News n Views

ചാണകവെള്ളം തളിച്ചത് പട്ടികജാതിക്കാരി ആയതിനാൽ’; യൂത്ത് കോൺഗ്രസിന്റെ ജാതീയ അധിക്ഷേപത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ഗീതാ ഗോപി 

THE CUE

കുത്തിയിരിപ്പ് സമരം നടത്തിയ ഇടത്ത് ചാണകവെള്ളം തളിച്ച്‌ പട്ടികജാതിക്കാരിയായ തന്നെ ജാതീയമായി അധിക്ഷേപിച്ച യൂത്ത് കോണ്‍ഗ്രസ് നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് നാട്ടിക എംഎല്‍എ ഗീതാഗോപി ദ ക്യുവിനോട്. വിഷയത്തില്‍ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമമന്ത്രി എകെ ബാലനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ജൂലൈ 30 ന് പരാതി നല്‍കുമെന്നും ഗീതാ ഗോപി പറഞ്ഞു. വിഷയത്തില്‍ ചേര്‍പ്പ് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ജാതീയ അധിക്ഷേപത്തിനെതിരെ ഫോട്ടോയില്‍ കാണുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. ദളിത് വിഭാഗാംഗമായ തന്നെ ജാതീയമായി അവഹേളിച്ചത് കടുത്ത മാനസിക വേദനയുണ്ടാക്കിയെന്ന് ഗീതാ ഗോപി ദ ക്യുവിനോട് പറഞ്ഞു.

ജാതിമതനിരപേക്ഷത അവകാശപ്പെടുന്ന കേരളത്തിലാണ് ഇത്രയും ഹീനമായ നടപടി. ഇത് അംഗീകരിക്കാനാകില്ലെന്ന് ഗീതാഗോപി പറഞ്ഞു. ഇത് വകവെച്ചുകൊടുത്താല്‍ ദളിത് വിഭാഗാംങ്ങളായ വാര്‍ഡ് മെമ്പര്‍മാരടക്കമുള്ള ജനപ്രതിനിധികള്‍ക്കും നാളെകളില്‍ ഇത് നേരിടേണ്ടി വരും. അതിനാല്‍ ഈ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് സാമൂഹ്യപരമായ സംരക്ഷണം വേണം. അതിന് തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഗീതാഗോപി പറഞ്ഞു. ജനങ്ങള്‍ക്കുവേണ്ടി ഒരു പ്രശ്‌നത്തില്‍ ഇടപെട്ടതിന് ജാതിവെറിയോടെയും ജനാധിപത്യവിരുദ്ധമായും പെരുമാറുന്നത് അങ്ങേയറ്റം വേദനാജനകമാണ്. നാളെകളിലും വിവിധ വിഷയങ്ങളില്‍ പ്രതികരിക്കേണ്ടി വരും. വിവിധ ഓഫീസുകളില്‍ കുത്തിയിരിപ്പ് ഉള്‍പ്പെടെ നടത്തേണ്ടി വരും. അപ്പോഴൊക്കെ യൂത്ത് കോണ്‍ഗ്രസുകാര്‍ ചാണകവും ചൂലുമായി വരുമെന്ന ഭയമുണ്ട്.

ഉപരോധം കഴിഞ്ഞ് താന്‍ പോകാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാത്തിരിക്കുകയായിരുന്നു. പോയി നിമിഷങ്ങള്‍ക്കകം ചാണകവെള്ളം തളിച്ചത് ഇതിന്റെ തെളിവാണ്. ബോധപൂര്‍വം ജാതീയമായി അവഹേളിക്കുന്ന നടപടിയാണ് അവരില്‍ നിന്നുണ്ടായതെന്ന് വ്യക്തമാണ്. താന്‍ പട്ടികജാതിക്കാരിയാണെന്ന് അവര്‍ക്ക് അറിയാത്തതല്ലല്ലോയെന്നും എംഎല്‍എ ചോദിക്കുന്നു. തനിക്ക് പാര്‍ട്ടിയുടെയും മുന്നണിയുടെയും പിന്തുണയുണ്ട്. കുറ്റക്കാര്‍ക്കാര്‍ക്കെതിരെ നിയമനടപടിയുമായി ഏതറ്റം വരെയും പോകും. ആവശ്യമെങ്കില്‍ സുപ്രീം കോടതിയെയും സമീപിക്കും. അത്യന്തം ജനാധിപത്യ വിരുദ്ധമായ സമരമാര്‍ഗമാണ് യൂത്ത് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും ഗീതാ ഗോപി വ്യക്തമാക്കി.

ചേര്‍പ്പ് മുതല്‍ തൃപ്രയാര്‍ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് എംഎല്‍എ പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റതില്‍ ഗീത ഗോപി എംഎല്‍എയെ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞതിന് പിന്നാലെയാണ് സിവില്‍ സ്റ്റേഷനിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസിലെത്തി പ്രതിഷേധിച്ചത്. ഒടുവില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പാറപ്പൊടിയിറക്കി കുഴി മൂടിയതോടെയാണ് എംഎല്‍എ സമരം അവസാനിപ്പിച്ചത്. ഇവര്‍ പോയ ഉടന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി ഇവിടെ ചാണകവെള്ളം തളിക്കുകയായിരുന്നു. എംഎല്‍എയുടെ സമരം പ്രഹസനമാണെന്ന് ആരോപിച്ചായിരുന്നു നടപടി. ഇതിനെതിരെയാണ് സിപിഐ എംഎല്‍എ കൂടിയായ ഗീതാഗോപിയുടെ പരാതി.

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

SCROLL FOR NEXT