News n Views

ശമ്പളക്കുടിശ്ശികയില്‍ തീരുമാനമില്ല; മാതൃഭൂമിയിലേക്ക് മാര്‍ച്ചിന് പിവിഎസ് ജീവനക്കാര്‍ 

THE CUE

റീജിണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലും എറണാകുളം പിവിഎസ് ആശുപത്രി ജീവനക്കാരുടെ സമരത്തിന് പരിഹാരമായില്ല. ശമ്പളക്കുടിശ്ശിക എന്ന് നല്‍കാനാകുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കാതിരുന്നതോടെ ചര്‍ച്ച പരാജയമായി. പ്രക്ഷോഭം തുടരുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. ശമ്പളാനുകൂല്യങ്ങള്‍ നല്‍കാന്‍ കൂടുതല്‍ സാവകാശം വേണമെന്നായിരുന്നു മാനേജ്‌മെന്റ് നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. അന്തിമ തീരുമാനമറിയിക്കാന്‍ മനേജ്‌മെന്റിന് മെയ് 20 തിങ്കളാഴ്ച രാവിലെ 10.30 വരെ റീജിണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ സമയം നല്‍കിയിട്ടുണ്ട്. പിവിഎസ് ആശുപത്രി എംഡി പിവി മിനി, മകന്‍ പിവി അഭിഷേക്, മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ സനല്‍ എന്നിവരാണ് ചര്‍ച്ചയ്‌ക്കെത്തിയത്.

സാമ്പത്തിക പ്രതിസന്ധിയിലാണെന്നും എപ്പോള്‍ ശമ്പളക്കുടിശ്ശിക നല്‍കാനാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നുമായിരുന്നു ചര്‍ച്ചയില്‍ മാനേജ്‌മെന്റിന്റെ നിലപാട്. ആശുപത്രി പൂട്ടിയിട്ടില്ലെന്നും ഡോക്ടര്‍മാരാണ് രോഗികളുടെ അഡ്മിഷന്‍ കുറച്ചതെന്നുമായിരുന്നു ഇവരുടെ വാദം. ജീവനക്കാരുടെ എക്‌സ്പീരിയന്‍സ്, വര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവെച്ചിട്ടില്ലെന്നും നിലപാടെടുത്തു. ആശുപത്രിയില്‍ ജീവനക്കാര്‍ക്കെതിരെ നിലപാടെടുത്തശേഷം ചര്‍ച്ചയില്‍ ന്യായീകരണത്തിനാണ് മാനേജ്‌മെന്റ് ശ്രമിച്ചതെന്ന് സമരസമിതി ആരോപിച്ചു. ആശുപത്രി പൂട്ടാന്‍ നീക്കം നടത്തിയശേഷം ചര്‍ച്ചയില്‍ ഡോക്ടര്‍മാരെ പഴിചാരുകയായിരുന്നു മാനേജ്‌മെന്റെന്നും നേതാക്കള്‍ വ്യക്തമാക്കി. കളക്ടറേറ്റിലെ ചര്‍ച്ചയില്‍ ജില്ലാ ലേബര്‍ കമ്മീഷണറും പങ്കെടുത്തിരുന്നു. സമരക്കാരെ പ്രതിനിധീകരിച്ച് ഐഎംഎ നേതാക്കളായ ഡോക്ടര്‍ ഹനീഷ്, ഡോ. ജുനൈദ്, യുഎന്‍എ സെക്രട്ടറി ഹാരിസ്, ജീവനക്കാരായ രാജന്‍ നിധി, ലീന ജയ എന്നിവര്‍ പങ്കെടുത്തു. നേരത്തെ ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ നിന്ന് എംഡി പിവി മിനി വിട്ടുനിന്നതോടെയാണ് റീജിണല്‍ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ മറ്റൊരു യോഗം ക്രമീകരിച്ചത്.

മുന്‍പ് ജീവനക്കാരുമായി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്, മാതൃഭൂമി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ എം വി ശ്രേയാംസ്‌കുമാര്‍ എന്നിവരുടെ മധ്യസ്ഥതയിലായിരുന്നു അന്നത്ത ചര്‍ച്ച. രണ്ടാഴ്ചയ്ക്കകം ശമ്പളക്കുടിശ്ശിക തന്നുതീര്‍ക്കണമെന്ന സമരക്കാരുടെ ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചില്ല. കുടിശ്ശികയുടെ 50% രണ്ടുദിവത്തിനകം നല്‍കണമെന്ന ആവശ്യവും അന്ന് തള്ളുകയായിരുന്നു. ഇതേ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സംയുക്ത സമര സമിതി. പ്രശ്‌നപരിഹാരത്തിന് മാനേജ്‌മെന്റ് സന്നദ്ധരാകാത്തതില്‍ പ്രതിഷേധിച്ച് സമരക്കാര്‍, ആശുപത്രി ഉടമകളുടെ സ്ഥാപനമായ മാതൃഭൂമിയിലേക്ക് ചൊവ്വാഴ്ച മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. പിവിഎസ് പരിസരത്ത് നിന്ന് തുടങ്ങി മാതൃഭൂമി ജംഗ്ഷന്‍ വരെയാണ് പ്രതിഷേധം. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പിവി ചന്ദ്രനാണ് പിവി സ്വാമി മെമ്മോറിയല്‍ ആശുപത്രിയുടെ ചെയര്‍മാന്‍.

ഒരു വര്‍ഷമായി ശമ്പളം നല്‍കാത്തതിനെതുടര്‍ന്ന് അഞ്ഞൂറോളം ജീവനക്കാരാണ് സമരം നടത്തുന്നത്. ഇവിടത്തെ ഡോക്ടര്‍മാര്‍ക്ക് ഒരു വര്‍ഷമായി ശമ്പളാനുകൂല്യങ്ങളില്ല. വിവിധ വകുപ്പ് ജീവനക്കാര്‍ക്ക് 8 മാസങ്ങളായും ശമ്പളം നല്‍കിയിട്ടില്ല. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന പിഎഫ് വിഹിതവും കമ്പനിയുടെ പങ്കും നിക്ഷേപിക്കുന്നില്ല. ഇഎസ്‌ഐ വിഹിതം നല്‍കാത്തതിനെ തുടര്‍ന്ന് ഈ ആനുകൂല്യവും മുടങ്ങി. ബോണസ് നല്‍കിയിട്ടില്ലെന്നും ടിഡിഎസ് പിടിച്ചിട്ടും യഥാക്രമം അടയ്ക്കുന്നില്ലെന്നും ജീവനക്കാര്‍ സാക്ഷ്യപ്പടുത്തുന്നു. നേരത്തെ വിഷയത്തില്‍ കളക്ടര്‍ ഇടപെട്ടപ്പോള്‍ ഫെബ്രുവരി 28 നകം കുടിശ്ശിക നല്‍കാമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ രണ്ടരമാസം പിന്നിട്ടിട്ടും നടപടിയില്ല. യുഎന്‍എ, യുഎച്ച്എസ്എ, ഐഎംഎ തുടങ്ങിയ ഈ രംഗത്തെ സംഘടനകളുടെ പൂര്‍ണപിന്‍തുണയിലാണ് സമരം. അതേസമയം ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കം വരുത്താതെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT