News n Views

ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ച് തൊഴിലാളികളെ പിരിച്ചുവിട്ട നടപടി : മുത്തൂറ്റ് ഫിനാന്‍സില്‍ വീണ്ടും സമരം പ്രഖ്യാപിച്ച് സിഐടിയു 

THE CUE

ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ച് 166 തൊഴിലാളികളെ പിരിച്ചുവിട്ട് 43 ശാഖകള്‍ അടച്ചുപൂട്ടിയ മുത്തൂറ്റ് മാനേജ്മെന്റ് നടപടിക്കെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ച് സിഐടിയു. ജനുവരി രണ്ട് മുതല്‍ വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എളമരം കരീം വ്യക്തമാക്കി. മുത്തൂറ്റ് ഫിനാന്‍സിന്റെ ഒരു ശാഖയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് സിഐടിയുവിന്റെ സമരപ്രഖ്യാപനം. ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണുണ്ടായതെന്നും സര്‍ക്കാര്‍ അനുമതിയില്ലാതെയാണ് പിരിച്ചുവിട്ടതെന്നും സിഐടിയു നേതൃത്വം വ്യക്തമാക്കുന്നു. ഓഗസ്റ്റ് 20 മുതല്‍ 52 ദിവസം മുത്തൂറ്റ് ശാഖകള്‍ ശക്തമായ പ്രക്ഷോഭത്തിന് വേദിയായിരുന്നു. ഇതേതുടര്‍ന്ന് സമരം അവസാനിപ്പിക്കാനായി നിശ്ചയിച്ച വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തിയാണ് 166 തൊഴിലാളികളെ പിരിച്ചുവിട്ടത്.

ഹൈക്കോടതി നിരീക്ഷകന്റെ നേതൃത്വത്തില്‍ എറണാകളും ഗസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് വേതവര്‍ധനവ് എന്ന ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചത്. കൂടാതെ പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുമെന്നും 41 പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്നും ഉറപ്പുനല്‍കിയിരുന്നു. മുത്തൂറ്റ് ഫിനാന്‍സ്, ജീവനക്കാര്‍, ലേബര്‍ ഡിപ്പാര്‍ട്മെന്റ് എന്നിവര്‍ എല്ലാം ചേര്‍ന്നാണ് ത്രികക്ഷി കരാറില്‍ ഒപ്പിട്ടത്. ഇതോടെ സംഘടന സമരം അവസാനിപ്പിച്ചിരുന്നു ജീവനക്കാരെ കുട്ടികളെ പോലെ കണക്കാക്കണമെന്നും ഇരയാക്കരുതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജീവനക്കാര്‍ പ്രതിഷേധിക്കുന്നുണ്ടെങ്കില്‍ ലേബര്‍ ഡിപ്പാര്‍ട്മെന്റിനെ അറിയിച്ചുകൊണ്ടായിരിക്കണമെന്ന് കോടതി പറഞ്ഞത് തങ്ങള്‍ അനുസരിച്ചതാണെന്ന് സംഘടന വ്യക്തമാക്കുന്നു.എന്നാല്‍ 100 തൊഴിലാളികളില്‍ കൂടുതലുള്ള സ്ഥാപനങ്ങള്‍ പൂട്ടുന്നതിന് മുമ്പ് സര്‍ക്കാരിനെ അറിയിക്കണമെന്ന് നിയമമുണ്ട്. പക്ഷെ മാനേജ്മെന്റ് സര്‍ക്കാരിന് ഇതുവരെ ഒരു അറിയിപ്പും നല്‍കിയിട്ടില്ല.

17 വര്‍ഷം വരെ ജോലി ചെയ്തവരെയാണ് ഒറ്റയടിക്ക് പിരിച്ചുവിടുന്നത്. സ്ത്രീകളാണ് ടെര്‍മിനേറ്റ് ചെയ്യപ്പെടുന്നവരില്‍ ഭൂരിഭാഗവും. 166 പേരുടെ ജോലിയാണ് ഇല്ലാതാക്കിയത്. സംഘടന പൊളിക്കാന്‍ വേണ്ടി ചെയ്ത ചതിയാണിത്. 41 പേരുണ്ടായിരുന്ന സംസ്ഥാന കമ്മിറ്റിയില്‍ 10 പേരൊഴികെ എല്ലാവരേയും ടെര്‍മിനേറ്റ് ചെയ്തിരിക്കുന്നു. നേതാക്കന്‍മാരുടെ ബ്രാഞ്ചുകളാണ് അടച്ചിടുന്നത്. നല്ല ലാഭമുള്ള ബ്രാഞ്ചുകളാണ് പൂട്ടിയിരിക്കുന്നതും. പ്രതികാര നടപടിയല്ലെന്ന് വാദിക്കാനായി യൂണിയനില്‍ ഇല്ലാത്ത 40 പേരേയും ഇരയാക്കിയെന്നും സംഘടന വിശദീകരിക്കുന്നു. ഡിസംബര്‍ 7 നാണ് 166 ജീവനക്കാര്‍ക്ക് മാനേജ്‌മെന്റ് ഇമെയില്‍ മുഖന പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്. പിന്നാലെ ജീവനക്കാര്‍ക്ക് ജോലി ചെയ്ത കാലയളവിലേക്കുള്ള തുക അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വീണ്ടും പ്രക്ഷോഭത്തിന് വഴിതുറന്നത്. 611 ശാഖകളിലും 11 മേഖലാ ഓഫീസുകളിലുമായി 1800 ജീവനക്കാരാണ് മുത്തൂറ്റില്‍ തൊഴിലെടുക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT