്രചരിപ്പിച്ചത് ബോധപൂര്‍വമാണെന്നും ശങ്കര്‍ റൈ ദ ക്യുവിനോട് വ്യക്തമാക്കി. പത്രം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.പരാജയത്തില്‍ ഇത് ഒരു ഘടകം മാത്രമാണ്. അതിലപ്പുറം യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടത്തിയ സമാന സ്വഭാവത്തിലുള്ള പ്രചരണമാണ് കടുത്ത തിരിച്ചടിയായത്. ശങ്കര്‍ റൈ നല്ല മനുഷ്യനാണ് പക്ഷേ അദ്ദേഹത്തിന് വോട്ടു ചെയ്താല്‍ ബിജെപി എളുപ്പം ജയിക്കുകയാണുണ്ടാവുകയെന്ന്‌ യുഡിഎഫ് വീടുകയറി പറഞ്ഞു. അത്തരത്തില്‍ വോട്ടര്‍മാരില്‍ ഭീതി പരത്തി.

ശങ്കര്‍ റൈ നല്ല മനുഷ്യനാണ് പക്ഷേ അദ്ദേഹത്തിന് വോട്ടുചെയ്താല്‍ അപ്പുറത്ത് ഒരു മുസ്ലിമാണ് എളുപ്പം ജയിക്കുകയെന്ന് ബിജെപിക്കാരും വീടുകള്‍ കയറി പറഞ്ഞു. ഇത്തരത്തിലുണ്ടായ ധ്രുവീകരണമാണ് തന്റെ പരാജയത്തിന് പ്രധാന കാരണമായതെന്നും ശങ്കര്‍ റൈ പറഞ്ഞു. എന്നാല്‍ സിപിഎമ്മിന്റെയും ശങ്കര്‍ റൈയുടെയും ആരോപണം അടിസ്ഥാന രഹിതമാണെന്ന് മഞ്ചേശ്വരത്ത് വിജയിച്ച എംസി കമറുദ്ദീന്‍ പറഞ്ഞു. പ്രവാചകന്റെ ചിത്രം പ്രസിദ്ധീകരിച്ചെന്ന് പറഞ്ഞ് മുസ്ലിം ലീഗ് പ്രചരണം നടത്തിയിട്ടില്ല. അങ്ങനെയൊരു വിഷയം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കമറുദ്ദീന്‍ വ്യക്തമാക്കി. ധ്രുവീകരണമുണ്ടാക്കാന്‍ സിപിഎമ്മാണ് ശ്രമം നടത്തിയത്. ലീഗില്‍ രണ്ട് ഗ്രൂപ്പാണെന്നും സ്ഥാനാര്‍ത്ഥിയെ അവര്‍ തന്നെ പരാജയപ്പെടുത്തുമെന്നും അങ്ങനെ വരുമ്പോള്‍ ബിജെപിയാണ് വിജയിക്കുകയെന്നുമായിരുന്നു സിപിഎമ്മിന്റെ വീട് കയറിയുള്ള പ്രചരണമെന്നും കമറുദ്ദീന്‍ ദ ക്യുവിനോട് പറഞ്ഞു.

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

SCROLL FOR NEXT