Kerala News

സ്വപ്‌നയ്ക്ക് ജോലി നല്‍കിയതിനല്ല കേസ്; നേരത്തെയും എച്ച്.ആര്‍.ഡി.എസിനെതിരെ പരാതി ലഭിച്ചിരുന്നുവെന്ന് എസ്.അജയകുമാര്‍

സ്വപ്‌ന സുരേഷിന് ജോലി നല്‍കിയതിന്റെ പേരിലല്ല എച്ച്.ആര്‍.ഡി.എസിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന്‍ അംഗം എസ്.അജയകുമാര്‍ ദ ക്യുവിനോട് പറഞ്ഞു. സ്വപ്‌നയെ കവചമാക്കി ആദിവാസികളെ ചൂഷണം ചെയ്യുന്നുവെന്ന പരാതിയെ മറികടക്കാന്‍ എച്ച്.ആര്‍.ഡി.എസ് ശ്രമിക്കേണ്ടതില്ലെന്നും എസ്.അജയകുമാര്‍. ആര്‍ക്ക് ജോലി നല്‍കണമെന്ന് എച്ച.ആര്‍.ഡി.എസാണ് തീരുമാനിക്കേണ്ടത്. അതില്‍ പട്ടികജാതി പട്ടിക വര്‍ഗ കമ്മിഷനെ കക്ഷി ചേര്‍ക്കേണ്ടതില്ല.

ആദിവാസികളെ ചൂഷണം ചെയ്യുകയും സാമ്പത്തിക ക്രമക്കേട് നടത്തുകയും ചെയ്യുന്ന സംഘടനയാണ് എച്ച്.ആര്‍.ഡി.എസെന്നും എസ്.അജയകുമാര്‍ പറഞ്ഞു. നേരത്തയും എച്ച്.ആര്‍.ഡി.എസിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. വീണ്ടും രണ്ട് പരാതികള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

എച്ച്.ആര്‍.ഡി.എസ് വാസയോഗ്യമല്ലാത്ത വീടുകള്‍, തുച്ഛമായ വിലയ്ക്കാണ് ആദിവാസികള്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്നത്. കാറ്റോ മഴയോ വന്നാല്‍ തകര്‍ന്ന് വീഴും. വന്യമൃഗങ്ങള്‍ക്ക് നശിപ്പിക്കാന്‍ കഴിയുന്ന വീടുകളാണ്. ഇതിന്റെ മറവില്‍ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ആദിവാസി ഭൂമിയില്‍ പച്ചമരുന്ന് ഉല്‍പ്പാദിപ്പിച്ച് കമ്പനികള്‍ക്ക് വിറ്റ് എന്‍.ജി.ഒ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു.

പരാതികളില്‍ അന്വേഷണം നടക്കുകയാണ്. കോവിഡ് കാലത്ത് ആദിവാസികള്‍ക്ക് സര്‍ക്കാരിന്റെ അനുമതിയില്ലാതെ മരുന്ന് വിതരണം ചെയ്ത സംഭവം പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന്‍ അന്വേഷിക്കുന്നുണ്ട്. കോവിഡും ശിശുമരണവും ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് അന്വേഷണം നീണ്ടു പോയതാണ്.

എന്‍.ജി.ഒകളുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പോലും അറിയാത്ത രീതിയിലാണ് നടത്തുന്നത്. എന്‍.ജി.ഒകളുടെ ഫണ്ട് വിനിയോഗത്തിന്റെ മേല്‍നോട്ടം സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കണം. ആ രീതിയില്‍ ചട്ടങ്ങളിലും നിയമങ്ങളിലും മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ഫണ്ട് സുതാര്യമായാണോ എന്‍.ജി.ഒകള്‍ ചിലവഴിക്കുന്നതെന്ന് ഉറപ്പ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരിനെ ചുമതലപ്പെടുത്തണം.

റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം എച്ച്.ആര്‍.ഡി.എസിനോട് വിശദീകരണം ചോദിക്കും. അതിന് ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും എസ്.അജയകുമാര്‍ അറിയിച്ചു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT