കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടിയതിന് പിന്നാലെ, ഇളവുകളില്‍ കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ മൂന്നിലൊന്ന് ജീവനക്കാര്‍ മാത്രമേ ഇവിടെ ജോലി ചെയ്യാന്‍ പാടുള്ളൂ. മാത്രമല്ല ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ മുകളിലോട്ടുള്ള എല്ലാ സെക്രട്ടറിമാരും ജോലിക്ക് എത്തുകയും വേണമെന്ന് ആഭ്യന്തര മന്ത്രായം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസിന് 33 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് തുറന്ന് പ്രവര്‍ത്തിക്കാം. ബാക്കിയുള്ളവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കണം.
ഗ്രീന്‍ സോണുകളില്‍ വന്‍ ഇളവുകളാണ് അനുവദിച്ചിരിക്കുന്നത്. പൊതുവായ നിയന്ത്രണങ്ങള്‍ ഒഴികെയുള്ളവയ്ക്ക് ഇളവ് അനുവദിക്കും. ബസ്, ടാക്‌സി സര്‍വീസുകള്‍ ഭാഗീകമായി അനുവദിച്ചു. 50% യാത്രക്കാരുമായി ജില്ലകള്‍ക്കകത്ത് ബസ് സര്‍വീസ് നടത്താം. ബസ് ഡിപ്പോകളും അമ്പത് ശതമാനം ജീവനക്കാരുമായേ പ്രവര്‍ത്തിക്കാവൂ. റീട്ടെയ്ല്‍ മദ്യഷോപ്പുകള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. ഒരേ സമയം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കടകളില്‍ ഉണ്ടാകാന്‍ പാടില്ല. ആറടി ദൂരത്തില്‍ ക്യൂ പാലിക്കണം.
ഗ്രീന്‍ ഓറഞ്ച് സോണുകളില്‍ ബാര്‍ബര്‍ ഷോപ്പ്, സലൂണുകള്‍, സ്പാ എന്നിവ തുറക്കാം. ഓറഞ്ച് സോണുകളിലും ടാക്‌സികള്‍ക്ക് അനുമതിയുണ്ട്. സ്വകാര്യ, സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം.
റെഡ് സോണുകളില്‍ വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതി. അനുവദിക്കപ്പെട്ട ആവശ്യങ്ങള്‍ക്ക് നാലുചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് യാത്രക്കാര്‍ മാത്രമേ ഉണ്ടാകാന്‍ പൂടുള്ളൂ. ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാരന്‍ ഉണ്ടാകാന്‍ പാടില്ല. നഗരങ്ങളിലെ പ്രത്യേക സാമ്പത്തിക മേഖലകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. തൊഴിലാളികള്‍ ലഭ്യമായ സൈറ്റുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. റെഡ് സോണുകളെ രണ്ടായി തരംതിരിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. രോഗവ്യാപനമില്ലാത്ത മേഖലകളെ ഓറഞ്ച് സോണുകളായി തിരിക്കാം. ഇങ്ങനെ നിശ്ചയിക്കപ്പെടുന്ന ഓറഞ്ച് സോണുകളില്‍ കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള ഇളവുകള്‍ പ്രാബല്യത്തില്‍ വരും.
ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് വരെ രാജ്യത്ത് വ്യോമ, റെയില്‍, റോഡ് ഗതാഗതത്തിന് നിലവിലുള്ള വിലക്കുകള്‍ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ ശാലകള്‍, ഹോട്ടല്‍, ബാര്‍ എന്നിവയെല്ലാം അടച്ചിടണം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാത്ത യാത്രയ്ക്ക് വൈകിട്ട് 7 മുതല്‍ രാവിലെ 7 വരെയുള്ള നിരോധനം തുടരും.