Education

എന്‍ടിഎ ഡയറക്ടര്‍ ജനറലിനെ നീക്കി; ഞായറാഴ്ച നടത്താനിരുന്ന നീറ്റ് പിജി പരീക്ഷയും മാറ്റി

പരീക്ഷകളില്‍ വ്യാപകമായി ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാണക്കേടിലായ കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ നടപടിയെടുക്കുന്നു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ സുബോധ് കുമാര്‍ സിങ്ങിനെ തല്‍സ്ഥാനത്തു നിന്ന് നീക്കി. ഞായറാഴ്ച നടത്താനിരുന്ന നീറ്റ് പിജി പരീക്ഷയും മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. നീറ്റ് യുജി പരീക്ഷയിലും യുജിസി-നെറ്റ്, സിഎസ്‌ഐആര്‍-നെറ്റ് പരീക്ഷയിലും ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടാകുകയും നെറ്റ് പരീക്ഷകള്‍ റദ്ദാക്കുകയും മാറ്റിവെക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് നീറ്റ് പിജി പരീക്ഷയും മാറ്റിയത്.

പരീക്ഷാ ക്രമക്കേടില്‍ പ്രതിപക്ഷവും വിദ്യാര്‍ത്ഥി സംഘടനകളും വന്‍തോതിലുള്ള പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതോടെ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഏജന്‍സിയാണ് സ്ഥിരീകരിച്ചത്. നാലു പരീക്ഷകള്‍ വിവാദത്തിലായ സാഹചര്യത്തിലാണ് ഇപ്പോള്‍ നടപടിയെടുക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരായത്.

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ പ്രദീപ് സിങ് കരോളെയ്ക്കാണ് എന്‍ടിഎ ഡയറക്ടര്‍ ജനറലിന്റെ പകരം ചുമതല നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് അദ്ദേഹം. ഇതിനിടെ നെറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ നിന്ന് ഒരാളെ സിബിഐ കസ്റ്റഡിയില്‍ എടുത്തു. ഉത്തര്‍പ്രദേശിലെ കുഷിനഗര്‍ സ്വദേശിയായ നിഖില്‍ എന്നയാളാണ് സിബിഐയുടെ പിടിയിലായിരിക്കുന്നത്.

ഇയാള്‍ ചോദ്യപേപ്പര്‍ ചോര്‍ത്തലില്‍ ഇടനിലക്കാരനായിരുന്നുവെന്നാണ് വിവരം. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യുപി-ബിഹാര്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. യുജിസി-നെറ്റ് പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ ഡാര്‍ക്ക് വെബില്‍ എത്തിയിരുന്നുവെന്നും ടെലിഗ്രാമിലൂടെ വില്‍പന നടന്നുവെന്നുമാണ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ചൊവ്വാഴ്ച നടന്ന നെറ്റ് പരീക്ഷ റദ്ദാക്കിയത്.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT