Kerala News

വി എസ് , ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം നടന്ന ജീവിതം

നൂറിന്റെ നിറവിലെത്തിയ സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സഖാവ് വിഎസ്സിന് ആരോഗ്യവും സന്തോഷവും ആശംസിക്കുന്നു. ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം നടന്ന ജീവിതമാണ് വിഎസ്സിന്റേത്. വിഎസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തിയ പോരാട്ടത്തിന്റെ സൃഷ്ടിയാണ് ഇന്നത്തെ കേരളം. ഐക്യകേരള രൂപീകരണത്തിന് മുന്നേതന്നെ സമരമുഖങ്ങളില്‍ സജീവമായിരുന്നു വി.എസ്. ജന്മിത്വത്തിനും, സാമ്രാജ്യത്വത്തിനും, സ്വേച്ഛാധിപത്യത്തിനുമെല്ലാമെതിരെയുള്ള സമരമുഖങ്ങളില്‍ വീറുള്ള നേതൃത്വമായി വിഎസ് സാമൂഹ്യ രംഗത്ത് നിറഞ്ഞ് നിന്നു.

ഐക്യകേരള രൂപീകരണത്തിന് ശേഷം നിയമസഭാ സാമാജികനായി, മുഖ്യമന്ത്രിയായി, പ്രതിപക്ഷ നേതാവായെല്ലാം അദ്ദേഹം നടത്തിയ ഇടപെടലുകള്‍ കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തില്‍ ശ്രദ്ധേയമായ ഏടുകളാണ്. എട്ട്പതിറ്റാണ്ട് പിന്നിടുന്ന അദ്ദേഹത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ജീവിതം തൊഴിലാളി പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുടെയും, വികാസത്തിന്റെയും അടയാളങ്ങള്‍ കൂടിയാണ്.

ചെറുപ്പത്തില്‍തന്നെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട വിഎസ് 11ാം വയസില്‍ കയര്‍തൊഴിലാളിയായി ജീവിതം മുന്നോട്ട് നയിച്ചു. കയര്‍ഫാക്ടറി തൊഴിലാളിയായിരിക്കെ കൃഷ്ണപ്പിള്ളയെ കണ്ടുമുട്ടിയതിലൂടെ ലഭിച്ച രാഷ്ട്രീയബോധ്യങ്ങളില്‍ നിന്നുമാണ് വിഎസ് രാഷ്ട്രീയ ജീവിതവഴിയിലേക്കെത്തുന്നത്. കയര്‍തൊഴിലാളികളെ സംഘടിപ്പിച്ച് രാഷ്ട്രീയ ജീവിതമാരംഭിച്ച വിഎസ് എല്ലാ കാലത്തും അധ്വാനിക്കുന്നവന്റെ വിയര്‍പ്പിനും കണ്ണീരിനുമൊപ്പം നിന്ന നേതാവാണ്. കയര്‍ തൊഴിലാളികളെയും കര്‍ഷകത്തൊഴിലാളികളെയുമെല്ലാം സംഘടിപ്പിക്കുകയും അവരില്‍ അവകാശബോധം പകര്‍ന്ന് നല്‍കുകയും ചെയ്ത വി.എസ് പില്‍ക്കാലത്ത് കര്‍ഷകരുടെ എറ്റവും വലിയ സമരസംഘടനയായ കേരളാ സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്റെയും അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്റെയും ആദ്യ രൂപമായ തിരുവിതാംകൂര്‍ കര്‍ഷക തൊഴിലാളി യൂണിയന്റെ രൂപീകരണത്തിലും നേതൃപരമായ പങ്കുവഹിച്ചു.

ഈ അനുഭവങ്ങളുടെയെല്ലാം കരുത്തില്‍ കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് വിഎസ് ഉയര്‍ന്നു. ഐതിഹാസികമായ പുന്നപ്ര-വയലാര്‍ സമരത്തിന്റെ നേതൃനിരയില്‍ നിന്ന് സഖാവ് തൊഴിലാളി വര്‍ഗ്ഗ, കര്‍ഷക സമരങ്ങളുടെ പതാകവാഹകനായി.

സമരത്തെ തുടര്‍ന്നുണ്ടായ പൊലീസ് വേട്ടയ്ക്ക് പിന്നാലെ ദീര്‍ഘകാലം ഒളിവില്‍ പ്രവര്‍ത്തിച്ച സഖാവ് പിടിക്കപ്പെട്ടപ്പോള്‍ പൊലീസിന്റെ ക്രൂരമായ മൂന്നാംമുറയ്ക്കും വിധേയനായി.

1940 ല്‍ തന്റെ 17ാം വയസില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി രാഷ്ട്രീയ പ്രവര്‍ത്തനം നയിച്ച സഖാവ് പിന്നീടിങ്ങോട്ട് കേരളത്തില്‍ സിപിഐഎം കെട്ടിപ്പടുക്കുന്നതിലും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമിടയില്‍ സിപിഐഎമ്മിനെ വലിയ രാഷ്ട്രീയ ശക്തിയായി വളര്‍ത്തുന്നതിലും നിര്‍ണായകമായ പങ്കുവഹിച്ചു.

1964 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടായതിനെത്തുടര്‍ന്ന് ദേശീയ കൗണ്‍സിലില്‍ നിന്നും ഇറങ്ങിപ്പോന്ന് സിപിഐഎം രൂപീകരണത്തിന് നേതൃത്വം നല്‍കിയ 32 പേരില്‍ കേരളത്തിലിന്ന് ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് സഖാവ് വി.എസ്.

സാമൂഹ്യ-രാഷ്ട്രീയ ജിവിതത്തിലുടനീളം കര്‍ഷകരും,തൊഴിലാളികളുമുള്‍പ്പെടുന്ന നിസ്വവര്‍ഗ്ഗത്തിന്റെ ഉറ്റതോഴനായി വിഎസ് നിലകൊണ്ടു, നീട്ടിക്കുറുക്കിയുള്ള സംസാരശൈലികൊണ്ട് രാഷ്ട്രീയ എതിരാളികളുടെ വിമര്‍ശനങ്ങളുടെ മുനയൊടിച്ചു. വിഎസിന്റെ ജീവിതമടയാളപ്പെടുത്തുന്നത് കേരളം രൂപീകരിക്കപ്പെട്ടൊരു നൂറ്റാണ്ടിന്റെ തൊഴിലാളിവര്‍ഗ്ഗ പോരാട്ടങ്ങളെക്കൂടിയാണ്. വിഎസ് എന്ന വിപ്ലവകാരിക്ക് ഓരോമലയാളിയുടെയും മനസില്‍ സവിശേഷമായ സ്ഥാനമാണുള്ളത്. പ്രിയ സഖാവിന് ഹൃദയം നിറഞ്ഞ ആശംസകള്

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT