News n Views

ലൊക്കേഷനുകളില്‍ മയക്കുമരുന്ന് പരിശോധന തുടങ്ങി; ഒരു മേഖലയേയും മാറ്റിനിര്‍ത്തില്ലെന്ന് എക്‌സൈസ്

THE CUE

ഷൂട്ടിങ്ങ് ലൊക്കേഷനുകളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ സെറ്റുകളില്‍ എക്‌സൈസ് പരിശോധന. ചില ലൊക്കേഷനുകളില്‍ ഇന്നലെ പരിശോധന നടത്തിയെന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയേല്‍ പറഞ്ഞു. സൂചനകളുണ്ടായിരുന്നെങ്കിലും പരിശോധനയില്‍ കാര്യമായൊന്നും കിട്ടിയില്ല. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഏതൊക്കെ ചിത്രങ്ങളുടെ സെറ്റുകളിലാണ് പരിശോധന നടത്തിയതെന്ന ചോദ്യത്തിന് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. തിരുവനന്തപുരത്തെ ഒരു സിനിമാ സെറ്റില്‍ എക്‌സൈസ് റെയ്ഡ് നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഒരു മേഖലയേയും മാറ്റിനിര്‍ത്തുന്നില്ല. നിരോധിത മയക്കുമരുന്ന് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുന്നതിനുള്ള അധികാരം പൊലീസിനും എക്‌സൈസിനുമുണ്ട്.
സാം ക്രിസ്റ്റി ഡാനിയേല്‍

മയക്കുമരുന്ന് പിടിക്കുന്നതിന് യാതൊരു നിയന്ത്രണവും എക്‌സൈസിനോ പൊലീസിനോ ഇല്ല. മയക്കുമരുന്ന് കൈവശം വെയ്ക്കുന്നത് വ്യക്തമാകുന്ന സാഹചര്യങ്ങളില്‍ നടപടികള്‍ എടുക്കുന്നുണ്ട്. നിര്‍മ്മാതാക്കള്‍ വഴി മാത്രമല്ല വിവരങ്ങള്‍ ലഭിക്കുന്നത്. പത്രത്തിലൂടേയും നേരിട്ടും കത്ത് വഴിയും രഹസ്യമായുമെല്ലാം ലഭിക്കുന്ന എല്ലാ വിവരങ്ങളും പരിശോധിക്കുന്നുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന ചലച്ചിത്ര നിര്‍മ്മാതാക്കളുടെ പരാമര്‍ശം വിവാദമായിരുന്നു. പൊലീസ് സാധാരണക്കാരെ മാത്രം പിടിക്കുകയാണെന്നും സെലിബ്രിറ്റികളെ നിയമപരിശോധനയില്‍ നിന്ന് ഒഴിവാക്കുകയാണെന്നും കെഎഫ്പിഎ പരാതിപ്പെട്ടു. ലൊക്കേഷനുകളില്‍ ലഹരിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വളരെ കൂടി വരുകയാണ്. നിര്‍മ്മാതാക്കളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ചിലര്‍ കാരവാനില്‍ നിന്ന് പുറത്തിറങ്ങില്ല. പലരും കൃത്യസമയത്ത് ലൊക്കേഷനില്‍ എത്തുന്നില്ല. പരാതി പറഞ്ഞാല്‍ ഗൗനിക്കില്ല. ഇവര്‍ ആരും സുബോധത്തോടെയല്ല പെരുമാറുന്നത്. ഇന്‍ഡസ്ട്രിയില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പരിശോധന നടത്തുകയാണെങ്കില്‍ നിര്‍മ്മാതാക്കളുടെ സംഘടനയുടെ പൂര്‍ണ സഹകരണവും പിന്തുണയുമുണ്ടാകുമെന്നും കെഎഫ്പിഎ വാര്‍ത്താ സമ്മേളനത്തില്‍ പറയുകയുണ്ടായി. നിര്‍മ്മാതാക്കളുടെ വെളിപ്പെടുത്തല്‍ സര്‍ക്കാര്‍ അതീവഗൗരവമായെടുക്കുമെന്ന് സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT