News n Views

മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യ 7 സ്ഥാനങ്ങളും കേരളത്തിന്; ആരോഗ്യ സൂചികയില്‍ ഒന്നാമതെത്തിയതിന് പിന്നാലെ ശ്രദ്ധേയ നേട്ടം 

THE CUE

സംസ്ഥാനത്തെ 7 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം. രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 7 സ്ഥാനങ്ങളും കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കാണെന്ന്‌ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മികച്ച ചികിത്സാ സൗകര്യങ്ങളൊരുക്കി കുടുബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയ തിരുവനന്തപുരം പൂഴനാട് (സ്‌കോര്‍: 99), മലപ്പുറം ചാലിയാര്‍ (95), പാലക്കാട് ശ്രീകൃഷ്ണപുരം (94), പത്തനംതിട്ട ഓതറ (93), കോഴിക്കോട് രാമനാട്ടുകര (92), കണ്ണൂര്‍ കൊട്ടിയൂര്‍ (92), തൃശൂര്‍ മുണ്ടൂര്‍ (88) എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യു.എ.എസ്. ബഹുമതി നേടിയത്. 55 കേന്ദ്രങ്ങളാണ് ദേശീയ അംഗീകാരത്തിനായി അയച്ചത്. അതില്‍ 32 കേന്ദ്രങ്ങള്‍ക്ക് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു.

10 കേന്ദ്രങ്ങളുടെ ഫലം പ്രതീക്ഷിച്ചിരിക്കുകയാണ്. മേയ്, ജൂണ്‍ മാസങ്ങളില്‍ മൂല്യനിര്‍ണയം നടത്തിയ കേന്ദ്രങ്ങളുടെ ഫലമാണ് ഇപ്പോള്‍ വന്നത്. ഈ വര്‍ഷാവസാനത്തോടെ 140 കേന്ദ്രങ്ങള്‍ക്ക് ദേശീയ അംഗീകാരം നേടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. രോഗികള്‍ക്കുള്ള മികച്ച സേവനങ്ങള്‍, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാതൃ ശിശു ആരോഗ്യം, ജീവിതശൈലി രോഗനിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങള്‍ തുടങ്ങി 8 വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിന് പരിഗണിക്കുന്നത്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള വിവിധ മൂല്യ നിര്‍ണയങ്ങളിലൂടെയാണ് ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിനായി തെരഞ്ഞെടുക്കുന്നത്.

ഈ സംഘങ്ങള്‍ ഓരോ ആശുപത്രിയും പരിശോധിച്ചാണ് ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും എഴുപത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടണം. ദേശീയ ഗുണനിലവാര അംഗീകാരം തുടര്‍ച്ചയായ രണ്ടാം തവണയാണ് ഉയര്‍ന്ന സ്‌കോറോടെ കേരളം കരസ്ഥമാക്കുന്നത്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം 99 എന്ന സ്‌കോറോടെ എന്‍.ക്യു.എ.എസ്. കരസ്ഥമാക്കി ദേശീയതലത്തില്‍ തന്നെ ശ്രദ്ധ നേടി. കഴിഞ്ഞ വര്‍ഷം കാസര്‍കോട് കയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രം ഇതേ സ്‌കോര്‍ നേടിയാണ് രാജ്യത്ത് ഒന്നാമതെത്തിയത്.

ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമതെത്തിയതിന് പിന്നാലെ കിട്ടുന്ന വലിയ ബഹുമതിയാണ് സംസ്ഥാനത്തെ ഒരു കുടുംബാരോഗ്യ കേന്ദ്രം ഗുണനിലവാര മാനദണ്ഡങ്ങളില്‍ ദേശീയതലത്തില്‍ ഒന്നാമതെത്തുന്നത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. രണ്ടാം ഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനായി തെരഞ്ഞെടുത്തിട്ടുണ്ട്. വൈകുന്നേരം വരെയുള്ള മികച്ച ഒ.പി. സൗകര്യം, രജിസ്ട്രേഷന്‍ കൗണ്ടറുകള്‍, മുന്‍കൂട്ടി ബുക്കിംഗ് സൗകര്യം, മെച്ചപ്പെട്ട കാത്തിരിപ്പ് സ്ഥലങ്ങള്‍, കുടിവെള്ള, ടോയിലറ്റ് സൗകര്യങ്ങള്‍, സ്ത്രീ സൗഹൃദ-ഭിന്നശേഷി സൗഹൃദം, പ്രി-ചെക്കപ്പ് ഏരിയ, ലാബുകള്‍, ഡിസ്പ്ലേകള്‍, സ്വകാര്യതയുള്ള പരിശോധനാ മുറികള്‍, വിവിധ ക്ലിനിക്കുകള്‍ എന്നീ സൗകര്യങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലുണ്ട്.

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT