News n Views

ചിദംബരത്തിന് ഇനി ആശ്രയം സിബിഐ കോടതി ; ജാമ്യാപേക്ഷയെ ഏതുവിധേനയും എതിര്‍ക്കാന്‍ സിബിഐ 

THE CUE

ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ വ്യാഴാഴ്ച സിബിഐ കോടതിയില്‍ ഹാജരാക്കും. ഇനി ജാമ്യത്തിനായി ചിദംബരം പ്രത്യേക സിബിഐ കോടതിയെ സമീപിക്കേണ്ടി വരും. എന്നാല്‍ ഏതുവിധേനയും എതിര്‍ക്കാനായിരിക്കും സിബിഐ ശ്രമം. അറസ്റ്റിലായതോടെ മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് ഇനി നിയമ സാധുതയില്ല. നേരത്തെ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് പരമോന്നത കോടതിയെ സമീപിച്ചത്. പക്ഷേ ഹര്‍ജിയില്‍ പിഴവുണ്ടായതിനാല്‍ ബുധനാഴ്ച ലിസ്റ്റ് ചെയ്യപ്പെട്ടില്ല.

പിഴവ് തിരുത്തി സമര്‍പ്പിച്ചെങ്കിലും ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്കാണ് മാറ്റിയത്. ഇതിന് പിന്നാലെ രാത്രിയോടെ ചിദംബരത്തെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തിയശേഷം വീട്ടിലെത്തിയ ചിദംബരത്തെ അവിടെയെത്തി സിബിഐ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് വരെ അറസ്റ്റ് തടഞ്ഞ് ഉത്തരവിടണമെന്ന ആവശ്യവും നേരത്തെ കോടതി തള്ളിയിരുന്നു. ഇതാണ് ചിദംബരത്തിന് കനത്ത തിരിച്ചടിയായത്. അദ്ദേഹത്തിന്റെ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കലിന് സുപ്രീം കോടതി തീരുമാനിച്ചിരുന്നെങ്കില്‍ അറസ്റ്റ് തടഞ്ഞ് ഉത്തരവുണ്ടാകുമായിരുന്നു.

എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ടെന്ന നിലപാടാണ് കോടതിയില്‍ നിന്നുണ്ടായത്. മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി , പ്രഥമദൃഷ്ട്യാ ചിദംബരം, ആരോപിക്കപ്പെടുന്ന കുറ്റങ്ങളിലെ മുഖ്യ സൂത്രധാരനെന്ന് പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കാന്‍ 3 ദിവസത്തെ സമയം വേണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി വിസമ്മതിച്ചു.ശേഷം ഉടനടി കേസ് സുപ്രീം കോടതിയില്‍ അവതരിപ്പിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ബുധനാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും രണ്ടാമത് സീനിയറായ ജഡ്ജി ബോബ്‌ഡെയും അയോധ്യ കേസിന്റെ വിചാരണയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് ശേഷം വരുന്ന മുതിര്‍ന്ന ജഡ്ജിയായ എന്‍ വി രമണയുടെ മുന്‍പാകെ കേസ് വന്നത്. എന്നാല്‍ പിഴവും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും ഉന്നയിച്ച് രമണ ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു. എന്നാല്‍ രഞ്ജന്‍ ഗോഗോയി രമണയിലേക്ക് തന്നെ ഹര്‍ജി മടക്കുകയായിരുന്നു. തുടര്‍ന്ന് പിഴവുകള്‍ തിരുത്തി ഹര്‍ജി സമര്‍പ്പിച്ചെങ്കിലും വെള്ളിയാഴ്ചത്തേക്കാണ് ലിസ്റ്റ് ചെയ്തത്. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ വ്യവസ്ഥകള്‍ ലംഘിച്ച് ഐഎന്‍എക്സ് ന്യൂസില്‍ അനധികൃതമായി 305 കോടിയിലധികം രൂപയുടെ വിദേശ നിക്ഷേപം കൊണ്ടുവരാന്‍ കൂട്ടുനിന്നുവെന്നതാണ് ചിദംബരത്തിനെതിരായ കേസ്.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT