ജയില്‍ ചാട്ടം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകം കൊടുംകുറ്റവാളി ഗോവിന്ദച്ചാമി പിടിയിലായിരിക്കുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. രാത്രി 1.15 ഓടെ ഇയാള്‍ അഴികള്‍ മുറിച്ച് രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാവിലെയാണ് ജയില്‍ ചാട്ടം സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിന് ഒടുവില്‍ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ കിണറിനുള്ളില്‍ നിന്ന് ഗോവിന്ദച്ചാമിയെ പിടികൂടുകയായിരുന്നു. കണ്ണൂര്‍ ഡിസിസി ഓഫീസിന് പരിസരത്തു വെച്ച് ഗോവിന്ദച്ചാമിയെ ഒരു ബസ് ഡ്രൈവര്‍ കണ്ടു. പേര് വിളിച്ചതോടെ ഇയാള്‍ അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് ഓടിക്കയറി. പൊലീസ് പരിശോധന നടത്തുന്നതിനിടെ മതില്‍ ചാടിയ ഗോവിന്ദച്ചാമി തൊട്ടടുത്തുള്ള നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കിണറ്റില്‍ ചാടി ഒളിച്ചിരിക്കാന്‍ ശ്രമിച്ചു. ഇവിടെ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
ജയിലിലുണ്ടായത് ഗുരുതരമായ വീഴ്ച
കുറ്റവാളി ജയില്‍ ചാടിയിട്ടും അത് സ്ഥിരീകരിക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വന്നുവെന്നത് ഗുരുതരമായ വീഴ്ചയാണെന്ന് വിലയിരുത്തപ്പെടുന്നു. അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ഇയാളെ പാര്‍പ്പിച്ചിരുന്നത്. സെല്ലിന്റെ അഴികള്‍ മുറിച്ച് പുറത്തിറങ്ങിയ പ്രതി ഉയരമുള്ള മതിലില്‍ കയറി രക്ഷപ്പെടാന്‍ തുണികള്‍ കൂട്ടി നിര്‍മിച്ച കയര്‍ ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമായിരുന്നു. മതിലിന് മുകളിലെ ഫെന്‍സിംഗ് അടക്കം മറികടന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്.
കുറ്റവാളിയുടെ തയ്യാറെടുപ്പുകള്‍ മനസിലാക്കുന്നതില്‍ വീഴ്ച; സന്തോഷ് സുകുമാരന്‍, മുന്‍ ജയില്‍ ഡിഐജി
ഗോവിന്ദച്ചാമി ജയില്‍ ചാടുന്നതിനായി മാസങ്ങളോളം തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടാകാമെന്നാണ് കരുതുന്നതെന്ന് മുന്‍ ജയില്‍ ഡിഐജി സന്തോഷ് സുകുമാരന്‍ ദ ക്യുവിനോട് പറഞ്ഞു. കുറ്റവാളി കുറച്ചു നാളായി ഭക്ഷണം കുറച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ഇത്തരം ഹാബിച്വല്‍ തടവുകാര്‍ ഭക്ഷണം കുറക്കുന്നതും കാരണമില്ലാതെ നിരാഹാരം കിടക്കുന്നതും മെലിയാനും ഭാരം കുറക്കാനും ശ്രമിക്കുന്നത് രക്ഷപ്പെടാന്‍ തയ്യാറെടുക്കുന്നുവെന്നതിന്റെ സൂചനയാണ്. ജയിലിലെ പരിചയമുള്ള ജീവനക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതായിരുന്നു. ഇത്തരം ലക്ഷണങ്ങളില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാറുള്ളതാണ്. സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്ക് ഇത്തിരി കൂടുതല്‍ സുരക്ഷയുള്ള സ്ഥലമായാണ് കണക്കാക്കുന്നത്. സുരക്ഷ കൂടുതലുള്ള പത്താം ബ്ലോക്കില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടുവെന്നത് ഗുരുതര വീഴ്ചയാണെന്നും സന്തോഷ് സുകുമാരന്‍ പറഞ്ഞു.
ഗോവിന്ദച്ചാമി കുറച്ചു നാളായി ഇതിനായി പ്ലാന്‍ ചെയ്യുന്നുണ്ടെന്നാണ് എന്റെ നിരീക്ഷണം. അവന്‍ കുറച്ചു നാളായി ഭക്ഷണം കുറച്ചിട്ടുണ്ട്. സാധാരണ ഇത്തരമൊരു ഹാബിച്വല്‍ തടവുകാരന്‍ ഭക്ഷണം കുറക്കുക, ഭാരം കുറക്കുക, മെലിയുക, അതിനു വേണ്ടി ശ്രമിക്കുക എന്നതിന് അര്‍ത്ഥം അവന്‍ രക്ഷപ്പെടാന്‍ ശ്രമം ആരംഭിച്ചു എന്നതാണ്. ജയിലിലെ പരിചയമുള്ള ജീവനക്കാര്‍ അത് ശ്രദ്ധിക്കേണ്ടതായിരുന്നു. കഴിഞ്ഞ ആറു മാസക്കാലമായിട്ട് പലപ്പോഴും ഒരു കാര്യവുമില്ലാതെ നിരാഹാരം കിടക്കുക, ഭക്ഷണം കുറക്കുക, ഇതൊക്കെ ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്ക് ഇത്തിരി കൂടുതല്‍ സുരക്ഷയുള്ള സ്ഥലമായാണ് കണക്കാക്കുന്നത്.സന്തോഷ് സുകുമാരന്‍
ഗോവിന്ദച്ചാമിയും സര്‍ക്കാരിന് പ്രിയപ്പെട്ടയാളാണെന്ന് മനസിലായത് ഇന്ന്; വി.ഡി.സതീശന്‍
സര്‍ക്കാരിന് പ്രിയപ്പെട്ടവര്‍ ആ ജയിലില്‍ ഉണ്ടെന്നറിയാം. എന്നാല്‍ ഗോവിന്ദച്ചാമിയും സര്‍ക്കാരിന് പ്രിയപ്പെട്ട ആളാണെന്ന് ഇന്നാണ് മനസിലായതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് ആവശ്യപ്പെടുന്ന ഭക്ഷണമാണ് നല്‍കുന്നത്. ഏറ്റവും പുതിയ ഫോണ്‍ വാങ്ങിക്കൊടുക്കും. കുറ്റവാളികള്‍ അവിടെ നിന്നുകൊണ്ട് എല്ലാ കാര്യങ്ങളും നിയന്ത്രിക്കും. ജയില്‍ ചാടുന്ന വ്യക്തിയുടെ എല്ലാ സുരക്ഷയും ഉറപ്പു വരുത്തുന്ന വസ്തുക്കള്‍ അവിടെ ലഭ്യമായിരുന്നു. ഒരു കൈക്ക് സ്വാധീനമില്ലാത്ത ഒരാള്‍ ഒറ്റക്കൈ പിടിച്ച് ചാടിയെന്ന് പറയുന്നത് അദ്ഭുതം. ടാര്‍സന്റെ സിനിമയില്‍ പോലും ഇങ്ങനെ കണ്ടിട്ടില്ലെന്ന് സതീശന്‍ പരിഹസിച്ചു.
സര്‍ക്കാരിന് പ്രിയപ്പെട്ടവര്‍ ആ ജയിലില്‍ ഉണ്ടെന്ന് അറിയാം. ഗോവിന്ദച്ചാമിയും സര്‍ക്കാരിന് പ്രിയപ്പെട്ടയാളാണെന്ന് ഇന്നാണ് മനസിലായത്. പി.ജയരാജനെയൊക്കെ ജയില്‍ ഉപദേശക സമിതിയില്‍ വെച്ചിരിക്കുന്നത് തന്നെ അവിടെയുള്ള ആളുകളെ സംരക്ഷിക്കുന്നതിനായാണ്. പുറത്തു നിന്നാണ് അവര്‍ക്ക് ഭക്ഷണം കൊടുക്കുന്നത്. കുറ്റവാളികള്‍ ആവശ്യപ്പെടുന്ന ഭക്ഷണമാണ് കൊടുക്കുന്നത്. അവര്‍ക്ക് ഏറ്റവും ലേറ്റസ്റ്റ് ഫോണ്‍ വാങ്ങിക്കൊടുക്കും. അവിടെ നിന്നുകൊണ്ട് അവര്‍ എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കും. ജയില്‍ ചാടുന്ന വ്യക്തിയുടെ എല്ലാ സുരക്ഷയും ഉറപ്പു വരുത്തുന്ന വസ്തുക്കള്‍ അവിടെ ലഭ്യമായിരുന്നു. ഒരു കൈക്ക് സ്വാധീനമില്ലാത്ത ഒരാള്‍ ഒറ്റക്കൈ പിടിച്ച് ചാടിയെന്ന് പറയുന്നത് അദ്ഭുതമാണ്. ടാര്‍സന്റെ സിനിമയില്‍ പോലും കണ്ടിട്ടില്ല.വി.ഡി.സതീശന്‍
കണ്ണൂര്‍ റേഞ്ച് ഡിഐജി അന്വേഷിക്കും; ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
ഗോവിന്ദച്ചാമി അതീവ സുരക്ഷാ ജയിലില്‍ നിന്നും രക്ഷപ്പെട്ട സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. ഹെഡ് വാര്‍ഡനെയും മൂന്ന് ജയില്‍ വാര്‍ഡന്‍മാരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതായി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. കണ്ണൂര്‍ റേഞ്ച് ഡിഐജി സംഭവത്തില്‍ അന്വേഷണം നടത്തും.