1998 - ൽ സർവീസിൽ പ്രവേശിച്ച ശേഷം ആന, പുലി ഉൾപ്പടെ നൂറിലേറെ ജീവികളുടെ ജീവൻ രക്ഷിക്കാനായിട്ടുണ്ട്. എന്നാൽ അരികൊമ്പൻ മിഷനോട് കൂടെ ഞാൻ മൃഗവിരോധിയായി ചിത്രീകരിക്കപ്പെടുന്നുവെന്ന് വനംവകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയ. ദ ക്യു അഭിമുഖത്തിലായിരുന്നു പ്രതികരണം. ഈ മേഖലയോടുള്ള താല്പര്യം കൊണ്ട് വളരെ ചെറുപ്പം മുതൽ ഓരോ കാര്യങ്ങൾ അന്വേഷിക്കാറുണ്ട്, പഠനവും ഗവേഷണവും വന്യജീവനികളുമായി ബന്ധപ്പെട്ടായിരുന്നു. 2003 മുതൽ 2007 വരെ വിവിധ രാജ്യങ്ങളിൽ പോയി ഇതിനെകുറിച്ച് പഠിച്ചിട്ടുണ്ട്. ഒരു മുൻപരിചയവും ആർക്കും ഇല്ലാത്ത ഈ വിഷയത്തിൽ ഓരോഘട്ടത്തിലും ഏറ്റവും നൂതനമായ ആശയങ്ങൾ നടപ്പിലാക്കാൻ നമുക്കായി. കുങ്കി ആനകളെ ഉപയോഗിക്കാമെന്ന ആശയം കൊണ്ടുവരുന്നതും ആ നിലക്കാണ്. എന്നാൽ വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയാണ് ഞാൻ മൃഗങ്ങളെ മയക്കുവെടി വെക്കുന്നത് എന്നാണ് ഇക്കൂട്ടരുടെ പ്രചാരണം. അപകടകരമായ സാഹചര്യങ്ങളിൽ നിന്ന് ഒട്ടേറെ ജീവികൾക്ക് ചികിത്സ നൽകി അവരെ കാട്ടിലേക്ക് വിട്ടയച്ചതൊന്നും ആരും കാണുന്നില്ലെന്നും അരുൺ സക്കറിയ പറഞ്ഞു.
അരുൺ സക്കറിയയുടെ വാക്കുകൾ
ആനയോ പുലിയോ നാട്ടിലിറങ്ങിയാൽ അവയുടെ ജീവൻ, മനുഷ്യരുടെ ജീവൻ, പ്രോപ്പർട്ടി എന്നിവ ഒരേ പ്രാധാന്യത്തിൽ സംരക്ഷിക്കേണ്ടത് നമ്മുടെ ചുതമതലയാണ്. ആദ്യ ഘട്ടത്തിൽ റേഡിയോ കോളർ ധരിപ്പിച്ച് ആനയുടെ സ്വഭാവം പരിശോധിക്കും. നീണ്ടകാലത്തെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ അപകട സാഹചര്യം കണ്ടെത്തിയാൽ മാത്രമേ ആനകളെ ഇവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള തീരുമാനം എടുക്കുകയുള്ളൂ.
മയക്കുവെടി, പിടികൂടി സ്ഥലം മാറ്റൽ എന്നിവ സ്റ്റേറ്റിന്റെ തീരുമാനം ആണ്. സാഹചര്യം സംബന്ധിച്ച് ഞങ്ങൾ റിപ്പോർട്ട് കൈമാറും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉദ്യോഗസ്ഥരുമായും വനം മന്ത്രിയുമായും ചർച്ച ചെയ്താണ് തീരുമാനത്തിലെത്തുക. ആ തീരുമാനം നടപ്പിലാക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ ചുമതല. വ്യക്തിപരമായി ഞങ്ങൾക്കാർക്കും ഒരു ജീവിയോടും വിരോധമില്ല എന്ന് വിമർശകർ മനസ്സിലാക്കണം.
കാട്ടാനയെ ജീവി എന്നതിനപ്പുറത്തേക്കുള്ള പരിവേഷം നൽകുന്നിടത്താണ് പ്രശ്നം. മനുഷ്യജീവനും പ്രധാനമാണെന്ന് ഈ കൂട്ടർ മനസ്സിലാക്കണം. പാലപ്പള്ളിയിൽ പ്രശ്നമുണ്ടാക്കുന്ന കാട്ടാനയെ നിരീക്ഷിക്കാനെത്തിയ ഞങ്ങളുടെ ടീമംഗം ഹുസൈനെ നിമിഷ നേരം കൊണ്ടാണ് കാട്ടാന കുത്തിയിട്ടത്. ജീവൻ പണയം വെച്ചാണ് ഓരോ മിഷനും അറ്റൻഡ് ചെയ്യുന്നത്.
എന്നാൽ തങ്ങളുടെ കുടുംബത്തെ പോലും അനാവശ്യമായി ക്രൂശിക്കുന്നത് പോലെയാണ് നിലവിലെ വിമർശനങ്ങൾ. സമീപകാലത്ത് അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ ആന ചരിഞ്ഞപ്പോൾ ഏറെ ആക്രമിക്കപ്പെട്ടു. ആനയുടെ ആരോഗ്യസ്ഥിതി അപകടകരമാണെന്നും പ്രതീക്ഷ വെക്കാൻ കഴിയില്ലെന്നും ഞങ്ങൾ നേരത്തെ റിപ്പോർട്ട് കൊടുത്തതാണ്. സ്റ്റേറ്റിന്റെ ഫോഴ്സും ജനവികാരവും ഒരുമിക്കുമ്പോൾ ഞങ്ങൾക്ക് വീണ്ടും ചികിത്സ നൽകേണ്ടതായി വരുന്നു. എന്നാൽ അനസ്തേഷ്യ മൂലമല്ല ആന ചരിഞ്ഞത്. പക്ഷെ അവസാനം പഴി വനം വകുപ്പിനും വെറ്റിനറി വിഭാഗത്തിനും മാത്രമായി വരുന്നു.