സംവരണത്തെ പരിഹസിച്ചും ഉദ്യോഗസ്ഥനെ ജാതീയമായി അധിക്ഷേപിച്ചുമുള്ള പട്ന ഹൈക്കോടതി ജഡ്ജിയുടെ പരാമർശം വിവാദത്തിൽ.
ജസ്റ്റിസ് സന്ദീപ് കുമാറിന്റെ ബെഞ്ച് ആണ് വിവാദ പരാമർശം നടത്തിയതെന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു. നവംബർ 23 നാണ് വിവാദത്തിന് ആ ധാരമായ സംഭവം. 23ലെ കോടതി നടപടികളുടെ തത്സമയ സ്ട്രീമിൽ നിന്നുള്ള ഒരു വീഡിയോ ഭാഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ബീഹാർ സർക്കാരിന്റെ ജില്ലാ ലാൻഡ് അക്വിസിഷൻ ഓഫീസർ അരവിന്ദ് കുമാർ ഭാരതിയുടെ കേസുമായി ബന്ധപ്പെട്ടതാണ് വീഡിയോ. സ്വത്ത് വിഭജന കേസ് നിലനിൽക്കെ എങ്ങനെയാണ് ഭൂമി ഏറ്റെടുത്തതിനുള്ള നഷ്ടപരിഹാരം ഒരു കക്ഷിക്ക് നൽകിയതെന്ന് വിശദീകരിക്കുന്നതിനായി ഹാജരാകാൻ കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. വിജിലൻസ് കേസിൽ ഉദ്യോഗസ്ഥൻ നേരത്തെ സസ്‌പെൻഷൻ നേരിട്ടിട്ടുണ്ടെന്നും കോടതിയെ അറിയിച്ചിരുന്നു.
കക്ഷികൾക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ സമയം അനുവദിക്കുന്നതിനായി കേസ് മാറ്റിവച്ച ശേഷം ജസ്റ്റിസ് കുമാർ ഉദ്യോഗസ്ഥനോട് ഹിന്ദിയിൽ ചോദിച്ചു, ‘ഭാരതി ജി, റിസർവ്വേഷൻ പർ ആയേ ഥ നൗക്രി മേ ക്യാ? (ഭാരതിജി, നിങ്ങൾക്ക് സംവരണം വഴിയാണോ ജോലി ലഭിച്ചത്?)’
ഉദ്യോഗസ്ഥൻ അനുകൂലമായി മറുപടി നൽകി. ഉദ്യോഗസ്ഥൻ കോടതി മുറി വിട്ട ശേഷം കോടതി മുറിയിലുണ്ടായിരുന്ന ചില അഭിഭാഷകർ ചിരിക്കാൻ തുടങ്ങി. ‘അബ് തോ ഹുസൂർ സമാജ്ഹിയേഗാ ബാത് (ഇപ്പോൾ അങ്ങേക്ക് കാര്യം മനസ്സിലായിട്ടുണ്ടാകും),” ഒരു അഭിഭാഷകൻ അഭിപ്രായപ്പെട്ടു.
പാറ്റ്ന കോടതിയുടെ ലൈവ് സ്ട്രീം വീഡിയോ കാണാം. 1:55:00 നാണ് വിവാദ പരാമർശം.
‘ദോ നൗക്രി കി ബരാബാർ തോ ഹോഗിയ ഹോഗ (അവൻ രണ്ട് ജോലികൾക്കുള്ള സമ്പത്ത് ഉണ്ടാക്കിയിരിക്കണം)’ മറ്റൊരു അഭിഭാഷകൻ അഭിപ്രായപ്പെട്ടു.
അപ്പോൾ ജഡ്ജി കൈകൂപ്പി പറഞ്ഞു, അവൻ സമ്പാദിച്ചതെല്ലാം അവൻ ഇതിനോടകം തീർത്തിട്ടുണ്ടാകും. ജഡ്ജിയുടെ പരാമർശം കേട്ട് പല അഭിഭാഷകരും ചിരിച്ചു. ലൈവ് സ്ട്രീമിംഗിന്റെ വീഡിയോ വൈറലായതോടെ ജഡ്ജിയുടെ ജാതി അധിക്ഷേപത്തിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.