News n Views

FactCheck:മോദിയെ ലോകത്തെ ഏറ്റവും ശക്തനാക്കിയ ‘ബ്രിട്ടീഷ് ഹെരാള്‍ഡ്’ കൊച്ചി സ്വദേശിയുടേത്,മുന്‍നിര ബ്രിട്ടീഷ് മാധ്യമമെന്നത് വ്യാജപ്രചരണം

THE CUE

വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകത്തിലെ ഏറ്റവും ശക്തനായ നേതാവായി 'ബ്രിട്ടീഷ് ഹെരാള്‍ഡ്' തെരഞ്ഞെടുത്തത് ബിജെപി നേതാക്കളും അണികളും ദേശീയ തലത്തില്‍ ആഘോഷിച്ചിരുന്നു. മോദി ശക്തനായ ലോകനേതാവെന്ന വോട്ടെടുപ്പ് ഫലം കേന്ദ്രമന്ത്രിമാരുടേയും നേതാക്കളുടേയും ട്വിറ്റര്‍, ഫേസ്ബുക്ക് പേജുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. റിപ്പബ്ലിക്, ആജ്തക് സീ ന്യൂസ്, ടൈംസ് നൗ തുടങ്ങിയ ദേശീയ ചാനലുകളും മലയാള മനോരമ, ഏഷ്യാനെറ്റ് തുടങ്ങിയവരും പ്രാധാന്യത്തോടെ ഈ വാര്‍ത്ത നല്‍കിയിരുന്നു. ദേശീയ മാധ്യമങ്ങള്‍ ആഘോഷിച്ചെങ്കിലും അന്താരാഷ്ട്ര മാധ്യമങ്ങളിലൊന്നും ഈ വാര്‍ത്ത ഇടം നേടിയില്ല. പ്രധാന ഫാക്ട് ചെക്ക് വെബ് സൈറ്റ് ആയ ആള്‍ട്ട് ന്യൂസ് ബ്രിട്ടീഷ് ഹെറാര്‍ഡിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. പ്രമുഖ അന്താരാഷ്ട്ര മാധ്യമമെന്നും മുന്‍നിര ബ്രിട്ടീഷ് പ്രസിദ്ധീകരണമെന്നും മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ബ്രിട്ടീഷ് ഹെറാള്‍ഡ് കൊച്ചി സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ്. ബ്രിട്ടീഷ് ഹെറാള്‍ഡ് കൂടാതെ കൊച്ചി ഹെറാള്‍ഡ് എന്ന പ്രസിദ്ധീകരണവും ഇദ്ദേഹത്തിനുണ്ട്.

ആരുടെ ഉടമസ്ഥതയിലുള്ളതാണ് ബ്രിട്ടീഷ് ഹെരാള്‍ഡ്?.

യുകെയില്‍ രജിസ്റ്റര്‍ ചെയ്ത ഹെരാള്‍ഡ് മീഡിയ നെറ്റ് വര്‍ക്ക് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ബ്രിട്ടീഷ് ഹെരാള്‍ഡ്. കൊച്ചിന്‍ ഹെരാള്‍ഡിന്റെ എഡിറ്റര്‍ ഇന്‍ ചീഫായ മലയാളി അന്‍സിഫ് അഷ്റഫാണ് ബ്രിട്ടീഷ് ഹെരാള്‍ഡിന്റെ 85% ഓഹരികളുടേയും ഉടമസ്ഥന്‍. ചുരുക്കി പറഞ്ഞാല്‍ യുകെയില്‍ രജിസ്റ്റര്‍ ചെയ്ത ബ്രിട്ടീഷ് ഹെരാള്‍ഡ് കൊച്ചിക്കാരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്.

ബിജെപിയും മാധ്യമങ്ങളും പറയുന്നത് പോലെ മുന്‍നിര ബ്രീട്ടീഷ് മാഗസീനാണോ ബ്രിട്ടീഷ് ഹെരാള്‍ഡ്?.

  • ഗ്ലോബല്‍ അലക്സാ റാങ്കിംഗ് പ്രകാരം വെബ് ട്രാഫിക് റാങ്കിങില്‍ 28,518 ആണ് ബ്രിട്ടീഷ് ഹെരാള്‍ഡിന്റെ സ്ഥാനം. മൂന്ന് മാസം മുമ്പ് ഇത് 95,879 ആയിരുന്നു. ഇനി അലക്സാ റാങ്കിങ് താരതമ്യത്തിനായി രണ്ട് ഇന്ത്യന്‍ മാധ്യമങ്ങളുടെ ആഗോള റാങ്കിംഗ് കൂടി നോക്കാം. ഇന്ത്യാ ടൈംസിന്റെ അലെക്സാ റാങ്കിംഗ് 190 ആണ്, എന്‍ഡിടിവിയുടേത് 395ഉം. ഈ മാധ്യമങ്ങളും ബ്രിട്ടീഷ് ഹെരാള്‍ഡും തമ്മിലുള്ള അന്തരം വ്യക്തമാക്കാന്‍ ഇത് തന്നെ ധാരാളം.
  • ബ്രിട്ടീഷ് ഹെരാള്‍ഡ് എന്ന പേര് തന്നെയാണ് ആ വെബ്സൈറ്റിന്റെ രാജ്യാന്തര തലത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാത്ത പോള്‍ വിജയത്തെ ബിജെപി നേതാക്കള്‍ ആഘോഷിക്കാന്‍ കാരണം. ബ്രിട്ടീഷ് ഹെരാള്‍ഡിന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ ഫോളോവേഴ്സ് വെറും 4000 ആണ്. മുന്‍നിര ബ്രിട്ടീഷ് മാധ്യമങ്ങളായ ബിബിസിയുടേയും ഗാര്‍ഡിയന്റേയുമെല്ലാം ട്വിറ്റര്‍ ഫോളേവോഴ്സ് ദശലക്ഷങ്ങള്‍ക്ക് മുകളിലാണ്.
  • ബ്രിട്ടീഷ് ഹെരാള്‍ഡിന്റെ ഫേസ്ബുക്ക് ഫോളോവേഴ്സിന്റെ എണ്ണം 57,000 ആണ്.
  • എല്ലാ മുന്‍നിര മാധ്യമങ്ങള്‍ക്കും വിക്കീപീഡിയ പേജ് ഉണ്ടെന്നിരിക്കെ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കും വരെ ബ്രിട്ടീഷ് ഹെരാള്‍ഡിന് സ്വന്തമായി ഒരു വിക്കീപീഡിയ പേജ് പോലും ഇല്ലെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്താരാഷ്ട്ര മാധ്യമങ്ങളടക്കം ബ്രിട്ടീഷ് ഹെരാള്‍ഡിന്റെ ലോക നേതാക്കളുടെ പോളും പ്രധാനമന്ത്രിയുടെ വിജയവും കാണാതിരുന്നത് ഇതുകൊണ്ടൊക്കെയാണ്. പ്രമുഖ ബ്രിട്ടീഷ് മാധ്യമമെന്ന് ആദ്യം വാര്‍ത്ത നല്‍കിയ മലയാള മനോരമ പിന്നീട് മലയാളി സംരംഭമെന്ന് മാറ്റി വാര്‍ത്ത കൊടക്കുകയും ചെയ്തിട്ടുണ്ട്

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

SCROLL FOR NEXT