കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ ലോകപ്രശസ്തരായ ഗായകരുടെ സംഗീത പരിപാടികളും. ഫെസ്റ്റിവല്‍ ഓഫ് മ്യൂസിക് എന്ന പേരില്‍ ലൈവ് മ്യൂസിക്കല്‍ പരിപാടികളാണ് ഒരുങ്ങുന്നത്. ലോകപ്രശസ്തരായ ഗായകര്‍ മുതല്‍ അന്താരാഷ്ട്ര ഡിജെ താരങ്ങള്‍ വരെ ഫെസ്റ്റിവല്‍ ഓഫ് മ്യൂസിക്കില്‍ അണിനിരക്കും. നികിത ഗാന്ധി, അറിവ്, യോഗി ശേഖര്‍, വൈല്‍ഡ് വൈല്‍ഡ് വുമണ്‍, റിഷ് എന്‍കെ, സെബ റ്റോമി, സഫ്വാന്‍, ജോനിറ്റ, റോബര്‍ട്ട് ഫാല്‍ക്കണ്‍, നീന സ്യുര്‍ട്ടെ, ഡിജെ ഒളി എസ് തുടങ്ങി സംഗീത ലോകത്തെ പ്രഗത്ഭരായ ഒട്ടനവധി താരങ്ങള്‍ വേദിയിലെത്തും.
സംഗീതവും വെളിച്ചവും വിസ്മയങ്ങള്‍ തീര്‍ക്കുന്ന വലിയൊരു മ്യൂസിക്കല്‍ കോണ്‍സേര്‍ട്ടാണ് ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്നത്. വൈവിധ്യമാര്‍ന്ന സംഗീത ശൈലികളുടെ ഈ സംഗമം സമ്മിറ്റിന്റെ മുഖ്യ ആകര്‍ഷണമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജനുവരി 29 മുതല്‍ ജെയിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വൈകുന്നേരങ്ങളിലായിരിക്കും സംഗീത പരിപാടികള്‍ നടക്കുക. ആഗോളതലത്തിലെ പുതിയ മാറ്റങ്ങളെയും നവ ആശയങ്ങളെയും കേരളത്തെ പരിചയപ്പെടുത്തുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പാണ് കൊച്ചിയില്‍ നടക്കുന്നത്. ജനുവരി 28 ബുധനാഴ്ച ഉച്ചകോടിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും.
കിന്‍ഫ്ര കണ്‍വന്‍ഷന്‍ സെന്ററിലാണ് സമ്മിറ്റിന്റെ രണ്ട് പ്രധാന വേദികള്‍. ഐക്യരാഷ്ട്രസഭയുടെ 'പാക്ട് ഫോര്‍ ദ ഫ്യൂച്ചര്‍' എന്ന ആശയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ഈ സംഗമത്തില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സംരംഭകത്വം, എര്‍ത്ത്, പരിസ്ഥിതി, ഭക്ഷണം, സംസ്‌കാരം എന്നിങ്ങനെ ഏഴ് വ്യത്യസ്ത മേഖലകളിലായി നാനൂറിലധികം അന്താരാഷ്ട്ര വിദഗ്ദ്ധര്‍ സംവദിക്കും. പ്രമുഖ ചിന്തകര്‍ക്കും നയരൂപകര്‍ത്താക്കള്‍ക്കും ഒപ്പം സാധാരണക്കാരുടെ ശബ്ദത്തിനും ഇത്തവണ വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്.
നാനൂറിലധികം വിദഗ്ദ്ധര്‍, ഇരുന്നൂറിലധികം സെഷനുകള്‍, അമ്പതിലധികം മാസ്റ്റര്‍ ക്ലാസുകളും വര്‍ക്ഷോപ്പുകളും ഉച്ചകോടിയുടെ ഭാഗമായി നടക്കും. പുതിയ തലമുറയുടെ മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന 'ജെന്‍ സി ലിംഗോ ലാബ്', ബന്ധങ്ങളെക്കുറിച്ചുള്ള 'അരികെ' തുടങ്ങിയ സെഷനുകള്‍ ഇത്തവണത്തെ പ്രത്യേകതകളാണ്. കൂടാതെ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി പീപ്പിള്‍സ് സ്റ്റേജ് എന്നൊരു ആശയവും ഇത്തവണ നടപ്പിലാക്കുന്നുണ്ട്.
വിജ്ഞാനത്തിനൊപ്പം വിനോദത്തിനും പ്രധാന്യം നല്‍കുന്ന സമ്മിറ്റില്‍ കൊച്ചി ആദ്യമായി സാക്ഷ്യം വഹിക്കുന്ന തുടര്‍ച്ചയായ നാലു ദിവസത്തെ ഡ്രോണ്‍ ഷോ പ്രധാന ആകര്‍ഷണമായിരിക്കും. ലോകോത്തര വാഹന ബ്രാന്‍ഡുകള്‍ അണിനിരക്കുന്ന ഫെസ്റ്റിവല്‍ ഓഫ് സ്പീഡ് എന്ന ഓട്ടോ എക്‌സ്‌പോ, നൂതന റോബോട്ടിക്‌സ് സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്ന റോബോവേഴ്‌സ്, ഇ-സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ അരങ്ങേറുന്ന ഗെയിം വേഴ്‌സ് എന്നിവ സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവം നല്‍കും. കൂടാതെ കേരളത്തിലെ ഉത്സവപ്പറമ്പുകളുടെ പ്രതീതി നല്‍കുന്ന ഫെസ്റ്റിവല്‍ വില്ലേജ്, ഫ്‌ളീ മാര്‍ക്കറ്റുകള്‍, ഡിസൈന്‍ ഫെസ്റ്റിവല്‍, ഫാഷന്‍ ഷോ എന്നിവയും സജ്ജമാണ്.