Around us

ഇ.പി ജയരാജനും പി.കെ ബഷീറിനും മറുപടി നല്‍കി; മുഖ്യമന്ത്രിക്കെതിരെ കെ.കെ രമയുടെ അവകാശ ലംഘന നോട്ടീസ് എന്തിന്?

മുഖ്യന്ത്രി പിണറായി വിജയനെതിരെ വടകര എം.എല്‍.എ കെ.കെ രമ അവകാശ ലംഘന നോട്ടീസ് നല്‍കിയിരിക്കുകയാണ്. നിയമസഭയില്‍ യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ലെന്ന് കാണിച്ചാണ് കെ.കെ രമ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയത്. യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് കെ.കെ രമ ഉന്നയിച്ച വസ്തുതാപരമായ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി മറുപടി നിഷേധിച്ചത്.

എന്തായിരുന്നു കെ.കെ രമയുടെ ചോദ്യങ്ങള്‍

കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ എത്ര പേര്‍ക്കെതിരെയാണ് യു.എ.പി.എ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുള്ളത്, ഇവരുടെ പേര് വിവരങ്ങള്‍, ചുമത്തപ്പെട്ട കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങള്‍, സംസ്ഥാനത്ത് നിലവില്‍ യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് വിചാരണ തടവുകാരായി കഴിയുന്നവരുടെ എണ്ണം, ഇവരുടെ പേരില്‍ ചുമത്തപ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍, ഇവര്‍ ഓരോരുത്തരും ഇതിനോടകം അനുഭവിച്ച ജയില്‍വാസത്തിന്റെ കാലാവധി, തുടങ്ങിയവയുടെ വിശദാംശങ്ങളാണ് കെ.കെ രമ ആരാഞ്ഞത്.

എന്തുകൊണ്ട് മറുപടി നിഷേധിച്ചു

ദേശസുരക്ഷയുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഉള്‍പ്പെടുന്നതും കോടതികളുടെ പരിഗണനയില്‍ ഇരിക്കുന്നതുമായ പ്രതികളുടെ വിവരങ്ങള്‍ നല്‍കുവാന്‍ കഴിയില്ലെന്ന മറുപടിയാണ് സര്‍ക്കാരില്‍ നിന്ന് ലഭിച്ചത്.ഒക്ടോബര്‍ 27നാണ് മറുപടി നല്‍കിയത്. യു.എ.പി.എ ചുമത്തപ്പെട്ട കേസുകളില്‍ ശിക്ഷ വിധിക്കപ്പെട്ടതും യു.എ.പി.എ പിന്‍വലിക്കപ്പെട്ടതുമായ കേസുകളുടെ വിശദാംശങ്ങള്‍ മാത്രമാണ് കെ.കെ രമയ്ക്ക് നല്‍കിയത്.

യു.എ.പി.എ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുമ്പ് നല്‍കിയിരുന്നോ?

പതിനാലാം കേരള നിയമസഭയില്‍ 2017 മെയ് പത്തിന് 2011 ജൂണ്‍ മാസം മുതല്‍ 2016 മേയ് മാസം വരെ കേരളത്തില്‍ യു.എ.പി.എ നിയമപ്രകാരം എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ എന്ന ഇ.പി ജയരാജന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൃത്യമായ മറുപടി നല്‍കിയിരുന്നു. ഇ.പി ജയരാജനും നക്ഷത്ര ചിഹ്നമിടാത്ത ചോദ്യമാണ് ഉന്നയിച്ചത്.

പതിനാലം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തില്‍ പി.കെ ബഷീര്‍ എത്രപേര്‍ക്കെതിരെ യു.എ.എ.പി കേസ് ചുമത്തിയിട്ടുണ്ട്, ആര്‍ക്കെല്ലാമെതിരെ, കാരണമെന്ത്? എന്നാരാഞ്ഞ ചോദ്യത്തിനും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിട്ടുണ്ട്. യു.എ.പി.എ കേസുകള്‍ പുനഃപരിശോധന നടത്തിയിട്ടുണ്ടോ, എങ്കില്‍ എത്ര കേസുകളില്‍ നിന്നും യു.എ.പി.എ ഒഴിവാക്കിയിട്ടുണ്ട്, വിശദാംശം വെളിപ്പെടുത്തുമോ എന്ന പി.കെ ബഷീറിന്റെ ചോദ്യത്തിനും മറുപടി ലഭിച്ചിരുന്നു. യു.എ.പി.എ കേസുമായി ബന്ധപ്പെട്ട വസ്തുതാപരമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കുമ്പോള്‍ സഭയുടെ അവകാശത്തെ കൂടിയാണ് ചോദ്യം ചെയ്യുന്നതെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ പ്രമോദ് പുഴങ്കര പറയുന്നു.

മറുപടി നിഷേധിക്കാന്‍ നിയമപരമായ കാരണങ്ങളുണ്ടോ

യു.എ.പി.എ കേസിലെ ചാര്‍ജ് ഷീറ്റുകള്‍ രഹസ്യ രേഖകളല്ല. അത് വാദിക്കും പ്രതിക്കും പൊതുജനത്തിനുമെല്ലാം കയ്യില്‍ കിട്ടുന്ന രേഖയാണ്. ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍, കുട്ടികളുമായി ബന്ധപ്പെട്ടത് തുടങ്ങിയ കേസുകളില്‍ വിക്ടിമിന്റെ സ്വകാര്യത പ്രാധാന്യമുള്ളതാണ്. അത്തരം കേസുകല്‍ ഇന്‍ ക്യാമറ പ്രൊസീഡിങ്ങ്സ് നടത്തും. അവിടെ കൃത്യമായി പേരുവിവരങ്ങള്‍ ലഭിക്കില്ല.

യു.എ.പി.എ കേസ് അങ്ങനെയുള്ളതല്ല. രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങളും വിവരങ്ങളും പോലും ലഭിക്കുന്നുണ്ട്. നാട്ടില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നറിയാന്‍ ജനപ്രതിനിധിക്ക് അവകാശമില്ലെങ്കില്‍ ജനങ്ങള്‍ എങ്ങനെ അറിയും.

ജനപ്രതിനിധി നിയമസഭയിലാണ് ചോദിക്കുന്നത്. അതിന് മറുപടി നല്‍കാതിരിക്കുമ്പോള്‍ സഭയുടെ അവകാശത്തെ കൂടിയാണ് അവിടെ ചോദ്യം ചെയ്യപ്പെടുന്നത്. നിയമസഭയുടെ അവകാശം കൂടിയാണ് അതറിയുക എന്നത്, അഭിഭാഷകന്‍ പ്രമോദ് പുഴങ്കര പറയുന്നു.

കൊച്ചു സിനിമയുടെ വലിയ വിജയം'; പ്രദർശനം തുടർന്ന് 'തീയേറ്റർ'

സ്ത്രീ കഥാപാത്രങ്ങളെ എഴുതുന്നതിന് പ്രചോദനം എന്റെ ചേച്ചിമാർ: മാരി സെൽവരാജ്

Its not just an Announcement - Its a Statement; ക്യൂബ്സ് എന്റർടെയ്ൻമെന്റസിനൊപ്പം മമ്മൂട്ടി

തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലുണ്ടായത് വലിയ കുറ്റകൃത്യം, ഒറ്റപ്പെട്ട വിഷയമല്ല; എം.ഗീതാനന്ദന്‍ അഭിമുഖം

'ആശാനി'ലെ ആശാനായി ഇന്ദ്രൻസ്; സിനിമയുടെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

SCROLL FOR NEXT