Kerala News

സമസ്ത പിന്തിരിപ്പന്‍ നിലപാട് തിരുത്തണമെന്ന് ഡിവൈഎഫ്‌ഐ, പെണ്‍വിലക്കില്‍ പ്രതികരണം

വിദ്യാഭ്യാസ നേട്ടത്തിന് ഉപഹാരം വാങ്ങാന്‍ സ്റ്റേജിലേക്ക് കയറിയ പത്താം തരം വിദ്യാര്‍ത്ഥിനിയെ വിലക്കിയ പിന്തിരിപ്പന്‍ നിലപാട് സമസ്ത നേതൃത്വം തിരുത്തണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സമസ്ത നേതാവ് എം ടി അബ്ദുല്ല മുസ്ലിയാര്‍ മുസ്ലിം പെണ്‍കുട്ടികള്‍ പൊതുരംഗത്ത് നിന്നും മാറി നില്‍ക്കണമെന്ന പിന്തിരിപ്പന്‍ ചിന്താഗതിയാണ് മുന്നോട്ട് വെക്കുന്നത്. സ്ത്രീകള്‍ ബഹിരാകാശം വരെ കീഴടക്കിയ ഒരു കാലത്ത് അവരെ മറയ്ക്കുള്ളില്‍ ഇരുത്താനുള്ള ആഹ്വാനം പരിഹാസ്യവും അപരിഷ്‌കൃതവുമാണ്. പെണ്‍കുട്ടികളെ വിലക്കിയ വേദിയില്‍ സമസ്ത നേതാവിനോടൊപ്പം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കൂടിയുണ്ടായിരുന്നു എന്നത് ആ പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധ നിലപാട് വ്യക്തമാക്കുന്നതാണെന്നും ഡിവൈഎഫ്‌ഐ

ഡിവൈഎഫ്‌ഐ പ്രസ്താവന

മുമ്പ് വനിതാ ലീഗ് നേതാവ് പൊതു വേദിയില്‍ പ്രസംഗിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് വിലക്കിയ മായിന്‍ ഹാജിയുടെ അഭിപ്രായം ശരി വെച്ചവരാണ് മുസ്ലിം ലീഗ് നേതൃത്വം. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും ഏറെ മുന്നേറിയ മുസ്ലിം പെണ്‍കുട്ടികള്‍, സമരപോരാട്ടങ്ങളില്‍ പോലും നേതൃത്വപരമായ പങ്കു വഹിക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.മിടുക്കിയായ ഒരു പത്താം തരം ബാലികയ്ക്ക് കയറിക്കൂടാത്ത വേദികള്‍ നവോത്ഥാന കേരളമെന്ന പേരിന് തന്നെ കളങ്കമാണ്. പൗരത്വ നിയമ പ്രക്ഷോഭ കാലത്തും, ഈ കഴിഞ്ഞ ദിനങ്ങളില്‍ ഡല്‍ഹിയില്‍ ബുള്‍ഡോസര്‍ രാജിന് മുന്നിലും വീറോടെ മുദ്രാവാക്യം വിളിച്ചു പൊരുതി നില്‍ക്കുന്ന അനേകം പെണ്‍ കുട്ടികളെ നമ്മള്‍ കണ്ടതാണ്. നമ്മള്‍ അവരെ ആവേശത്തോടെ അംഗീകരിച്ചതാണ്.

നൊബേല്‍ സമ്മാനം നേടിയ മാലാലയെ പോലുള്ള പെണ്‍ കുട്ടികള്‍ ലോകത്തിന് തന്നെ അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്നു. അവിടെയാണ് മത്സര വിജയം നേടിയ ഒരു പെണ്‍ കുട്ടിയെ പൊതു വേദിയില്‍ വിലക്കുന്ന മതനേതൃത്വം അപഹാസ്യമാകുന്നത്. സ്ത്രീ വിരുദ്ധവും - അപരിഷകൃതവുമായ ഇത്തരം നടപടികള്‍ പുരോഗമന കേരളത്തിന് യോജിച്ചതല്ല. അത്തരം പിന്തിരിപ്പന്‍ ചിന്തകള്‍ തിരുത്താന്‍ മത-സംഘടനാ നേതൃത്വങ്ങള്‍ തന്നെ തയ്യാറാകണന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പാചകവാതക പ്രതിസന്ധി സിനിമാ ഷൂട്ടിങ്ങുകളെ ബാധിക്കുന്നു?; പ്രതികരിച്ച് ബി. രാകേഷ്

സഞ്ജു സാംസണ്‍; ഒരു അവിശ്വസനീയമായ വീണ്ടെടുപ്പ്

Hanan Shah x Gopi Sundar; 'ഡർബി'യിലെ അടിച്ചുപൊളി 'ടൂർ സോങ്' എത്തി

മനോഹര ദൃശ്യങ്ങളും സംഗീതവുമായി 'കാറ്റ് തൊട്ടപ്പോൾ'; 'പേട്രിയറ്റ്' ആദ്യ ഗാനമെത്തി

'വാർത്ത'യുടെ ക്ലൈമാക്സ് പോർഷൻ 1000 തവണയെങ്കിലും കണ്ടിട്ടുണ്ട്: ബിജോയ് നമ്പ്യാർ

SCROLL FOR NEXT