Kerala News

കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിൽ, അഭിനയമെന്ന് കെ.എസ്.യു; കണ്ണൂരില്‍ സംഭവിച്ചതെന്ത്?

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിന് പരിക്ക്. മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരിക്കേറ്റത്. കണ്ണൂരിലെ ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം വന്ദേഭാരത് എക്‌സ്പ്രസില്‍ മടങ്ങാന്‍ എത്തിയപ്പോളാണ് സംഭവം. കഴുത്തിന് വേദന അനുഭവപ്പെട്ട മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നാണ് മന്ത്രി വ്യക്തമാക്കിയത്. റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന സ്പീക്കര്‍ എ.എന്‍.ഷംസീറും ആക്രമണം സ്ഥിരീകരിച്ചു. എന്നാല്‍ അത്തരത്തില്‍ ആക്രമണം ഉണ്ടായിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കുന്നത്.

കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയമാണ് കണ്ണൂരില്‍ ആരോഗ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. പ്രതിഷേധ പ്രകടനമല്ല, ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂരില്‍ ഉണ്ടായ കെഎസ്യു ആക്രമണം കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയമാണ്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല -ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്‌ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജന്‍സികളും അംഗീകരിച്ചതും ആണ്. എന്നിട്ടും ചില സംഭവങ്ങള്‍ പര്‍വ്വതീകരിച്ച് അതില്‍ ഒരുതരത്തിലും ഉള്‍പ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല; രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാന്‍ കഴിയുക. തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകര്‍ക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോണ്‍ഗ്രസ് നേതൃത്വം കരുതരുത്. ഇത് സ്ത്രീകള്‍ക്കെതിരായ ആക്രമണം ആണ്. ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറാനും റീത്ത് വെക്കാനും യൂത്ത് കോണ്‍ഗ്രസുകാരെ ഇറക്കിവിട്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. നിരന്തരം നുണയും വെറുപ്പും പ്രചരിപ്പിച്ച് അണികളെ അക്രമോത്സുകരാക്കുന്ന കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ശൈലിയാണ് ഇതിനുപിന്നില്‍. തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയത്തെ മലീമസമാക്കുന്ന അവരുടെ ശൈലിയുടെ പ്രതിഫലനമാണ് കെഎസ്യു ആക്രമികളിലൂടെ പുറത്തുവന്നത്. ഇത് അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.

ഒരു വനിതാ മന്ത്രിക്ക് നേരെ ഇത്തരത്തിലൊരു ആക്രമണം കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. മന്ത്രിയെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നേവരെ കേട്ടുകേള്‍വിയില്ലാത്ത വിധം ക്രൂരവും ആസൂത്രിതവുമായ ആക്രമണമാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന് നേരെ കണ്ണൂരില്‍ നടന്നത്. ഒരു വനിതാ മന്ത്രിക്കു നേരെ ഇത്തരമൊരു ഹീനമായ ആക്രമണം കേരളത്തില്‍ ആദ്യമായാണ്. റീത്ത് വെക്കുക, കൊല്ലുമെന്ന് പ്രഖ്യാപിക്കുക, കൊല്ലാന്‍ ശ്രമിക്കുക, അതാണ് നടന്നത്.

അതേസമയം മന്ത്രി തകര്‍ത്ത് അഭിനയിക്കുകയാണെന്നാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പ്രതികരിച്ചത്.

കേരളത്തിന്റെ ആരോഗ്യ വകുപ്പു മന്ത്രി ഒരു പൊതുപ്രവര്‍ത്തകയുടെ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല എന്നതാണ് കണ്ണൂരില്‍ കണ്ട ആശുപത്രി നാടകത്തില്‍ നിന്ന് മനസിലാകുന്നത്. മൈലപ്ര ബഥനി സ്‌കൂളില്‍ മോണോ ആക്ടില്‍ ഒന്നാം സ്ഥാനം നേടിയ ആ പെണ്‍കുട്ടിയുടെ അതേ അഭിനയ പാടവത്തോടെ മന്ത്രി തകര്‍ത്ത് അഭിനയിക്കുകയാണ്. കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ അടുത്ത് പോലും എത്തിയിട്ടില്ല. രക്തസാക്ഷി പരിവേഷം ലഭിക്കുന്നതിനായി മന്ത്രി ശ്രമിക്കുമെന്ന് സൂചനയുണ്ടായിരുന്നു. അതുകൊണ്ട് പ്രവര്‍ത്തകരോട് മന്ത്രിക്ക് പരിക്കേല്‍ക്കുന്ന വിധത്തില്‍ പ്രതിഷേധം നടത്തരുതെന്ന് പറഞ്ഞിരുന്നു.

മന്ത്രിയെ ആരും ആക്രമിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞത്

പ്രാഥമികാന്വേഷണത്തിലും ദൃശ്യങ്ങള്‍ കണ്ടതില്‍ നിന്നും മനസിലാകുന്നത് മന്ത്രിയെ കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടില്ലെന്നാണ്. മന്ത്രിയുടെ അടുത്ത് പോലും പ്രവര്‍ത്തകര്‍ എത്തിയിട്ടില്ല. കൂടുതല്‍ അന്വേഷണം നടത്താമെന്നും ആര്‍ക്കെങ്കിലും ആക്രമണത്തില്‍ പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കും.

ആക്രമണം സതീശന്റെ നിര്‍ദേശ പ്രകാരമെന്ന് മന്ത്രി വി.ശിവന്‍കുട്ടിയും പ്രതികരിച്ചു.

‌വീണാ ജോര്‍ജിന് എതിരായി നടന്ന ആക്രമണം പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശം അനുസരിച്ചാണോ എന്ന് കരുതണം. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീക്കട്ട കൊണ്ട് തല ചൊറിയുകയാണ്. സോണിയ ഗാന്ധിക്കെതിരെയാണ് ആക്രമണം ഉണ്ടാകുന്നതെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എങ്ങനെയായിരിക്കും പ്രതികരിക്കുന്നത്. ഒരു കാര്യം ഓര്‍ക്കണം, ഞങ്ങള്‍ ഇതുപോലെ പ്രതികരിച്ചാല്‍ നിങ്ങള്‍ക്കത് താങ്ങില്ല.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT