എറണാകുളത്ത് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കൊവിഡ് രോഗികളെ ചികിത്സിച്ചവരില്‍ രണ്ട് ഡോക്ടര്‍മാരും ഒരു നഴ്‌സും നിരീക്ഷണത്തില്‍. ഇവരുടെ രക്തസാംപിളുകള്‍ ഉടന്‍ പരിശോധനയ്ക്ക് അയയ്ക്കും. ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസ്സുള്ള കുട്ടിയും മാതാപിതാക്കളും ഒരു യുകെ പൗരനുമാണ് കൊവിഡ് 19 ബാധിതരായി ഇവിടെ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവരെ പ്രവേശിപ്പിച്ച പ്രത്യേക വാര്‍ഡിലെ രണ്ട് ഡോക്ടര്‍മാരെയും ഒരു നഴ്‌സിനെയുമാണ് നിരീക്ഷണത്തിലാക്കിയത്.
ഇവര്‍ വീടുകളിലാണ് ക്വാറന്റൈനിലുള്ളത്. രോഗബാധയുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ രക്തപരിശോധനാ ഫലം വരേണ്ടതുണ്ട്. അതേസമയം സ്‌പെയിനില്‍ നിന്നെത്തിയ ഡോക്ടര്‍ ശ്രീചിത്ര മെഡിക്കല്‍ കോളജിലെ രോഗികളെ പരിശോധിക്കുകയും ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരോട് ഇടപഴകുകയും ചെയ്‌തെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആശുപത്രി യോഗങ്ങളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാരും ജീവനക്കാരും അടക്കം മുപ്പതോളം പേരോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു. ഇതോടെ ഇവിടത്തെ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റുകയും ചെയ്തു. നിരീക്ഷണത്തിലായിരിക്കെ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സ തേടിയയാളെ പരിചരിച്ച പശ്ചാത്തലത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.