നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പോളിംഗിന് ഒരു ദിവസം മാത്രം ശേഷിക്കുമ്പോള്‍ വിവാദമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ആര്‍എസ്എസ് ബന്ധം പരാമര്‍ശം. ആര്‍എസ്എസുമായി അടിയന്തരാവസ്ഥക്കാലത്ത് ചേര്‍ന്നിട്ടുണ്ടായിരുന്നുവെന്ന് മാതൃഭൂമി ന്യൂസ് അഭിമുഖത്തിലാണ് ഗോവിന്ദന്‍ പറഞ്ഞത്. പ്രതിരോധത്തിലായതോടെ വിശദീകരണവുമായി ആദ്യം രംഗത്തെത്തിയത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജ് ആണ്. സിപിഎം ഒരുകാലത്തും ആര്‍എസ്എസുമായി രാഷ്ട്രീയ സഖ്യത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന വിശദീകരണവുമായി പിന്നീട് എം.വി.ഗോവിന്ദന്‍ വാര്‍ത്താസമ്മേളനം നടത്തി. എങ്കിലും ഇതിനിടയില്‍ ഗോവിന്ദന്റെ പരാമര്‍ശം യുഡിഎഫ് ഏറ്റെടുക്കുകയും പ്രതിപക്ഷ നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു.
അടിയന്തരാവസ്ഥ കഴിഞ്ഞ് 1977ല്‍ ആര്‍എസ്എസുമായി പലസ്ഥലത്തും ചേര്‍ന്നില്ലേ. അത്ര കണ്ടാല്‍ മതി. ആര്‍എസ്എസ് വര്‍ഗ്ഗീയവാദികളാണല്ലോ? ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടായിരുന്നു. എന്ത് വിവാദം വരാന്‍? സത്യസന്ധമായിട്ട് കാര്യങ്ങള്‍ പറഞ്ഞാല്‍ വിവാദം വരുമോ? ഞങ്ങള്‍ക്ക് ഒരു ഭയവുമില്ല, തെല്ല് ഭയമില്ല.
എം.വി.ഗോവിന്ദന്‍ അഭിമുഖത്തില്‍ പറഞ്ഞത്
ജമാ അത്തെ ഇസ്ലാമിയുമായി ഒരു രാഷ്ട്രീയ മുന്നണിയിലും ഞങ്ങള്‍ ഉണ്ടായിട്ടില്ല. ആര്‍എസ്എസ് രൂപീകരിക്കുന്നത് 1925ലാണല്ലോ. എല്ലാ ഘട്ടത്തിലും ആര്‍എസ്എസിനെ ഇവിടെ ആരെങ്കിലും അംഗീകരിച്ചിട്ടുണ്ടോ? എന്നാല്‍ അടിയന്തരാവസ്ഥ കഴിഞ്ഞ് 1977ല്‍ ആര്‍എസ്എസുമായി പലസ്ഥലത്തും ചേര്‍ന്നില്ലേ. അത്ര കണ്ടാല്‍ മതി. ആര്‍എസ്എസ് വര്‍ഗ്ഗീയവാദികളാണല്ലോ? ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടായിരുന്നു. എന്ത് വിവാദം വരാന്‍? സത്യസന്ധമായിട്ട് കാര്യങ്ങള്‍ പറഞ്ഞാല്‍ വിവാദം വരുമോ? ഞങ്ങള്‍ക്ക് ഒരു ഭയവുമില്ല, തെല്ല് ഭയമില്ല. വര്‍ഗ്ഗീയ ശക്തികള്‍ ഇന്ത്യയിലെ പല മേഖലയിലും അതിശക്തമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിലൊരു പ്രത്യാഘാതം ഗാന്ധിവധമാണ്. ഗാന്ധിവധത്തിന് ശേഷം ആര്‍എസ്എസ് പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. പക്ഷേ കോണ്‍ഗ്രസ് തന്നെ പിന്നീട് അതിനെ അംഗീകരിച്ച് മുന്നോട്ടു പോയി. തുടര്‍ന്ന് അടിയന്തരാവസ്ഥ വന്നു. അടിയന്തരാവസ്ഥ വന്നാല്‍ പിന്നെ, അര്‍ദ്ധ ഫാസിസത്തിന്റെ രീതിയിലേക്ക് വന്നാല്‍ പിന്നെ മറ്റെന്തെങ്കിലും നോക്കേണ്ടതുണ്ടോ? ഫാസിസത്തിന്റെ അവസാനം വരുത്തുക എന്നതാണല്ലോ പിന്നത്തെ മുദ്രാവാക്യം. അങ്ങനെ വരുമ്പോള്‍ അടിയന്തരാവസ്ഥ അറബിക്കടലില്‍, യോജിക്കാവുന്നവര്‍ എല്ലാവരുമായി യോജിച്ചില്ലേ കേരളത്തിലും ഇന്ത്യയിലും? അതൊരു അനിവാര്യതയായിരുന്നു. ഞങ്ങള്‍ എടുത്ത നിലപാട് അടിയന്തരാവസ്ഥക്ക് എതിരായിട്ടുള്ളതായിരുന്നു.
എം.വി.ഗോവിന്ദന്റെ വിശദീകരണം
വര്‍ഗ്ഗീയതക്ക് എതിരായിട്ടുള്ള കാര്യം പറഞ്ഞു വന്നപ്പോള്‍ ഇപ്പോള്‍ വ്യാപകമായ പ്രചാരവേല ഞാനെന്തോ വര്‍ഗ്ഗീയവാദികളുമായി കൂട്ടുകൂടാന്‍ ശ്രമിച്ചുവെന്നൊരു കള്ള പ്രചാരവേല നടത്തിക്കൊണ്ടിരിക്കുകയാണ്. ചരിത്രത്തെ ചരിത്രത്തിന്റെ ഭാഗമായിട്ട് പഠിക്കണം. കാണാനും തയ്യാറാവണം. അങ്ങനെയല്ലാതെ വരുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്താന്‍, യുഡിഎഫിന് ചില നിലപാടുകള്‍ സ്വീകരിക്കാന്‍ മാധ്യമങ്ങളില്‍ തന്നെ ചിലര്‍ ശ്രമിച്ചിട്ടുള്ളത് എന്നത് പകല്‍വെളിച്ചം പോലെ സത്യമാണ്. അടിയന്തരാവസ്ഥ എന്നുള്ളത് അര്‍ദ്ധ ഫാസിസത്തിന്റെ ഭാഗമായിരുന്നു. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനം പൂര്‍ണ്ണമായി ഇല്ലായ്മ ചെയ്തു. നാവടക്കൂ, പണിയെടുക്കൂ എന്ന മുദ്രാവാക്യമാണ് നടപ്പിലാക്കിയത്. ജനാധിപത്യ അവകാശങ്ങളൊന്നും ഇല്ലായിരുന്നു. അടിയന്തരാവസ്ഥക്ക് എതിരെ ആരെങ്കിലും മിണ്ടിയാല്‍, ഇനി മിണ്ടുമെന്നുള്ള പ്രതീക്ഷയുണ്ടെങ്കില്‍ അവരെയെല്ലാം രണ്ട് രീതിയില്‍ കല്‍ത്തുറുങ്കില്‍ അടക്കുന്ന കാലമായിരുന്നു അടിയന്തരാവസ്ഥ.
ഞങ്ങളെല്ലാം അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്ന അനുഭവമുള്ളവരാണ്. ആ അര്‍ദ്ധ ഫാസിസ്റ്റ് രീതിയിലുള്ള, ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയിട്ടുള്ള ഈ അമിതാധികാര വാഴ്ചക്ക് എതിരായി രാജ്യം അതിശക്തിയായ പ്രതിഷേധം രൂപപ്പെടുത്തി വളര്‍ത്തിയെടുത്തു. ഇതിന്റ ഭാഗമായിട്ടാണ് അന്ന് സഖാവ് ഇഎംഎസ് പറഞ്ഞതു പോലെ ഞങ്ങള്‍ ഉയര്‍ത്തിയ മുദ്രാവാക്യം അടിയന്തരാവസ്ഥ അറബിക്കടലില്‍ എന്നതാണ്. ഈ മുദ്രാവാക്യം വെച്ചുകൊണ്ട് ഇന്ത്യ മുഴുവന്‍ ഒറ്റക്കെട്ടായി അമിതാധികാര വാഴ്ചക്കെതിരായി, അര്‍ദ്ധ ഫാസിസ്റ്റ് വാഴ്ചക്ക് എതിരായി അതി ശക്തിയായ രാഷ്ട്രീയ മുന്നേറ്റമാണ് പിന്നീട് കണ്ടത്. ആ മുന്നേറ്റത്തിന്റെ ഭാഗമായിട്ടാണ് നമുക്കെല്ലാം അറിയുന്നതു പോലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ ചേര്‍ന്ന് ഒരു രാഷ്ട്രീയ പ്രസ്ഥാനം രൂപപ്പെട്ടത്. അങ്ങനെയാണ് ജനതാ പാര്‍ട്ടിയുടെ രൂപീകരണം. ജനതാ പാര്‍ട്ടിയെന്നത് ജനസംഘത്തിന്റെ തുടര്‍ച്ചയായി വന്ന ഒരു പാര്‍ട്ടിയല്ല. വിവിധ പാര്‍ട്ടികള്‍, സോഷ്യലിസ്റ്റുകാര്‍, ജനാധിപത്യവാദികള്‍, ജഗ്ജീവന്‍ റാമിന്റെ സിഎഫ്ഡി, സ്വതന്ത്രാ പാര്‍ട്ടി, ജനസംഘം അടക്കം എല്ലാ പാര്‍ട്ടികളും ചേര്‍ന്നുണ്ടായ ഒരു പാര്‍ട്ടിയാണ് ജനതാ പാര്‍ട്ടി. ഈ ജനതാ പാര്‍ട്ടിയില്‍ വ്യത്യസ്ത ധാരകളുണ്ടായിരുന്നു. ആ ധാരയിലാണ് ജനസംഘം ഉള്‍പ്പെട്ടിരുന്നത്.
അന്ന് ആര്‍എസ്എസ് പ്രബലമായ ഒരു ശക്തിയായി അതില്‍ പ്രവര്‍ത്തിക്കുന്നില്ല. മറ്റെല്ലാ വിഭാഗങ്ങളുമാണ് ശക്തിയായി പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസ് ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന രീതിയിലല്ല, ജനസംഘത്തിന്റെ ഭാഗമായ ഒരു വിഭാഗമെന്ന രീതിയിലാണ് അതില്‍ ചേരുന്നത്. അങ്ങനെ രാജ്യവ്യാപകമായി എല്ലാ വിഭാഗങ്ങളും ചേര്‍ന്ന് അടിയന്തരാവസ്ഥ അറബിക്കടലില്‍ എന്ന ഇഎംഎസ് ഉയര്‍ത്തിയ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യയൊറ്റക്കെട്ടായി മുന്നോട്ടുപോയ ഒരു സാഹചര്യത്തെക്കുറിച്ചാണ് ഞാന്‍ സൂചിപ്പിച്ചത്.
അന്ന് ആര്‍എസ്എസ് പ്രബലമായ ഒരു ശക്തിയായി അതില്‍ പ്രവര്‍ത്തിക്കുന്നില്ല. മറ്റെല്ലാ വിഭാഗങ്ങളുമാണ് ശക്തിയായി പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസ് ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന രീതിയിലല്ല, ജനസംഘത്തിന്റെ ഭാഗമായ ഒരു വിഭാഗമെന്ന രീതിയിലാണ് അതില്‍ ചേരുന്നത്. അങ്ങനെ രാജ്യവ്യാപകമായി എല്ലാ വിഭാഗങ്ങളും ചേര്‍ന്ന് അടിയന്തരാവസ്ഥ അറബിക്കടലില്‍ എന്ന ഇഎംഎസ് ഉയര്‍ത്തിയ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യയൊറ്റക്കെട്ടായി മുന്നോട്ടുപോയ ഒരു സാഹചര്യത്തെക്കുറിച്ചാണ് ഞാന്‍ സൂചിപ്പിച്ചത്. അതിനെയാണ് വളച്ചൊടിച്ച് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ആര്‍എസ്എസുമായി സിപിഎം ഇന്നേവരെ ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല. ഇന്നലെയുമില്ല, ഇന്നുമില്ല, ഇനി നാളെയും ഉണ്ടാവില്ല. ഇത് അസന്ദിഗ്ദ്ധമായിട്ട് ഇതിന് മുന്‍പ് എത്രയോ പ്രാവശ്യം വിശദികരിച്ചതാണ്. പിന്നീട് ആ ജനതാ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവന്ന പ്രശ്‌നം എന്തായിരുന്നു? രണ്ട് മെംബര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് ഉയര്‍ന്നു വന്നത്. അതിന്റെ ഭാഗമായിട്ടാണ് വി.പി.സിങ്ങിന്റെ മന്ത്രിസഭയെ അട്ടിമറിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് പിന്നീട് നിലപാട് സ്വീകരിച്ചത്.