News n Views

ശബരിമല യുവതീപ്രവേശനം നടപ്പാക്കേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം 

THE CUE

ശബരിമല യുവതീ പ്രവേശനത്തിന് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ സ്റ്റേ ഇല്ലെങ്കിലും അന്തിമ വിധി വരും വരെ നടപ്പാക്കേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം. മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് നിയമോപദേശം നല്‍കിയിരിക്കുന്നത്. അന്തിമവിധി വരും വരെ പഴയ സ്ഥിതി തുടരുന്നതാണ് ഉചിതമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് 7 കാര്യങ്ങള്‍ സുപ്രീം കോടതി വിപുലമായ ബഞ്ചിന് വിടുകയായിരുന്നു. 7 അംഗ ബഞ്ച് ഇത് പരിഗണിച്ചതിന് ശേഷമാണ് അഞ്ചംഗ ഭരണഘടനാ ബഞ്ച് പുനപ്പരിശോധനാ ഹര്‍ജികളില്‍ തീരുമാനമെടുക്കുക. എല്ലാ പ്രായത്തിലുള്ള വനിതകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്നായിരുന്നു 2018 സെപ്റ്റംബര്‍ 28 ലെ സുപ്രീം കോടതി വിധി. സംസ്ഥാന സര്‍ക്കാര്‍ ഇത് നടപ്പാക്കാന്‍ ശ്രമിച്ചതോടെ സംഘപരിവാര്‍ സംഘടനകള്‍ അക്രമാസക്തമായ സമരം അഴിച്ചുവിട്ടു.

പിന്നാലെ വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെടുന്ന 56 ഹര്‍ജികള്‍ സുപ്രീം കോടതിക്ക് മുന്‍പാകെയെത്തി. ഈ ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം മാറ്റിവെച്ചത്. വിവിധ മതാചാരങ്ങളില്‍ കോടതിക്ക് എത്രത്തോളം ഇടപെടാമെന്ന് വിശാല ബഞ്ച് പരിശോധിക്കുന്നതുവരെയാണ് ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത് നീട്ടിയത്. അതേമയം യുവതീ പ്രവേശനം അനുവദിയ്ക്കുന്ന നിലവിലെ വിധിക്ക് സ്റ്റേ നല്‍കിയതുമില്ല. ഇതുസംബന്ധിച്ച ആശയക്കുഴപ്പത്തില്‍ വ്യക്തത വരുത്താനാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, അന്യ മതസ്ഥനെ വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകള്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതിലുള്ള വിലക്ക്, ദാവൂദി ബോറാ സമൂഹത്തിലെ സ്ത്രീകളുടെ ചേലാ കര്‍മം എന്നീ വിഷയങ്ങളില്‍ പരിഗണനയില്‍ ഇരിക്കുന്ന ഹര്‍ജികളുമായി ശബരിമല വിധിക്ക് ബന്ധമുണ്ടെന്ന് അഞ്ചില്‍ മൂന്ന് ജസ്റ്റിസുമാര്‍ നിരീക്ഷിച്ചിരുന്നു.

ഒരു മതത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ലിംഗ വ്യത്യാസമില്ലാതെ ആചാരങ്ങളില്‍ തുല്യാവകാശം ഉണ്ടോയെന്നത് ശബരിമലയില്‍ മാത്രം ഒതുങ്ങുന്ന വിഷയം അല്ല. ഒരു മതത്തിലെ നിര്‍ബന്ധിത ആചാരം തീരുമാനിക്കേണ്ടത് ആ മതത്തിന്റെ മേധാവി മാത്രമാണോ എന്നതടക്കം നിരവധി ഭരണഘടനാ പ്രശ്നങ്ങള്‍ നിലവിലുണ്ട്. ഈ കാര്യങ്ങള്‍ വിശാല ബെഞ്ച് പരിഗണിക്കും. അതുവരെ ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ മാറ്റിവെയ്ക്കുന്നുവെന്നാണ് കോടതി വ്യക്തമാക്കിയത്. അതേസമയം ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടാനുള്ള തീരുമാനത്തോട് രണ്ടു ജഡ്ജിമാര്‍ വിയോജിച്ചിരുന്നു. മൗലിക അവകാശം ഊന്നിപ്പറഞ്ഞ് പുനപരിശോധനാ ഹര്‍ജികള്‍ തള്ളിക്കളയണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും റോഹിങ്ടന്‍ നരിമാനുമാണ് നിലപാടെടുത്തത്. ഇരുവരും തങ്ങളുടെ നിലപാട് പ്രത്യേക വിധിയായി എഴുതുകയായിരുന്നു.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT