Kerala News

സാഹിത്യം മുതല്‍ രാഷ്ട്രീയം വരെ, മലയാളത്തിന്റെ സാനു മാഷ്; പ്രൊഫ.എം.കെ.സാനു

സാഹിത്യ നിരൂപണം, സാംസ്‌കാരിക മേഖലയിലെ നിരന്തര സാന്നിധ്യം, അധ്യാപകന്‍, നിയമസഭാംഗം, ചിന്തകന്‍ എന്നിങ്ങനെ വ്യത്യസ്തമായ മേഖലകളില്‍ ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു പ്രൊഫ.എം.കെ.സാനു. സാനു മാഷ് എന്ന് സാംസ്‌കാരിക കേരളം വിളിച്ചിരുന്നയാള്‍. എഴുത്തില്‍ അദ്ദേഹം തെരഞ്ഞെടുത്തത് വിശാലമായ മേഖലകള്‍. അത് സാഹിത്യ നിരൂപണം മുതല്‍ ജീവചരിത്രം വരെയായി പടര്‍ന്നു കിടക്കുന്നു. എണ്‍പതിലേറെ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തു വന്നു. 98 വയസിലാണ് അദ്ദേഹം മടങ്ങുന്നത്. വീട്ടില്‍ വീണ് ഇടുപ്പെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ന്യുമോണിയ ബാധയെത്തുടര്‍ന്ന് ഐസിയുവില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ 10 മണിക്ക് എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം നടക്കും. വൈകിട്ട് 5 മണിക്ക് രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം.

1928 ഒക്ടോബര്‍ 27ന് ആലപ്പുഴയിലെ തുമ്പോളിയിലാണ് എം.കെ.സാനു ജനിച്ചത്. എം.സി.കേശവനും കെ.പി.ഭവാനിയും മാതാപിതാക്കള്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് മലയാളത്തില്‍ ഒന്നാം റാങ്കോടെ എംഎ കരസ്ഥമാക്കി. പിന്നീട് സ്‌കൂള്‍ അധ്യാപകനും കോളേജ് അധ്യാപകനുമായി. 1958ല്‍ പുറത്തിറങ്ങിയ അഞ്ച് ശാസ്ത്ര നായകന്മാര്‍ ആണ് ആദ്യ പുസ്തകം. 1960ല്‍ പ്രസിദ്ധീകരിച്ച കാറ്റും വെളിച്ചവും എന്ന ഗ്രന്ഥത്തിലൂടെ സാഹിത്യ നിരൂപണത്തിലേക്ക്. എറണാകുളം മഹാരാജാസ് കോളേജില്‍ അടക്കം അധ്യാപകനായിരുന്നു. സാഹിത്യ നിരൂപണത്തിന് പുറമേ ജീവചരിത്ര ഗ്രന്ഥങ്ങളായിരുന്നു എം.കെ.സാനുവിന്റെ മറ്റൊരു പ്രധാന മേഖല. ചങ്ങമ്പുഴ കൃഷ്ണപിള്ള; നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം, ഉറങ്ങാത്ത മനീഷി എന്ന പേരില്‍ പി.കെ.ബാലകൃഷ്ണനെക്കുറിച്ചുള്ള ജീവചരിത്ര പുസ്തകം, ഏകാന്തവീഥിയിലെ അവധൂതന്‍ എന്ന പേരില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രം തുടങ്ങിയവ അദ്ദേഹം രചിച്ചു. കര്‍മഗതി എന്ന പേരില്‍ ആത്മകഥയും എഴുതി.

കുമാരനാശാന്‍ കവിതകളെക്കുറിച്ചും സഹോദരന്‍ അയ്യപ്പനെക്കുറിച്ചും പുസ്തകങ്ങള്‍ എഴുതി. ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം ശ്രീനാരായണ ആദര്‍ശങ്ങള്‍ പിന്തുടര്‍ന്നു. കേരളത്തിലെ മികച്ച പ്രസംഗകരില്‍ ഒരാളെന്ന് പേരെടുത്തു. ഗവണ്‍മെന്റ് കോളേജ് അധ്യാപക ജോലിയില്‍ നിന്ന് 1983ല്‍ എം.കെ.സാനു വിരമിച്ചു. തൊട്ടടുത്ത വര്‍ഷം തന്നെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സാഹിത്യ അക്കാഡമി പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1987ലാണ് എറണാകുളത്ത് നിന്ന് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച് എംഎല്‍എ ആയത്.

നിരവധി പുരസ്‌കാരങ്ങളും എം.കെ.സാനുവിനെ തേടിയെത്തി. കേന്ദ്ര സാഹിത്യ അക്കാഡമി, കേരള സാഹിത്യ അക്കാഡമി അവാര്‍ഡുകളും കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരവും എഴുത്തച്ഛന്‍ പുരസ്‌കാരവും നേടി. പതമപ്രഭാ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം എന്നിവയ്ക്കും അര്‍ഹനായി.

കരിയറില്‍ ചെയ്തതുവെച്ച് ഏറ്റവും സംതൃപ്തി തന്ന രണ്ട് വര്‍ക്കുകള്‍ ആ സീരീസുകളാണ്: സഞ്ജു ശിവറാം

മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം അച്ഛനെ എക്സൈറ്റ് ചെയ്യിപ്പിച്ച സിനിമയാണ് ലോക എന്ന് പറഞ്ഞു: ചന്തു സലിം കുമാര്‍

സിനിമയെ വളരെ ഓർ​ഗാനിക്കായി സമീപിക്കുന്ന സംവിധായകനാണ് ജീത്തു ജോസഫ്: ആസിഫ് അലി

'ദീപിക പദുകോൺ കൽക്കി രണ്ടാം ഭാഗത്തിൽ ഉണ്ടാകില്ല'; ഔദ്യോഗികമായി അറിയിച്ച് നിർമ്മാതാക്കൾ

'കൂമൻ' ആവർത്തിക്കാൻ ആസിഫ് അലി-ജീത്തു ജോസഫ് കൂട്ടുകെട്ട്; 'മിറാഷ്' നാളെ തിയറ്ററുകളിലേക്ക്

SCROLL FOR NEXT