പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിലൂടെ വീണ്ടും ചര്‍ച്ചകളില്‍ എത്തിയിരിക്കുകയാണ് ഡിജിറ്റല്‍ അറസ്റ്റ് എന്ന പ്രയോഗം. സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമായ ഇക്കാലത്ത് തട്ടിപ്പുകാര്‍ ഇരകളെ കുടുക്കാനായി ഉപയോഗിക്കുന്ന രീതിയാണ് ഇത്. സാമ്പത്തിക കാര്യങ്ങളില്‍ കാര്യമായ അവഗാഹമില്ലാത്ത പലരെയും കബളിപ്പിക്കാനും അവരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കാനും തട്ടിപ്പുകാര്‍ ഈ രീതി പ്രയോഗിച്ചു വരുന്നു. ഡിജിറ്റല്‍ അറസ്റ്റ് എന്നൊന്ന് ഇല്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. നമ്മുടെ നിയമത്തില്‍ അങ്ങനെയൊരു സംവിധാനം ഇല്ലെന്നും നരേന്ദ്ര മോദി തന്റെ മന്‍ കീ ബാത്ത് പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തില്‍ പ്രമുഖരായ പലരുമടക്കം ഈ തട്ടിപ്പിന് ഇരയായിട്ടുണ്ട്. മുന്‍ ബിഷപ്പ് മാര്‍ കൂറിലോസ്, സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ് തുടങ്ങിയവര്‍ ഈ തട്ടിപ്പില്‍ പെട്ടു. സിബിഐ, ഇഡി, ഇന്‍കംടാക്‌സ് വിഭാഗം, കോടതികള്‍ എന്നിവയില്‍ നിന്ന് വിളിക്കുന്നു എന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ സമീപിക്കുക. കോള്‍ കട്ട് ചെയ്യരുതെന്നും നിങ്ങള്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്നും തട്ടിപ്പുകാര്‍ പറയും. ഇരകളെ ഇങ്ങനെ കബളിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് ഈ തട്ടിപ്പില്‍ 15 ലക്ഷം രൂപയാണ് നഷ്ടമായത്. രണ്ട് ദിവസം തട്ടിപ്പു സംഘം അദ്ദേഹത്തെ ഡിജിറ്റല്‍ അറസ്റ്റിലാക്കി. ബിഷപ്പിന് റിട്ടയര്‍മെന്റ് ആനുകൂല്യമായി ലഭിച്ച പണം അടക്കമാണ് നഷ്ടമായത്. സിബിഐയുടെ സൈബര്‍ അന്വേഷണ സംഘമാണെന്ന് പറഞ്ഞാണ് അദ്ദേഹത്തെ തട്ടിപ്പുകാര്‍ വിളിച്ചത്. ജെറ്റ് എയര്‍വേയ്‌സ്-നരേഷ് ഗോയല്‍ കള്ളപ്പണ ഇടപാടില്‍ ബന്ധമുണ്ടെന്നായിരുന്നു ബിഷപ്പിനെ ഇവര്‍ പറഞ്ഞു വിശ്വസിപ്പിച്ചത്. പിന്നീട് ഡിജിറ്റല്‍ കോടതിയില്‍ ഹാജരാക്കുന്നതായി വിശ്വസിപ്പിച്ച് വ്യാജ കോടതിയിലും അദ്ദേഹത്തെ ഹാജരാക്കി. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും നിലവിലുള്ള അക്കൗണ്ടുകളില്‍ നിന്ന് സുപ്രീം കോടതിയുടെ നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ടുകളിലേക്ക് പണം മാറ്റണമെന്നും അവര്‍ നിര്‍ദേശിച്ചു. തന്റ മൂന്ന് അക്കൗണ്ടുകളില്‍ നിന്ന് തട്ടിപ്പുകാര്‍ പറഞ്ഞ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായി മാര്‍ കൂറിലോസ് പിന്നീട് വെളിപ്പെടുത്തി.
ജെറി അമല്‍ദേവ്
സംഗീത സംവിധായകന്‍ ജെറി അമല്‍ദേവിനെയും കബളിപ്പിക്കാന്‍ തട്ടിപ്പു സംഘം ശ്രമിച്ചെങ്കിലും ബാങ്ക് മാനേജരുടെ സമയോചിത ഇടപെടലില്‍ ആ ശ്രമം പൊളിയുകയായിരുന്നു. ഓഗസ്റ്റ് അവസാന ആഴ്ചയിലായിരുന്നു സംഭവം. സിബിഐ ഓഫീസര്‍ വിനോയ് ചൗധരി എന്ന് പരിചയപ്പെടുത്തിയ ആളാണ് ജെറി അമല്‍ ദേവിനെ വിളിച്ചത്. നരേഷ് ഗോയല്‍-ജെറ്റ് എയര്‍വേയ്‌സ് ഇടപാട് തന്നെയായിരുന്നു ഇവിടെയും വിഷയം. അത്തരം ഇടപാടില്‍ ജെറി അമല്‍ദേവിന്റെ അക്കൗണ്ടും ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നും ഒളിപ്പിച്ചു വെച്ച രണ്ടരക്കോടി രൂപ എവിടെയെന്നും തട്ടിപ്പുകാര്‍ ചോദിച്ചു. വിര്‍ച്വല്‍ അറസ്റ്റിലാണ് അദ്ദേഹമെന്നും ഓരോ പത്തു മിനിറ്റിലും ഐ ആം ഹിയര്‍ എന്ന് പറയാനും ആവശ്യപ്പെട്ടു. രണ്ടു മണിക്കൂറിലധികം ഈ ചോദ്യം ചെയ്യല്‍ നീണ്ടു. തുടര്‍ന്ന് കേസില്‍ നിന്ന് ഒഴിവാകണമെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം കൈമാറാന്‍ നിര്‍ദേശിച്ചു.
സെപ്റ്റംബര്‍ നാലാം തിയതി ഫെഡറല്‍ ബാങ്കിന്റെ പച്ചാളം ബ്രാഞ്ചില്‍ ജെറി അമല്‍ ദേവ് എത്തി. ഫോണില്‍ തന്നെ തുടര്‍ന്നുകൊണ്ട് പരിഭ്രാന്തനായി കാണപ്പെട്ട അദ്ദേഹത്തെ ബാങ്ക് മാനേജര്‍ സജിന മോള്‍ ശ്രദ്ധിക്കുകയും അദ്ദേഹം പണം ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും പറ്റില്ലെന്ന് അവര്‍ നിലപാടെടുത്തു. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയും തട്ടിപ്പാണെന്ന് പോലീസ് വ്യക്തമാക്കുകയും ചെയ്തതോടെയാണ് ജെറി അമല്‍ദേവിന് അത് വിശ്വാസമായത്.
ഫോണില്‍ വിളിക്കുന്ന തട്ടിപ്പുകാര്‍ കടുത്ത ഭാഷയിലായിരിക്കും സംസാരിക്കുക. പെരുമാറ്റം കൊണ്ട് ഇരകളെ ഭീതിയിലാക്കുകയും തങ്ങള്‍ കുറ്റകൃത്യത്തില്‍ അറിയാതെ അകപ്പെട്ടു പോയതായി അവരെ വിശ്വസിപ്പിക്കുകയും ചെയ്യുന്നതാണ് തന്ത്രം. ഇതില്‍ വീഴുന്നവരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. ഇന്ത്യന്‍ നിയമങ്ങളില്‍ ഡിജിറ്റല്‍ അറസ്റ്റ്, വിര്‍ച്വല്‍ അറസ്റ്റ് എന്നിവയില്ല എന്നതാണ് പ്രാഥമികമായി അറിയേണ്ടത്. തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ പൊലീസിനെ അറിയിക്കാന്‍ കഴിഞ്ഞാല്‍ പണം ചിലപ്പോള്‍ തിരികെ പിടിക്കാന്‍ സാധിക്കും. തട്ടിയെടുക്കപ്പെടുന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റപ്പെട്ടു കഴിഞ്ഞാല്‍ അത് തിരികെയെടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും.