Kerala News

അധികാരത്തിലെത്തിയാല്‍ യുവാക്കളെ നാട്ടില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന വകുപ്പ് രൂപീകരിക്കും; സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ വി.ഡി.സതീശന്‍

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ യുവാക്കളെ നാട്ടില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന വകുപ്പ് രൂപീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. കൊച്ചി ജെയിന്‍ സര്‍വ്വകലാശാലയുടെ ന്യൂ ഇനീഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം എം. ജോസഫുമായി സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ നടത്തിയ 'മാസ്റ്റേഴ്‌സ് ഇന്‍ സോഷ്യല്‍ എഞ്ചിനീയറിംഗ്' എന്ന സംവാദത്തിലാണ് സതീശന്റെ പരാമര്‍ശം. യുവാക്കള്‍ തൊഴില്‍ തേടിയും വിദ്യാഭ്യാസത്തിനായും വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന സ്ഥിതിയുണ്ട്. ഗള്‍ഫിലേക്ക് പോകുന്നതുപോലെയല്ല യൂറോപ്പിലേക്ക് പോകുന്നത്. ഗള്‍ഫില്‍ നിന്നും പണം നാട്ടിലേക്ക് വരുന്നുണ്ട്. എന്നാല്‍ യൂറോപ്പില്‍ നിന്നും അങ്ങനെയല്ലെന്ന് സതീശന്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷം ഹര്‍ത്താലുകളോ പണിമുടക്കുകളോ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അതില്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അഭിമാനമുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ അതിവേഗ റെയില്‍ ആവശ്യമാണ്. എന്നാല്‍ അത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നത് ആയിരിക്കരുത്. കേരളത്തില്‍ പരിസ്ഥിതിക്ക് അനുയോജിച്ച വ്യവസായങ്ങളാണ് വേണ്ടത്. അവ ഏതൊക്കെയെന്ന് സര്‍ക്കാര്‍ പട്ടികപ്പെടുത്തണം. അത്തരം വ്യവസായങ്ങളെ കേരളത്തിലേക്ക് ക്ഷണിക്കണം.

അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് പകരം കൃത്യമായ പ്ലാനിംഗും സുതാര്യതയും സ്വകാര്യ മേഖലയിലെ അച്ചടക്കവും കൂടിച്ചേര്‍ന്ന 'ഭാവിസജ്ജമായ ഭരണകൂടം' (Future-Ready Government) കേരളത്തിന് ആവശ്യമാണെും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു. കേരളം വെറുമൊരു ഉപഭോക്തൃ സംസ്ഥാനമായി തുടരാതെ, ആഗോള വ്യവസായ കേന്ദ്രമായി മാറണമെന്ന് വി ഡി സതീശന്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്വകാര്യ നിക്ഷേപകര്‍ക്കും സര്‍ക്കാര്‍ ഒരു സഹായിയായി മാറണം. പ്രതിസന്ധി ഘട്ടങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 'വെന്റിലേറ്റര്‍' പോലെ പ്രവര്‍ത്തിക്കുന്ന നികുതി ഇളവുകളും വേഗത്തിലുള്ള അനുമതികളും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് നിലവിലെ പാഠ്യപദ്ധതികള്‍ പെട്ടെന്ന് കാലഹരണപ്പെടുകയാണ്. വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തിനായി വ്യവസായ പ്രമുഖരുമായി ചേര്‍ന്ന് 'ബ്രിഡ്ജ് കോഴ്‌സുകള്‍' ആരംഭിക്കണം. സാങ്കേതിക വിദ്യ മാനുഷിക മൂല്യങ്ങളില്‍ അധിഷ്ഠിതമായിരിക്കണം.

യുവതലമുറ ജനാധിപത്യപരമായ ചിന്താഗതി വളര്‍ത്തണമെന്നും വി ഡി സതീശന്‍ പറഞ്ഞു. 'ഓരോ വ്യക്തിയും രാഷ്ട്രീയ ബോധമുള്ളവരായിരിക്കണം, എന്നാല്‍ രാഷ്ട്രീയം പറയാന്‍ അവര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാകണമെന്ന് നിര്‍ബന്ധമില്ലെന്നും സതീശന്‍ പറഞ്ഞു.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT