News n Views

രൂപരേഖമുതല്‍ പിഴവുകളുടെ ഘോഷയാത്ര; പാലാരിവട്ടം ‘പഞ്ചവടിപ്പാലമായത്’ ഒറ്റവായനയില്‍ 

THE CUE

കേന്ദ്രം ഉടക്കി ; ഒടുവില്‍ സംസ്ഥാനം ഇറങ്ങി

2014 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് പാലാരിവട്ടം മേല്‍പ്പാലത്തിന് തറക്കല്ലിട്ടത്. ദേശീയപാത അതോറിറ്റിയുടെ സ്ഥലത്ത് സംസ്ഥാന സര്‍ക്കാര്‍ മേല്‍പ്പാലം നിര്‍മ്മിക്കുകയായിരുന്നു. നിര്‍മ്മാണത്തിന് കേന്ദ്രം വിമുഖത കാട്ടിയതോടെ ചെലവ് വഹിക്കാന്‍ സംസ്ഥാനം സന്നദ്ധതയറിയിച്ചു. ഇതിന് ദേശീയപാത അധികൃതര്‍ സമ്മതപത്രം നല്‍കി. ഇതോടെയാണ് മേല്‍പ്പാലപദ്ധതിക്ക് ജീവന്‍വെച്ചത്. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും കണ്‍സള്‍ട്ടന്റായിരുന്ന കിറ്റ്‌കോയ്ക്കുമായിരുന്നു നിര്‍മ്മാണച്ചുമതല. പ്രവൃത്തികള്‍ നിര്‍വഹിച്ചത് കൊച്ചി കേന്ദ്രമായ ആര്‍ഡിഎസ് കണ്‍സ്ട്രക്ഷന്‍സ്. 47 കോടിയായിരുന്നു പദ്ധതിയുടെ അടങ്കല്‍ത്തുക. രണ്ടുവര്‍ഷം കൊണ്ട് പാലം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടു.

ആദിമധ്യാന്തം പിഴവുകളുടെ ഘോഷയാത്ര

രൂപരേഖ തയ്യാറാക്കിയതുമുതല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ ക്രമക്കേടുകളുടെ ഘോഷയാത്രയായിരുന്നു. അനുയോജ്യമായ രൂപകരേഖലയല്ലെന്ന് ആദ്യം മുതലേ ആക്ഷേപമുണ്ടായിരുന്നു. പ്രതിഷേധങ്ങളുമുയര്‍ന്നിരുന്നു. എന്നാല്‍ അപാകതയുള്ള രൂപരേഖ കിറ്റ്‌കോ ശരിവെച്ചു. പ്രവൃത്തി ഘട്ടത്തിലാണെങ്കില്‍ സിമന്റും കമ്പിയും ആവശ്യമായ അളവില്‍ ഉപയോഗിച്ചതുമില്ല. കരാറുകാരനെ ഉദ്യോഗസ്ഥര്‍ വഴിവിട്ട് സഹായിച്ചെന്നാണ് ആക്ഷേപം.

കൊട്ടിഘോഷിച്ച് ഉദ്ഘാടനം ; പിന്നാലെ ടാറിളകി

2016 ഒക്ടോബര്‍ 16 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഒരുമാസം കൊണ്ടുതന്നെ റോഡിലെ ടാറിളകിത്തുടങ്ങി. ഒന്നരവര്‍ഷത്തിനകം ആറിടത്ത് വിള്ളലുകള്‍ കണ്ടു. പാലത്തിന്റെ പിയര്‍ ക്യാപ് അഥവാ തൂണുകള്‍ക്ക് മുകളിലെ ഭാഗത്താണ് വിള്ളലുകള്‍. 1,2,3,7,10,12 പിയര്‍ ക്യാപ്പുകളില്‍ വിടര്‍ച്ചയുണ്ട്. എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടെയും ബെയറിംഗുകളുടെയും നിര്‍മ്മാണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് വെളിപ്പെട്ടു. ഇത് പാലത്തിന്റെ ആകെ ബലക്ഷയത്തിന് വഴിയൊരുക്കി.

ബ്രിട്ടീഷ് സാങ്കേതിക വിദ്യ ദുരന്തമായി

പാലമൊരുക്കാന്‍ ഉപയോഗിച്ച ബ്രിട്ടീഷ് സാങ്കേതിക വിദ്യയായ ഡെക്ക് കണ്‍ടിന്യൂയിറ്റി പരാജയമാവുകയായിരുന്നു. ജോയിന്റുകളില്‍ പലയിടത്തും 10 സെന്റീമീറ്ററോളം വീതിയിലാണ് വിള്ളലുകള്‍. പാലം കയറുമ്പോള്‍ സാധാരണയില്‍ക്കവിഞ്ഞ് ഗര്‍ഡറുകള്‍ താഴുന്നു. ഇത് വിള്ളലുകള്‍ക്കും സ്പാന്‍ ജോയിന്റുകളിലെ നിരപ്പ് വ്യത്യാസത്തിനും ഇടയാക്കി. പാലത്തില്‍വെള്ളം കെട്ടിനില്‍ക്കാനും വഴിയൊരുക്കി. പാലത്തിന്റെ വശങ്ങള്‍ക്കും ബലക്കുറവുണ്ട്.

ഗുരുതര ബലക്ഷയമെന്ന് പഠനങ്ങള്‍

പാലത്തിന്റെ സുരക്ഷ സംബന്ധിച്ച് ഐഐടി മദ്രാസ് പഠനം നടത്തിയിരുന്നു. സാങ്കേതികപ്പിഴവുകളുണ്ടെന്ന് പഠനം ശരിവെച്ചു. പാലത്തിന് ബലക്ഷയമുണ്ടെന്ന് സ്വകാര്യ ഏജന്‍സിയുടെ പരിശോധനയിലും വ്യക്തമായി. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.ആര്‍ഡിഎസ് കണ്‍സ്ട്രക്ഷന്‍സിന് തന്നെയാണ് അറ്റകുറ്റപ്പണികളുടെയും ചുമതല.

ആര്‍ഡിഎസ് തന്നെ അറ്റകുറ്റപ്പണി ചെയ്യണമെന്ന് വ്യവസ്ഥ

47 കോടി അടങ്കല്‍ത്തുകയില്‍ 34 കോടി ആര്‍ഡിഎസിന് നല്‍കിയിട്ടുണ്ട്. കേവലം രണ്ടര വര്‍ഷം പഴക്കമുള്ള പാലം ഗുരുതര ബലക്ഷയത്തെ തുടര്‍ന്ന് പുനസ്ഥാപിക്കുകയാണ്. നിര്‍മ്മാണത്തിലെ അഴിമതിയാണ് പാലത്തിന്റെ തകരാറിന് കാരണമായത്. .പാലത്തിന് കേടുപാടുകളുണ്ടായാല്‍ സ്വന്തം ചെലവില്‍ അറ്റുകുറ്റപ്പണി നിര്‍വഹിക്കാമെന്ന് ആര്‍ഡിഎസ് കരാറൊപ്പിട്ടിട്ടുണ്ട്.

അഴിമതിക്കാരെ അഴിയെണ്ണിക്കുമെന്ന് മന്ത്രി ജി സുധാകരന്‍

മേല്‍പ്പാല നിര്‍മ്മാണത്തിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉത്തരവിട്ടിട്ടുണ്ട്. ഒപ്പം വകുപ്പുതല അന്വേഷണവുമുണ്ടാകും. വ്യാപക അഴിമതി നടന്നതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. ക്രമക്കേട് നടത്തിയവരെ അഴിയെണ്ണിക്കുമെന്ന് മന്ത്രി. കരാറുകാരന് ഉദ്യോഗസ്ഥ തലത്തില്‍ ക്രമവിരുദ്ധ സഹായങ്ങള്‍ ലഭിച്ചെന്ന് മന്ത്രി വ്യക്തമാക്കുന്നു.

പാലം അടച്ച് പുനസ്ഥാപിക്കല്‍

നിര്‍മ്മാണ പ്രവൃത്തികള്‍ മെയ് 30 നകം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. മദ്രാസ് ഐഐടിയിലെ വിദഗ്ധന്റെ മേല്‍നോട്ടത്തിലാണിത്. ടാറിംഗ് പൂര്‍ണ്ണമായി നീക്കം ചെയ്തിട്ടുണ്ട്. തെന്നിമാറിയ എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ ഇളക്കിമാറ്റി പുതിയ സ്പാനുകള്‍ സ്ഥാപിക്കും. ഡെക്ക് കണ്‍ടിന്യൂയിറ്റിക്ക് പകരം സ്ട്രിപ്പ് സ്റ്റീല്‍ ജോയിന്റ് വിദ്യയാണ് ഇനി ഉപയോഗപ്പെടുത്തുന്നത്. വടക്കുഭാഗത്ത് താഴ്ന്ന സ്ലാബുകള്‍ മാറ്റി പുതിയത് സ്ഥാപിച്ച് മേല്‍പ്പാലം ബലപ്പെടുത്തും. മണ്ണ് നീക്കം ചെയ്ത് അടിത്തറ ബലപ്പെടുത്തി 10 മീറ്റര്‍ അകലെ തൂണുകള്‍ തീര്‍ക്കും. തുടര്‍ന്ന് മണ്ണിട്ട് നികത്തി പുതിയ സ്ലാബുകള്‍ സ്ഥാപിക്കും.

ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി നഗരം

നഗരത്തിന്റെ ഏറ്റവും തിരക്കേറിയ ഭാഗത്തെ പാലം അടച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. സര്‍വീസ് റോഡിലൂടെയാണിപ്പോള്‍ വാഹനങ്ങള്‍ കടത്തിവിടുന്നത്. കുണ്ടന്നൂര്‍ ഫ്‌ളൈ ഓവര്‍ നിര്‍മ്മാണവും നടക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് ഇരട്ടിച്ചു. ഇടപ്പള്ളി അരൂര്‍ ബൈപ്പാസ് പിന്നിടാന്‍ മണിക്കൂറുകള്‍ എടുക്കുന്ന സ്ഥിതിയാണുള്ളത്. ആംബുലന്‍സുകളടക്കം കുരുക്കില്‍ അകപ്പെടുന്നു.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT